പത്തനംതിട്ട: ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. മോഹൻലാൽ വന്നതു കൊണ്ട് മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് പോയത്. പോലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് പറഞ്ഞു.
ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു.മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനില്‍ക്കുന്നു. നടനെതിരെ സൈന്യത്തിന് പരാതി നല്‍കുമെന്നും ജാമ്യത്തിലിറങ്ങിയശേഷം അജു അലക്സ് .
ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയും. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു.
താൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അജു അലക്സ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് തിരുവല്ല പോലീസ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് ഇയാൾ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനു പിന്നാലെ താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരേ കേസെടുത്തത്.
ഇയാൾക്കെതിരേ ഭാരതീയ ന്യായ സംഹിത 192,296(ബി) കെ.പി ആക്ട് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്ത പിന്നാലെ അജു അലക്സ് ഒളിവിലായിരുന്നു. ഇയാളുടെ പരാമർശം മോഹൻലാൽ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണെന്ന് തിരുവല്ല പോലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.