തിരുവനന്തപുരം: മദ്യരാജാവ് വിജയ് മല്യ മാത്രമല്ല പല പ്രമുഖ വ്യവസായിമാരും കോടികളുടെ കടബാധ്യതയുണ്ടാക്കി മുങ്ങി നടക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ക്യാമ്പസ് ആയ പസഫിക് കണ്‍ട്രോള്‍സിന്റെ ഉടമ ദിലീപ് രാഹുലന്റെയും കഥ ഇങ്ങനെ തന്നെ. 2500കോടി ഇയാള്‍ക്ക് തിരിച്ചടയ്ക്കാനുള്ളത്.
സ്ഥാപനങ്ങളെ പറ്റി പഠിക്കുന്ന റിസ്‌ക് അവലോകന സ്ഥാപനമായ കൊഫെയ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ 239 സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നതെന്നും ഇതില്‍ പലതിന്റെയും ഉടമകള്‍ ബാങ്കുകളുടെ നടപടിയും അറസ്റ്റും ഭയന്ന് മുങ്ങിനടക്കുകയാണെന്നും കൊഫെയ്സ് വ്യക്തമാക്കുന്നു. ഇക്കൂട്ടത്തില്‍ മുന്‍നിരയിലാണ് പസഫിക് കണ്‍ട്രോള്‍സ്.
കൈക്കൂലി നല്‍കിയതിന്റെ പേരില്‍ മലയാളി വ്യവസായികളായ ഗള്‍ഫാര്‍ മുഹമ്മദലിക്കും വായ്പകള്‍ തിരിച്ചടയ്ക്കാനാവാകെ അറ്റ്ലസ് രാമചന്ദ്രനും ജയില്‍ശിക്ഷ നേരിടേണ്ടിവന്നിരുന്നു. മുഹമ്മദാലി അടുത്തിടെ ശിക്ഷകഴിഞ്ഞ പുറത്തിറങ്ങിയെങ്കിലും രാമചന്ദ്രനും ഇപ്പോഴും ജയിലിലാണ്. ഇതിനു പിന്നാലെയാണ് ദിലീപ് രാഹുലനും അദ്ദേഹത്തിന്റെ സ്ഥാപനമായ പെസഫിക് കണ്‍ട്രോള്‍സിനുമെതിരെ വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച പിണറായി വിജയനുള്‍പ്പെട്ട ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു ദിലീപ് രാഹുലന്റേത്.
യുഎഇ സര്‍ക്കാറിന്റെ സുരക്ഷയും ട്രാഫിക്ക് കണ്‍ട്രോളും ദുരന്ത നിവാരണവും അടക്കം നിരവധി ഡാറ്റകള്‍ സൂക്ഷിക്കുന്ന പെസഫിക് കണ്‍ട്രോള്‍സ് എന്ന ഐടി സ്ഥാപനം ദുബായിലെ അതിപ്രശസ്ത കമ്പനികളില്‍ ഒന്നാണ്. ദുബായ് നഗരത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ സൂക്ഷിക്കുന്ന ഈ ഐടി കമ്പനിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ജോലിചെയ്യുന്നത്. ദിലീപ് രാഹുലന്‍ കഴിഞ്ഞ മൂന്ന് മാസമായി ദുബായില്‍ കമ്പനിയില്‍ എത്തിയിട്ടില്ലെന്നും ലോണ്‍ തുക മറ്റിടങ്ങളിലേക്ക് കടത്തി മുങ്ങിയെന്നുമുള്ള കിംവദന്തികളും പരക്കുന്നുണ്ട്. കമ്പനി വന്‍ പ്രതിസന്ധിയിലായതോടെ മലയാളികള്‍ അടക്കമുള്ള നിരവധി ജീവനക്കാര്‍ പ്രശ്നത്തിലാണ്. നിലവിലുള്ള ജീവനക്കാരെ ശമ്പളകുടിശ്ശിക നല്‍കാതെ പിരിച്ചു വിടാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
ആഗോളതലത്തില്‍ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് ഒട്ടേറെ ചെറുകിട സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. വിലക്കുറവ് അനിശ്ചിതമായി തുടര്‍ന്നതോടെ ഒട്ടേറെ വന്‍കിട സ്ഥാപനങ്ങളും കടക്കെണിയിലാണെന്നും കൊഫെയ്സ് ചൂണ്ടിക്കാട്ടുന്നു. പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ കെപിഎംജിയെ വാടകയ്ക്കെടുത്ത് തങ്ങളുടെ നിലമെച്ചപ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ച പസഫിക് കണ്‍ട്രോള്‍സ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങളുടെ കടം തിരിച്ചടയ്ക്കാന്‍ സമയം കൂട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് പസഫിക് കണ്‍ട്രോള്‍സ് ബാങ്കുകളെ സമീപിച്ചിരിക്കുകയാണിപ്പോള്‍. പക്ഷേ, തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ കമ്പനിയുടെ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നില്ല.
