യൂറോപ്പിലെ ഏതെങ്കിലും തെരുവില്‍ നിന്നുകൊണ്ടു ഒരു ഏഷ്യന്‍ വംശജന്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചാല്‍ ആളുകള്‍ പേടിച്ചോടും. അല്ലാഹു അക്ബര്‍ വിളി ഭീകരതയുടെ പ്രതീകമായാണ് കാണുന്നത്. എങ്ങനെയാണ് അങ്ങനെയൊരു ചിന്ത വന്നത്?
ഭീകരര്‍ കൊലയ്ക്കും, കൊള്ളിവെയ്പ്പിനും ഒക്കെ മുമ്പ് ഈ വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അല്ലാഹു അക്ബര്‍ പേടിപ്പിക്കപ്പെടുന്ന പദമായി മാറിയത്. ലോകത്തെ ഏറ്റവും വിശുദ്ധമായ വാക്യങ്ങളില്‍ ഒന്നായ അല്ലാഹു അക്ബര്‍ വഴി എന്താണ് ഉദ്ദേശിക്കുന്നതെന്നും എങ്ങനെയാണ് പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്നും നോക്കാം.
‘അള്ളാഹു മഹാനാകുന്നു’ എന്ന് വാക്യാര്‍ത്ഥം പറയാവുന്ന അറബിക് വാക്യമാണ് അള്ളാഹു അക്ബര്‍. ദൈവം മഹാനാണ് എന്നും അര്‍ത്ഥം പറയാം. മുസ്ലിങ്ങളും അറബി സംസാരിക്കുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളും ഈ വാക്കുകള്‍ വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നു. ഏതു മനോവികാരത്തിന്റെ ഭാഗമായാലും അവസ്ഥയുടെ ഭാഗമായാലും, മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം മതപരമായി ഈ പ്രയോഗം യഥാര്‍ത്ഥമോ ഭാവനാത്മകമോ ആയ സത്തയെക്കാളുമുപരിയായി ദൈവം എല്ലാത്തിലും മഹത്തരമാണെന്ന് വ്യക്തമാക്കാനാണ് ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ ഇസ്ലാമില്‍ സര്‍വസാധാരണമായി ഉപയോഗിക്കപ്പെടുന്ന പ്രയോഗമാണ് അള്ളാഹു അക്ബര്‍. അപ്രകാരം മക്കയിലെ കഅബയെ നോക്കിനിന്നുള്ള ആചാരങ്ങളില്‍ ഉച്ചരിക്കപ്പെടുന്ന വാക്കുകളായും ഇത് മാറുന്നു. പള്ളിമിനാരങ്ങളില്‍ നിന്ന് ഉയരുന്ന പ്രാര്‍ത്ഥനാ ധ്വനിയായി അള്ളാഹു അക്ബര്‍ വിളി ഉയരുമ്പോള്‍ മുസ്ലിംലോകമാകെ ഈ വാക്കുകളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്നു. ഇസ്ലാമിക വിശ്വാസപ്രകാരം ഒരു പ്രാസംഗികന്റെ വാക്കുകളെ അഭിനന്ദിക്കാനും സദസ്യര്‍ അള്ളാഹു അക്ബര്‍ വിളി മുഴക്കുന്നു.
ദൈവത്തിന്റെ വിശാലതയും ശക്തിയും സ്വന്തം മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതിന് ദിനേന ഈ വാക്കുകള്‍ മുസ്ളീം വിശ്വാസികള്‍ ഉരുവിടുന്നു. ലോകമെമ്പാടുമുള്ള 1.6 ബില്യണ്‍ ഇസ്ളാം വിശ്വാസികള്‍ അനുയോജ്യമായ ഓരോ സന്ദര്‍ഭത്തിലും ഉച്ചരിക്കുന്ന ഈ വാക്കുകള്‍ക്ക് വലിയ അര്‍ത്ഥവ്യാപ്തിയാണ് കല്‍പിക്കപ്പെടുന്നത്. എന്തെങ്കിലും വിഷമമുണ്ടാകുമ്പോള്‍, പെട്ടെന്നുണ്ടാകുന്ന സന്തോഷം പ്രകടിപ്പിക്കുമ്പോള്‍, മരണവും ജനനവും സംഭവിക്കുമ്പോള്‍, ഈദ് പോലുള്ള ഇസ്ലാമിക് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ എന്നിങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ അള്ളാഹുവിനെ പ്രകീര്‍ത്തിച്ച് ഈ വാക്കുകള്‍ ഉച്ചരിക്കപ്പെടുന്നു.അറബ് ഫുട്‌ബോള്‍ കമന്റേറ്റര്‍മാര്‍ കളിയുടെ ആവേശം ഉച്ചസ്ഥായിയിലെത്തുമ്പോള്‍ അത്ഭുതകരമായ മുന്നേറ്റങ്ങളെ ധ്വനിപ്പിക്കാനും അള്ളാഹു അക്ബര്‍ വിളി മുഴക്കുന്നു.
2015ല്‍ ബംഗ്ലാദേശില്‍ സവര്‍ ബില്‍ഡിങ് തകര്‍ന്നുവീണതിനെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ടുപോയ രേഷ്മാബീഗമെന്ന പതിനേഴുകാരിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന 17 ദിവസങ്ങള്‍ക്കുശേഷമാണ് മോചിപ്പിച്ചത്. ഇവരെ കണ്ടെത്തി പുറത്തെടുക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരും കണ്ടുനിന്നവരുമെല്ലാം ആ അത്ഭുതത്തെ വാഴ്ത്തിയത് അള്ളാഹു അക്ബര്‍ വിളികളോടെയായിരുന്നു. ഇറാഖിന്റെ പതാകയില്‍ മധ്യത്തില്‍ ആലേഖനം ചെയ്ത നിലയില്‍ ഈ വാക്കുകള്‍ കാണാം. ഇറാന്റെ പതാകയില്‍ വെളുത്ത അക്ഷരത്തില്‍ 11 തവണയാണ് ഈ പ്രയോഗം. അഫ്ഗാന്‍ പതാകയിലും അപ്രകാരം തന്നെ.
സമാധാനത്തിന്റെ കാഹളമെന്ന് പറയാവുന്ന ഈ ആത്മീയ പ്രയോഗത്തെ എന്തുകൊണ്ടാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. ഒരു ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് അവസാനത്തെ കാഹളമെന്ന നിലയില്‍ ഇത് ഭീകരര്‍ പ്രയോഗിക്കുന്നു. അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണത്തില്‍ വിമാന ഹൈജാക്കിങ് സംഘത്തലവനായിരുന്ന മൊഹമ്മദ് അത്തയുടെ ലഗേജില്‍ കണ്ടെത്തിയ നാലുപേജ് കുറിപ്പുകളില്‍ ആക്രമണത്തിന്റെ ആഹ്വാനവുമായി ബന്ധപ്പെട്ട് ഈ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ‘അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിക്കൂ. കാരണം അതിലൂടെ അവിശ്വാസികളുടെ ഹൃദയങ്ങളില്‍ ഭയം നിറയ്ക്കാന്‍ കഴിയും’ – ഇതായിരുന്നു കുറിപ്പിലെ ആഹ്വാനം.
ലണ്ടനില്‍ ബ്രിട്ടീഷ് സൈനികനായ ഡ്രമ്മര്‍ ലീ റിഗ്ബിയെ 2013ല്‍ കൊലചെയ്ത കുറ്റത്തിന് പിടിയിലായ മൈക്കേല്‍ അദിബോലാജോവും അദിബോവെയ്ലും അവരുടെ ശിക്ഷ പ്രഖ്യാപന വേളയില്‍ അള്ളാഹു അക്ബര്‍ എന്നു വിളിച്ചതായും പാരിസില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തവര്‍ പലരും ഈ വിളി മുഴക്കിയിരുന്നതായും നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 12ന് ഓര്‍ലാന്‍ഡോയില്‍ വെടിവയ്പു നടത്തിയ ഭീകരന്‍ ഇടയ്ക്കിടെ ഈ വാക്കുകള്‍ ഉപയോഗിച്ചിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് വധശിക്ഷ നടപ്പാക്കിയ ഒരു വീഡിയോയില്‍ നാലുവയസ്സുകാരനായ ഒരു കൊച്ചു ബാലന്‍ വായുവില്‍ മുഷ്ടിചുരുട്ടിയിടിച്ച് അള്ളാഹു അക്ബര്‍ വിളി മുഴക്കിയിരുന്നു. ഇത്തരത്തില്‍ ഭീകരതയുമായി ബന്ധപ്പെട്ട് ഈ വാക്കുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് വ്യാപകമായിരിക്കുകയാണ്.