
മുംബൈ: അമേരിക്കയിലെ പഠനകാലത്ത് തൊലിനിറത്തിന്റെ പേരില്‍ വംശീയ അധിക്ഷേപത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അമേരിക്കയിലെ അയോവയില്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ തൊലി നിറത്തിന്റെ പേരില്‍ വംശീയ അധിക്ഷേപം നേരിട്ടതായി പ്രിയങ്ക ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതുകാരണം, കാന്റീനില്‍ പോവാതെ ബാത്ത് റൂമില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. തവിട്ടു നിറമുള്ള ഇന്ത്യന്‍ കുട്ടിയോട് സഹപാഠികള്‍ മോശമായാണ് പെരുമാറിയത്. ഹൈസ്‌കൂള്‍ കാലത്ത് പ്രശ്‌നം വഷളായി. സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോവാന്‍ വരെ സഹപാഠികള്‍ പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക തുറന്നു പറഞ്ഞു.
എല്ലാ അറബികളും തീവ്രവാദികളാണോ? തൊലി നിറം കൊണ്ട് ഒരാള്‍ അറബ് വംശജയാവുമോ? എന്നും പ്രിയങ്ക ചോദിക്കുന്നു. ഓസകര്‍ അവാര്‍ഡ് ചടങ്ങിലെ കിടിലന്‍ പ്രകടനത്തിലൂടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ബോളിവുഡ് താരം ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ചോദ്യം ചോദിച്ചത്. അമേരിക്കയില്‍ തനിക്കുണ്ടായ വംശീയ അധിക്ഷേപത്തിന്റെ അനുഭവങ്ങള്‍ അടക്കം പങ്കുവെച്ച അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം തുറന്നു പറഞ്ഞത്.
Image Courtesy: The Guardian
തന്റെ ആദ്യ ആല്‍ബമായ ഇന്‍ മൈ സിറ്റി അവതരിപ്പിച്ചപ്പോഴാണ് ആളുകള്‍ അറബ് തീവ്രവാദിയാക്കി മുദ്രകുത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. 2013ലായിരുന്നു അത്. ദേശീയ ഫുട്‌ബോള്‍ ലീഗ് സംപ്രേഷണത്തിനിടെ അമേരിക്കന്‍ ടെലിവിഷനില്‍ പ്രിയങ്കയുടെ ആല്‍ബം സംപ്രേഷണം ചെയ്തു. അമേരിക്കന്‍ ഗായിക ഫെയ്ത്ത് ഹില്ലിന്റെ ഗാനത്തിന് പകരമായിരുന്നു അത്. തുടര്‍ന്ന് ഒട്ടേറെ ഇമെയില്‍ സന്ദേശങ്ങള്‍ വന്നു. ആരാണ് ഈ അറബ് തീവ്രവാദി എന്നായിരുന്നു അവര്‍ക്ക് അറിയാനുണ്ടായിരുന്നത്. തൊലി നിറം മാത്രമാണ് അതിനു കാരണമായതെന്നും അവര്‍ പറഞ്ഞു. ‘