ഈ വര്‍ഷാരംഭംവരെ യുഎഇയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായിരുന്നു പസഫിക് കണ്‍ട്രോള്‍സ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഡാറ്റാസെന്റര്‍ ക്യാമ്പസ് ആയി വളര്‍ന്ന പസഫിക് കണ്‍ട്രോള്‍സ് ജബേല്‍ അലി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 85 ദശലക്ഷം ഡോളര്‍ മുടക്കുമുതലില്‍ പണിതുയര്‍ത്തിയ സ്ഥാപനമാണ് ഇപ്പോള്‍ വന്‍ കടക്കെണിയില്‍ ചാടിയിരിക്കുന്നത്. കല്‍ഡ് കമ്പ്യൂട്ടിംഗിലേക്കും മറ്റും ചുവടുറപ്പിച്ച് മുന്നേറുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഐടി ഭീമന്‍ മൈക്രോസോഫ്റ്റുമായും കമ്പനി കൈകോര്‍ത്തിരുന്നു.
കമ്പനി കടുത്ത വെല്ലുവിളികള്‍ നേരിടുന്നതായും ഇതിനെ മറികടക്കാന്‍ ‘അധികഭാരം ഒഴിവാക്കാന്‍’ നടപടികള്‍ സ്വീകരിക്കുന്നതായും മെയ്മാസത്തില്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ദിലീപ് രാഹുലന്‍ ഒരു ബാങ്കിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ഞങ്ങള്‍ക്ക് കഴിഞ്ഞ കുറച്ചുവര്‍ഷമായി അസാധാരണ വളര്‍ച്ചയാണ് ഉണ്ടായത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ബിസിനസില്‍ കമ്പനിക്ക് വലിയ മാര്‍ക്കറ്റ് ഷെയര്‍ ഉണ്ടായി. മറ്റുള്ളവര്‍ക്ക് അസൂയയുണ്ടാക്കും വിധമായിരുന്നു ഞങ്ങളുടെ വളര്‍ച്ച. ഇപ്പോള്‍ ഞങ്ങള്‍ നേരിടുന്ന വെല്ലുവിളിയും ഇത്തരമൊരു സാഹചര്യത്തിലുണ്ടായതാണ്. – ദിലീപ് രാഹുലന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കമ്പനിയില്‍ നടപ്പിലാക്കുന്ന പുനഃസംഘടന അല്‍പകാലത്തേക്ക് മാത്രമാണെന്നും പ്രതിസന്ധി മറികടക്കാന്‍ മൂലധനം സ്വരൂപിക്കുന്നതിന് ഓഹരി വിപണിയെ സമീപിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനും ബാങ്കുകളുടെ കടം തിരിച്ചടയ്ക്കുന്നതിനും കമ്പനി കൈക്കൊണ്ട നടപടികളൊന്നും ഫലംകാണുന്നില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചെയര്‍മാന്‍ ദിലീപ് രാഹുലന്‍ എവിടെയെന്ന അന്വേഷണങ്ങള്‍ക്ക് അദ്ദേഹത്തിന് സുഖമില്ലെന്നും ഇപ്പോള്‍ രാജ്യത്ത് ഇല്ലെന്നുമാണ് കമ്പനി അധികൃതര്‍ നല്‍കുന്ന മറുപടി.
അതേസമയം, കമ്പനി അപ്രതീക്ഷിത ലാഭം നേടി വളര്‍ന്നതോടെ ദിലീപ് രാഹുലന്‍ കോടികളുടെ ആസ്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എമിറേറ്റ്സ് ഹില്‍സില്‍ ആഡംബര വില്ലയും കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ന്യൂമാര്‍ക്കറ്റിന് പുറത്തായി സ്വന്തമാക്കിയ 120 ഏക്കറുമെല്ലാം ഇതില്‍ ചിലതുമാത്രം. ഇത്തരത്തില്‍ ദിലീപ് രാഹുലന്റെ പേരിലുള്ള ആസ്തിയെപ്പറ്റി പണം കിട്ടാനുള്ള ബാങ്കുകളും അധികൃതരും വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. ദുബായ് എയര്‍പോര്‍ട്ട്, റോഡുകള്‍, ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി, എത്തിസലാത് തുടങ്ങി യുഎഇയുടെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമുള്ള കമ്പനി പ്രതിസന്ധി മറികടന്ന് പഴയ നിലയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതരും കമ്പനിയിലെ ആയിരക്കണക്കിന് ജീവനക്കാരും.
