ന്യുഡൽഹി : ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന പുതിയ വൈറസ് ബാധ വിദേശത്തേക്കും വ്യാപിച്ചു. ചൈനയിൽ മാത്രം 17 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ഇതിനകം ആയിരക്കണക്കിനു പേരിൽ പടർന്നെന്നു സംശയിക്കപ്പെടുന്നു. ലോകാരോഗ്യസംഘടന വൈറസ് ബാധയെപ്പറ്റി മുന്നറിയിപ്പ് നൽകി.ചൈനയിൽ ഭീതി പടർത്തിയ കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നെന്ന വാർത്തകൾക്കിടെ സൗദിയിൽ മലയാളി നഴ്സിന് വൈറസ് ബാധ. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് വൈറസ് ബാധയേറ്റത്.
സൗദിയില്‍ 30 നഴ്സുമാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പെയിന്‍ യുവതിയെ പരിചരിച്ച നഴ്സുമാരെ മുന്‍കരുതലെന്നോണമാണ് ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു നഴ്സിന് കൊറോണ സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിനാണ് വെറസ് ബാധ സ്ഥീരീകരിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പുതിയ വൈറസും വലിയ അപകടകാരിയായി മാറിയേക്കാം എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കാര്യമായിത്തന്നെയെടുത്തേ മതിയാകൂ.യുഎസിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ 543 പേർക്കു വൈറസ് ബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ എണ്ണം ഇതിന്റെ പതിന്മടങ്ങു വന്നേക്കും. 2,200 പേർ നിരീക്ഷണത്തിലാണ്.
ഈ വ്യാഴാഴ്ച ജപ്പാനിൽ ഒരു മുപ്പതുകാരനിൽ വൈറസ് കണ്ടെത്തി. തായ്ലൻഡിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും ഓരോരുത്തരിലും രോഗബാധ കണ്ടു. രണ്ടുപേരും ചൈനയിലെ വുഹാനിൽനിന്ന് എത്തിയവരാണ്. ഇത്രയും വിവരങ്ങൾ അറിവായതോടെ പലരാജ്യങ്ങളും വുഹാനിൽ നിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാരംഭിച്ചു. വുഹാനിലേക്കു യാത്രാമുന്നറിയിപ്പും നൽകി.
ചൈനയിൽ നിന്ന് മാരകമായ വൈറസ് പടരുന്നത് ഇതാദ്യമല്ല. 2002ൽ 774 പേരുടെ മരണത്തിനിടയാക്കിയ സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) ചൈനയിൽ നിന്നാണു തുടങ്ങിയത്. ശ്വാസകോശത്തെ ബാധിക്കുകയും ന്യൂമോണിയാ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്ന സാർസ് 37 രാജ്യങ്ങളിലായി 8,098 പേരെ ബാധിക്കുകയുണ്ടായി. സാർസ് തുടങ്ങിയപ്പോഴും ചൈന ഗൗരവത്തോടെ പ്രശ്നം കൈകാര്യം ചെയ്തില്ലെന്നു പരാതിയുണ്ട്.
ലണ്ടൻ ഇംപീരിയൽ കോളജിലെ പകർച്ചവ്യാധി പഠന വിഭാഗത്തിന്റെ വിലയിരുത്തലിൽ 1700-ലേറെപ്പേർക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. ചൈനയുടെ മറ്റ് പ്രദേശങ്ങളിലും തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വൈറസും വലിയ അപകടകാരിയായി മാറിയേക്കാം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്… രാജ്യാന്തര ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.വുഹാനിലെ ഒരു മത്സ്യമാർക്കറ്റിൽ നിന്നാണു രോഗബാധയുടെ തുടക്കം. തലസ്ഥാനമായ ബെയ്ജിംഗിൽ നിന്ന് 1,100 കിലോമീറ്റർ തെക്ക് ആണ് നഗരം. വുഹാനിലെ പ്രശസ്ത മാംസ കടൽവിഭവ മാർക്കറ്റായ ഹ്വനാനിലെ കച്ചവടക്കാരിലാണു രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്.
