ചാരപ്രവര്‍ത്തനം ലക്ഷ്യമിട്ട് ഇന്ത്യന്‍ കരസേനയുടെ 2 പ്രധാന ആപ്പുകളുടെ വ്യാജന്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൈനികരെ തെറ്റിദ്ധരിപ്പിച്ച് ഔദ്യോഗികവും വ്യക്തിപരവുമായ വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം.
കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ സേവാ ആപ് സ്റ്റോറില്‍ നിന്നു മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൈനികര്‍ ശ്രദ്ധിക്കണമെന്നും ബെംഗളൂരു ആസ്ഥാനമായ സൈബര്‍ സുരക്ഷാ ഗവേഷണ സ്ഥാപനമായ ക്ലൗഡ്‌സെക് മുന്നറിയിപ്പ് നല്‍കുന്നു.
അര്‍മാന്‍, ഹംറാസ് എന്നീ ആപ്പുകളുടെ വ്യാജന്മാര്‍ നിലവിലുണ്ടെന്നാണു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ജനുവരിയില്‍ ഇക്കാര്യം സേനയെ വിവരം ധരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സേനാംഗങ്ങളുടെ സേവനത്തിനും വിവര കൈമാറ്റത്തിനും വേണ്ടി കരസേനയാണ് അര്‍മാന്‍ (ആര്‍മി മൊബൈല്‍ ആധാര്‍ ആപ് നെറ്റ്വര്‍ക്), ഹംറാസ് എന്നീ ആപ്പുകള്‍ പുറത്തിറക്കിയത്.