ദുബായിലെ വന്‍നിര കെട്ടിടങ്ങളില്‍ തീടിപിച്ചാല്‍ അടക്കം പെട്ടന്ന് അറിയിക്കുന്നിതിനായുള്ള കമ്മ്യൂണിക്കേഷന്‍ ഒരുക്കുകയും ചെയ്യുന്ന ഐടി സ്ഥാപനമാണ് പസഫിക് കണ്‍ട്രോള്‍സ്. കമ്പനി ഉടമയായ ദിലീപിന് ദുബായ് ഷേഖുമാരുമായുള്ള അടുപ്പം കൂടിയായപ്പോള്‍ സര്‍ക്കാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ഡാറ്റകള്‍ സൂക്ഷിക്കുന്ന സ്ഥാപനമായും ഈ കമ്പനി മാറി. സ്ഥാപനം തന്നെ ഈടു നല്‍കിയാണ് ദുബായിലെ വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്തത്. അതേസമയം കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചരണത്തിനെതിരെ രംഗത്തെത്തിയ അധികൃതര്‍ കിംവദന്തി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി ജൂണ്‍ 19ന് വ്യക്തമാക്കിയിരുന്നു. നിരന്തരമായ മെഡിക്കല്‍ അറ്റന്‍ഷന്‍ ആവശ്യമുള്ളതിനാലാണ് അദ്ദേഹം കമ്പനിയില്‍ എത്താത്തത് എന്നുമാണ് പെസഫിക് കണ്‍ട്രോള്‍സ് ഔദ്യോഗികമായി വിശദീകരിച്ചിരിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഖലീജ് ടൈംസുമായി സംസാരിച്ചപ്പോള്‍ ദിലീപ് രാഹുലന്‍ പറഞ്ഞത് യുഎഇ സര്‍ക്കാറുമായി ബന്ധപ്പെട്ട സിവില്‍ ഡിഫന്‍സാണ് പെസഫിക് കണ്‍ട്രോള്‍സിന്റെ അടുത്ത പദ്ധതിയെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നു എന്നുമായിരുന്നു. അന്ന് കമ്പനിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ആശയങ്ങളും അദ്ദേഹം ഖലീജ് ടൈംസുമായി സംസാരിച്ചിരുന്നു. അടുത്തിടെ അറബ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച 100 ഇന്ത്യന്‍ വ്യവസായികളില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച മലയാളികളിലും ദിലീപ് രാഹുലന്റെ പേരുണ്ടായിരുന്നു. അറബ് ലോകത്തെ പ്രബലനായ മലയാളിയായി അറിയപ്പെടുന്ന ദിലീപ് രാഹുലന് സിനിമാ, രാഷ്ട്രീയ മേഖലയിലുള്ളവരുമായി നല്ല അടുപ്പവുമുണ്ട്. എറണാകുളത്ത് വിദ്യാദ്യാസം നടത്തിയ രാഹുലന്‍ ഇവിടെ ഒരു റഫ്രിജറേഷന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെനിന്ന് സാംബിയയിലും പിന്നീട് ഓസ്ട്രേലിയയിലുമെത്തിയ രാഹുലന്‍ അതിനുശേഷം കുവൈത്തിലും ദുബായിലും വ്യവസായസംരംഭങ്ങള്‍ തുടങ്ങി. അവ വളര്‍ന്നുവികസിച്ച് സിംഗപ്പൂരിലും സ്വിറ്റ്സര്‍ലന്‍ഡിലുമെല്ലാം എത്തി. ഇവിടെ നിന്നും എത്തിയാണ് ഇപ്പോള്‍ ദുബായില്‍ കമ്പനി വികസിപ്പിച്ചത്.
60,000ത്തോളം വരുന്ന ദുബായിലെ കെട്ടിടങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പസഫിക് കണ്‍ട്രോള്‍സ്. 2000ത്തിലാണ് ഈ സ്ഥാപനം തുടങ്ങിയത്. തുടര്‍ന്ന് ദുബായ് സര്‍ക്കാറുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെല്ലാം വിജയം കൊയ്യുകയായിരുന്നു. ഗള്‍ഫിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും അവരുടെ ഡേറ്റകള്‍ സൂക്ഷിക്കുന്നതും പെസഫിക് കണ്‍ട്രോള്‍സിലാണ്. ഊര്‍ജ്ജലാഭം ലഭ്യമിട്ടുള്ള പദ്ധതികളും ഈ ഐടി സ്ഥാപനം നടത്തിവന്നിരുന്നു. മിഡില്‍ ഈസ്റ്റിലെ ഗ്രീന്‍ ബില്‍ഡിംഗുമായി ചേര്‍ന്നും ഈ കമ്പനി പ്രവര്‍ത്തിച്ചു.
എസ്എന്‍സി ലാവലിന്‍ ഇടപാടിലെ പ്രധാന ഇടനിലക്കാരനെന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് കേരളത്തില്‍ ദിലീപ് രാഹുലന്റെ പേര് സുപരിചിതമായത്. ദിലീപ് രാഹുലനെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കോടതിയില്‍ ഹര്‍ജി വന്നിരുന്നു. അക്കാലത്ത് പിണറായി വിജയന്റെ മകന് ലണ്ടനില്‍ പഠിക്കാന്‍ അവസരം ഒരുക്കിയത് വരെ ദിലീപ് രാഹുലനാണെന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍.