ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ദേശീയ തലത്തിലും ബിജെപിയില്‍ പോര് മുറുകുന്നെന്ന് സൂചന. രാഷ്ട്രീയത്തില്‍ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് നിധിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വിടാതെ വീണ്ടും വെടിപൊട്ടിച്ചിരിക്കുകയാണ് ഗഡ്കരി.
തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷനാണെന്ന് പറയാതെ പറഞ്ഞ് വീണ്ടും നിതിന്‍ ഗഡ്കരി രംഗത്തെത്തി. ‘ഞാനായിരുന്നു പാര്‍ട്ടി അധ്യക്ഷനെങ്കില്‍ എന്റെ എംപിമാരും എംഎല്‍എമാരും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആരായിരിക്കും ഉത്തരവാദി, അത് ഞാന്‍ തന്നെ-ഗഡ്കരി പറഞ്ഞു.
ഐബി ഓഫീസര്‍മാരുടെ വാര്‍ഷിക എന്‍ഡോവ്‌മെന്റ് പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. വിനയത്തോടെ പെരുമാറണം. മനുഷ്യ ബന്ധങ്ങള്‍ക്ക് വില കല്‍പിക്കണം. നന്നായി സംസാരിക്കുന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ല. നിങ്ങള്‍ ഒരു വിദ്വാനായിരിക്കാം, പക്ഷേ ജനം നിങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നില്ല-ഗഡ്കരി പറഞ്ഞു.
എല്ലാം അറിയാം എന്ന് ചിന്തിക്കുന്നവര്‍ക്കും തെറ്റുപറ്റാം. കൃത്രിമമായ മാര്‍ക്കറ്റിങ്ങില്‍ നിന്ന് ആളുകള്‍ അകന്നുനില്‍ക്കണം. ആത്മവിശ്വാസത്തിനും ഈഗോയ്ക്കും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങള്‍ക്ക് ആത്മവിശ്വാസമാകാം, പക്ഷേ ഈഗോ മാറ്റിവെക്കണം-ഗഡ്കരി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് നല്ലതാണ്. പക്ഷേ അതുകൊണ്ട് ജനങ്ങള്‍ക്ക് സാമൂഹികമായും സാമ്പത്തികമായും മാറ്റങ്ങള്‍ കൊണ്ടുവരാനാകുന്നില്ലെങ്കില്‍ നിങ്ങള്‍ അധികാരത്തില്‍ വരുന്നതും പോകുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ല.
സര്‍ക്കാരുകള്‍ വരും പോകും പക്ഷേ രാജ്യം നിലനില്‍ക്കുമെന്ന മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ഈ രാജ്യം ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതോ വ്യക്തിയുടേതോ അല്ല മറിച്ച് 120 കോടി ഇന്ത്യക്കാരുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഐബി സംഘടിപ്പിച്ച പരിപാടിയായിട്ടും ആഭ്യന്തര സുരക്ഷ, ഇന്റലിജന്‍സ് എന്നിവയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കാര്യമായി പരാമര്‍ശിക്കപ്പെട്ടുമില്ല. എനിക്ക് നെഹ്രുവിന്റെ പ്രസംഗങ്ങള്‍ ഇഷ് ടമാണ്. സഹിഷ്ണുതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.
ഇന്ത്യയൊരു രാജ്യമല്ല, മറിച്ച് ഒരു ജനതതിയാണെന്ന നെഹ്രുവിന്റെ വാക്കുകളെ ഞാന്‍ ഇഷ് ടപ്പെടുന്നു. പരിഹാരമുണ്ടാക്കാനറിയാത്തവര്‍ കുറഞ്ഞപക്ഷം പ്രശ്‌നങ്ങളുണ്ടാക്കാതെങ്കിലുമിരിക്കണം. പുണെയില്‍ വച്ച് നടത്തിയ ആദ്യ പ്രസ്താവന വിവാദമായതോടെ തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് ഗഡ്കരി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിന്റെ ഉന്നമാണ് രാഷ് ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്.