ആയിരത്തിലധികം കച്ചവടസ്ഥാപനങ്ങളുള്ള ഈ മാർക്കറ്റിൽ മാംസത്തിനൊപ്പം, ജീവനുള്ള കോഴി, മുയൽ, പൂച്ച എന്നിവയെയും വിൽക്കാറുണ്ട്. മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നും മനുഷ്യനിലേക്കു പകരുന്ന രോഗം ആണോ എന്ന സംശയമുയർന്നത് ഇതിനാലാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാർക്കറ്റ് അടച്ചുപൂട്ടാൻ അധികൃതർ നോട്ടിസ് നൽകി. ഒരു കോടിയിലേറെ ജനങ്ങളുള്ള ഈ നഗരത്തിനു സമീപത്താണ് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീഗോൾജസ്. ഡിസംബറിൽ ന്യൂമോണിയ ലക്ഷണം കാണിച്ച 61 കാരൻ രണ്ടാഴ്ച മുന്‍പ് മരിച്ചു. ഇയാളിൽ കൊറോണ വൈറസ് തിരിച്ചറിഞ്ഞു. 69 വയസുള്ള മറ്റൊരാൾ ബുധനാഴ്ച ആശുപത്രിയിൽ മരിച്ചു. വൃക്കകൾ അടക്കം പല അവയവങ്ങൾ തകരാറിലായിരുന്നു. ഇതിനിടെ ഒരു മാസത്തിനകം 45 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
നോട്ടിങ്ങാം സർവകലാശാലയിലെ വൈറോളജിസ്റ്റ് പ്രഫ. ജൊനാഥൻ ബോൾ, മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കുള്ള കൊറോണ വൈറസുകളുടെ ചാട്ടത്തെക്കുറിച്ച് ഉത്കണ്ഠ പങ്കുവയ്ക്കുന്നുണ്ട്. വെരുകിൽ നിന്നു സാർസ് വൈറസ് മനുഷ്യനിലേക്കെത്തി; ഒട്ടകങ്ങളിൽനിന്നു മെർസ് വൈറസും.
പുതിയ കൊറോണ വൈറസിന്റെ ചാട്ടം കൃത്യമായി എവിടെനിന്നാണെന്നു ശാസ്ത്രലോകം അറിയാനിരിക്കുന്നതേയുള്ളൂ. മൃഗങ്ങളിൽനിന്നു മനുഷ്യനിലെത്തുന്നതാണു വൈറസുകളുടെ ഏറ്റവും വിഷമകരവും പ്രധാനപ്പെട്ടതുമായ കടന്പ.
ആ കടന്പ കടന്നുകഴിഞ്ഞു. അതുകഴിഞ്ഞാൽ അവയ്ക്കു മനുഷ്യകോശങ്ങളിൽ പെരുകി, ആവശ്യമായ ജനിതക തിരുത്തലുകൾ വരുത്തി ലക്ഷക്കണക്കിനു മനുഷ്യരിലേക്ക് എളുപ്പത്തിൽ പടർന്നുകയറാനാവും. ശാസ്ത്രലോകം ഈയൊരു സാധ്യതയെയാണ് ഏറെ ഭയക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, പരിസ്ഥിതിയിൽ ഏൽപിക്കുന്ന കടുത്ത ആഘാതങ്ങൾ, അശാസ്ത്രീയമായ മാലിന്യസംസ്കരണം, രോഗപ്രതിരോധ സംവിധാനത്തിലെ അപാകതകൾ, രോഗാണുക്കളുടെ ജനിതകഘടനയിൽ വരുന്ന അപ്രതീക്ഷിത വ്യതിയാനങ്ങൾ, പ്രതിരോധ കുത്തിവയ്പുകൾക്കെതിരേയുള്ള വ്യാപകമായ അശാസ്ത്രീയ സമീപനങ്ങൾ, മനുഷ്യരുടെ രോഗപ്രതിരോധശേഷിയിൽ വരുന്ന അഭികാമ്യമല്ലാത്ത മാറ്റങ്ങൾ, മാറുന്ന സാമൂഹിക കാഴ്ചപ്പാടുകൾ എന്നിവയൊക്കെ ഇത്തരം പുതിയ രോഗാണുക്കളെ സൃഷ്ടിക്കുന്നതും സംക്രമിപ്പിക്കുന്നതും ഗുരുതര വെല്ലുവിളിയാണ്.
എന്താണ് ലക്ഷണങ്ങൾ ?
