ഷാനവാസിന്റെ മരണം വോട്ടാക്കാന്‍ മകളെ ഇറക്കി കോണ്‍ഗ്രസ്: കര്‍ഷകസംഘനയുടെ നേതാവ് സത്യന്‍മൊക്കേരിയെ കളത്തിലിറക്കാന്‍ സിപിഐ

വയനാട്: ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കത്തിലാണ് പാര്‍ട്ടികള്‍. വയനാട് സീറ്റാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വയനാടിന്റെ പ്രിയപ്പെട്ട എം.പിയായിരുന്ന എം.ഐ. ഷാനവാസ് മരണപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകളെ നിര്‍ത്തുന്നതായിരിക്കും ഉചിതമെന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ട്. എന്നാല്‍ ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഷാനവാസിന്റെ മകളായ ആമിനയെ മത്സരിപ്പിക്കാന്‍ നിര്‍ത്തുന്നതിനെതിരെ അവര്‍ അമര്‍ഷം അറിയിച്ചിരുന്നതാണ്. എങ്കിലും വിജയം ലക്ഷ്യമാക്കുന്ന പാര്‍ട്ടി അത് മുഖവിലയ്‌ക്കെടുക്കാതെ ആമിനയെ നിര്‍ത്താനാണ് പദ്ധതിയിടുന്നത്. ലീഗും വയനാട്ടിലെ സീറ്റിനായി ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദിഖ് തുടങ്ങി പല മുന്‍നിരനേതാക്കളും സീറ്റിന് വേണ്ടി വന്‍ പിടിവലിയിലാണ്. എം.ഐ ഷാനവാസ് കഴിഞ്ഞ രണ്ടുതവണയായി വിജയിച്ച സീറ്റാണ് വയനാട്. മുസ്ലീം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്കാണ് അവിടെ കോണ്‍ഗ്രസ് പരിഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍പ്പെട്ട പലരും രംഗത്ത് സജീവമായുണ്ട്. നേരത്തെമുതല്‍ വിജയസീറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയുള്ള ഷാനിമോള്‍ ഉസ്മാന്‍ പണ്ട് ആ കാരണം കൊണ്ടുതന്നെ കാസര്‍കോഡ് സീറ്റില്‍ മത്സരിക്കാതെ മാറിനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറി വയനാട് അവര്‍ വിട്ടുകൊടുക്കാതിരിക്കാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി സിദ്ദിഖിന് ഒരു സീറ്റ് വാങ്ങിക്കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിതന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുപോലൂം നടന്നിരുന്നില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ അടുത്ത ആളായതുകൊണ്ടുതന്നെ സിദ്ദിഖിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം മുറുകുമ്പോള്‍ സീറ്റിന് അവകാശവാദം ഉന്നയിക്കാന്‍ ലീഗും തയാറെടുക്കുകയാണ്. ലീഗിന് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. അതുകൊണ്ടുതന്നെ ഇക്കുറി അതിന് വേണ്ടി അവര്‍ രംഗത്തുവരും. വയനാട് അല്ലെങ്കില്‍ കാസര്‍കോഡ് എന്നാണ് ലീഗിന്റെ ആവശ്യം.
വിജയപ്രതീക്ഷയുള്ള യു.ഡി.എഫില്‍ തര്‍ക്കം മുറുകുമ്പോള്‍ ഇടതുമുന്നണിക്ക് വയനാട് സീറ്റ് സംബന്ധിച്ച് ഒരു ആശങ്കയുമില്ല. സി.പി.ഐയാണ് വയനാട് സീറ്റില്‍ മത്സരിക്കുന്നത്. ഇക്കുറി അവര്‍ തങ്ങളുടെ കര്‍ഷകസംഘനയുടെ നേതാവ് സത്യന്‍മൊക്കേരിയെ രംഗത്തിറക്കാനാണ് സി.പി.ഐയുടെ ആലോചന. കഴിഞ്ഞ കുറേ കേന്ദ്ര സര്‍ക്കാരുകളുടെ കാര്‍ഷികവിരുദ്ധനയത്തിന്റെ ഇരകളാണ് വയനാട് ജനത. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള സത്യന്‍മൊക്കേരിയെ രംഗത്തിറക്കി സീറ്റ് പിടിച്ചെടുക്കാനാണ് അവരുടെ നീക്കം.

Top