ടെല്‍അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായതോടെ ജീവന്‍ ഭയന്ന് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രാത്രി മുഴുവന്‍ സ്‌ഫോടന ശബ്ദമാണെന്നും ആക്രമണം തുടങ്ങിയതിന് ശേഷം ഉറങ്ങിയിട്ടില്ലെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു. എത്രയും വേഗം തങ്ങളെ ഒഴിപ്പിക്കാൻ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ബെഹെഷ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കത്തയച്ചു. 350 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ സര്‍വകലാശാലയില്‍ മാത്രം പഠിക്കുന്നത്.
ഇസ്രായേല്‍-ഇറാന്‍ ആക്രമണങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മരണനിരക്കും കുത്തനെ ഉയര്‍ന്നു തുടങ്ങി. ഇസ്രായേല്‍ തിരിച്ചടിയില്‍ ടെഹ്‌റാന്‍ നഗരത്തില് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇതിനോടകം തന്നെ 400ലേറെ ഇറാനുകാര്‍ കൊല്ലപ്പെട്ടു. മറുവശത്ത് ഇസ്രായേല്‍ സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള തിരിച്ചടിയാണ് ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ നേരിടേണ്ടി വന്നത്. 14 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഉന്നമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 14 ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണിത്. ഇറാന്റെ ആണവ പദ്ധതിയില്‍ പ്രവര്‍ത്തിച്ചവരും ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുമായ ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടിക ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിരുന്നു. ഞായറാഴ്ച മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ ആകെ മരണം 14 ആയി. ഇറാനിലെ എണ്ണസംഭരണശാലകള്‍, സൈനിക-ആണവകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ബോംബിട്ടു.
അതേസമയം ഇസ്രയേലില്‍ നിന്ന് 2300 കിലോമീറ്റര്‍ അകലെ ഇറാന്റെ ഇന്ധന ടാങ്കര്‍ വിമാനം ഇസ്രയേല്‍ വ്യോമസേന ആക്രമിച്ച് തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ലക്ഷ്യമാണത്. ഇറാനിലെ മഷാദ് എയര്‍പോര്‍ട്ടിലാണ് ആക്രമണം ഉണ്ടായത്. അതേസമയം, ഇസ്രയേലിന്റെ ഡ്രോണുകളും ക്വാഡ്കോപ്റ്ററുകളും ഇറാന്‍ വെടിവെച്ചിട്ടെന്നും റിപ്പോര്‍ട്ടുണ്ട്. 44 ഇസ്രയേലി ഡ്രോണുകളും ക്വാഡ്കോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു.
അതിനിടെ ടെഹ്‌റാന്റെ വ്യോമാതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്റെ അവകാശവാദത്തോട് ഇറാന്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അമേരിക്ക – ഇറാന്‍ ചര്‍ച്ചകള്‍ അര്‍ത്ഥ ശൂന്യമാണെന്ന് ഇറാനും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. വടക്കന്‍ ഇസ്രായേലിലെ ഹൈഫക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജറൂസലമില്‍ മിസൈല്‍ പതിച്ച് തീപിടിത്തമുണ്ടായി. ഇവിടെ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നേയുള്ളൂ.
ഹൈഫയില്‍ മിസൈലുകള്‍ പതിച്ചതായും സ്ഫോടനങ്ങള്‍ ഉണ്ടായതായും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവിവിന് നേര്‍ക്ക് കൂടുതല്‍ മിസൈല്‍ ആക്രമണം ഉടനുണ്ടാകുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇസ്രായേലും ഇറാനും ഉടന്‍ വെടിനിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി കൂടിക്കാഴ്ചകളും ഫോണ്‍കോളുകളും നടക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും ആക്രമണപ്രത്യാക്രമണങ്ങള്‍ കൊണ്ട് പശ്ചിമേഷ്യ പുകയുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഇസ്രയേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ താമസ സ്ഥലത്തെ ബേസ്‌മെന്റിലാണ് താമസമെന്ന് ബെഹെഷ്ടി സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും ജമ്മു കശ്മീരിലെ ഹന്ദ്‌വാര സ്വദേശിയുമായ ഇംപ്തിസാല്‍ മൊഹ്ദിന്‍ (22) പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി രാത്രികളില്‍ കടുത്ത സ്‌ഫോടന ശബ്ദം കേള്‍ക്കാം. അഞ്ച് കിലോമീറ്റര്‍ അകലെ മാത്രമാണ് ഇതില്‍ പലതും എന്നാണ് മനസിലാക്കുന്നത്. രാത്രികളില്‍ ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും ഇംപ്തിസാല്‍ പറഞ്ഞു. ബോംബാക്രമണ സാധ്യത കണക്കിലെടുത്ത് യൂണിവേഴ്‌സിറ്റി ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ഇംപ്തിസാല്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തങ്ങളെ എത്രയും വേഗം ഒഴിപ്പിക്കാനുള്ള നടപടി ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇംപ്തിസാല്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍ നമ്പര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടുമാത്രമായില്ല. തങ്ങള്‍ക്ക് നാട്ടിലെത്തണമെന്നും വിദ്യാര്‍ത്ഥി പറയുന്നു.
കെര്‍മാന്‍ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടതായി കെര്‍മാന്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും ജമ്മു കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയുമായ ഫൈസാന്‍ നബിയും പറഞ്ഞു. തെഹ്‌റാനെ അപേക്ഷിച്ച് കെര്‍മാന്‍ സുരക്ഷിതമായ മേഖലയാണ്. എന്നാല്‍ വെടിയൊച്ച കേട്ടതോടെ സാഹചര്യം മോശമാണെന്നാണ് കരുതുന്നത്. തെഹ്‌റാനിലെ തന്റെ സുഹൃത്തുക്കള്‍ ഭയന്നിരിക്കുകയാണ്. മൂന്നോ നാലോ ദിവസങ്ങള്‍ മാത്രം കുടിക്കാനുള്ള വെള്ളം മാത്രമാണ് തങ്ങളുടെ കൈവശമുള്ളതെന്നും ഫൈസാന്‍ പറഞ്ഞു. ആക്രമണം രൂക്ഷമായത് വീട്ടുകാരെയും ഭയപ്പെടുത്തിയിരിക്കുകയാണ്. ദിവസവും പത്തോളം ഫോണ്‍ കോളാണ് തനിക്ക് ലഭിക്കുന്നത്. ഇന്റര്‍നെറ്റിന് സ്പീഡ് കുറവായതിനാല്‍ ഒരു മെസേജ് പോലും അയക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഡോക്ടര്‍ ആകാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവിടെ എത്തിയത്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും ഫൈസാന്‍ പറഞ്ഞു.











