അഹമ്മദ് നഗര്‍: ഭാര്യയും കാമുകനും ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി ജവാന്‍ രംഗത്ത്. ലൈംഗിക ഉത്തേജക ഓയിന്മെന്റില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഇന്ത്യന്‍ ആര്‍മി ജവാന്‍ പരാതിപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് സംഭവം.
ഭാര്യയ്ക്കും കാമുകനും എതിരെ അഹമ്മദ് നഗറിലെ നഗര്‍ താലുക്ക പൊലീസ് സ്റ്റേഷനില്‍ ജവാന്‍ പരാതി നല്‍കി. അവധിക്ക് വീട്ടില്‍ പോയി തിരിച്ചുവന്നപ്പോള്‍ സ്വകാര്യ ഭാഗത്ത് ഉപയോഗിക്കാനാണെന്ന് പറഞ്ഞ് ഭാര്യ ഓയിന്മെന്റ് തന്നെ ഏല്‍പ്പിച്ചതായി ജവാന്‍ പറയുന്നു. ലൈംഗിക ഉത്തേജനത്തിലുള്ള ഓയിന്മെന്റാണെന്നാണ് ഭാര്യ പറഞ്ഞതെന്നും ജവാന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഓയിന്മെന്റ് ഉപയോഗിച്ചശേഷം കഠിനമായ വേദന അനുഭവപ്പെട്ട ജവാന്‍ ഉടന്‍ തന്നെ അടുത്തുള്ള ഡോക്ടറെ പോയി കണ്ടു. ഓയിന്മെന്റില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്നും ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ഡോക്ടര്‍ പറഞ്ഞതായും ജവാന്‍ പരാതിയില്‍ പറയുന്നു. ഓയിന്മെന്റ് പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആരോപണ വിധേയരായവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നഗര്‍ താലൂക്ക എസ്‌ഐ രാജേന്ദ്ര പവാര്‍ വ്യക്തമാക്കി.