കൊറോണ വൈറിഡേ കുടുംബത്തിലെ ബീറ്റാ കൊറോണ വൈറസിന്റെ ജനിതക രൂപരേഖയുമായി 70 ശതമാനം സാമ്യമുള്ളതാണു പുതിയ ചൈനീസ് വൈറസ്.പനി, കടുത്ത ചുമ, അസാധാരണ ക്ഷീണം, ശ്വാസതടസം എന്നിവയാണു മുഖ്യ ലക്ഷണങ്ങൾ. ന്യുമോണിയയ്ക്കു പുറമേ, പല രോഗികളിലും ശ്വാസകോശ നീർക്കെട്ടും കാണപ്പെടുന്നു. മുഖ്യമായി മൃഗങ്ങളിൽനിന്നാണു പകരുന്നതെന്നു കണക്കാക്കപ്പെടുന്നുവെങ്കിലും മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയെക്കുറിച്ചും ലോകാരോഗ്യ സംഘടന ഓർമിപ്പിക്കുന്നുണ്ട്.
സാർസ്, മെർസ് എന്നിവയ്ക്കു കാരണമായ വൈറസുകളോളം അപകടകാരിയല്ല പുതിയ വൈറസ് എന്നാണു ശാസ്ത്രലോകം വിലയിരുത്തുന്നതെങ്കിലും ഈ ശുഭാപ്തിവിശ്വാസം പതുക്കെ നഷ്ടപ്പെടുകയാണ്. ലോകാരോഗ്യ സംഘടന ചൈനയിലേക്കുള്ള യാത്രകൾ ഇതുവരെ നിരോധിച്ചിട്ടില്ല.ശാസ്ത്രീയമായ അടിസ്ഥാന രോഗനിയന്ത്രണ സംവിധാനങ്ങൾ അവലംബിക്കാനാണ് ഇപ്പോഴത്തെ നിർദേശം. കൃത്യമായ ഇടവേളകളിലെ കൈകഴുകൽ, മാസ്ക് ഉപയോഗം, രോഗികളുമായും രോഗസാധ്യതയുള്ളവരുമായുമുള്ള അടുത്ത സന്പർക്കം ഒഴിവാക്കൽ തുടങ്ങിയവ ശീലിക്കണം.
ജലദോഷം മുതൽ സാർസ് വരെ പടർത്തുന്ന ഒരു വലിയ കൂട്ടം വൈറസുകളാണു കൊറോണ വൈറസ്. 1960കളിലാണ് ഇതു മനുഷ്യരിൽ കണ്ടെത്തിയത്. മനുഷ്യരിൽ പ്രവർത്തിക്കുന്ന ഏഴിനം കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ ഒരു ഡസനോളം ഇനങ്ങളെ കണ്ടെത്തി. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടം പോലെ ഒരു ഭാഗം കാണാം എന്നതുകൊണ്ടാണു കൊറോണ വൈറസ് എന്ന പേരുവന്നത്.ഒറ്റ ആർഎൻഎ (റീബോന്യൂക്ലിയിക് ആസിഡ്) ജീനോം നാര് മാത്രമുള്ളതാണ് ഈ വൈറസ്. ശ്വാസകോശം, കുടലുകൾ, വൃക്കകൾ തുടങ്ങിയവയെ ബാധിക്കുന്ന വൈറസുകളാണിവ. 2012ൽ പടർന്ന മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം) കൊറോണ വൈറസ് മൂലമുള്ള മറ്റൊരു രോഗമാണ്.
വുഹാനിൽ 500-ലേറെ ഇന്ത്യൻ വിദ്യാർഥികൾ ഉണ്ട്. മിക്കവരും മെഡിക്കൽ കോളജ് വിദ്യാർഥികളാണ്. ചൈനീസ് നവവത്സരം പ്രമാണിച്ചുള്ള അവധി കഴിഞ്ഞയാഴ്ച ആരംഭിച്ചതിനാൽ പല വിദ്യാർഥികളും നാട്ടിലേക്കു മടങ്ങിക്കാണും. വുഹാനിലേക്കും തിരിച്ചുമുള്ള യാത്രക്കാർ വളരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റ് നിർദേശിച്ചിട്ടുണ്ട്.ചൈനീസ് അവധിക്കാലം തുടങ്ങിയതിനാൽ ലക്ഷക്കണക്കിനുപേർ വുഹാനിൽ നിന്നു ചൈനയിലെ മറ്റു നഗരങ്ങളിലേക്കും ഉൾനാടുകളിലേക്കും പോകും. ഇതു രോഗവ്യാപനത്തെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നു.