ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം കർഷകരുടെയും കോൺഗ്രസിന്റെയും മഹത്തായ വിജയമെന്ന് മുതിർന്ന നേതാവ് പി ചിദംബരം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകബിൽ പിൻവലിച്ച മോദിയുടെ പ്രവർത്തിയെ അദ്ദേഹം പരിഹസിച്ചു. “തിരഞ്ഞെടുപ്പ് ഭയം” എന്നാണ് അദ്ദേഹം മോദിയുടെ കർഷക ബിൽ പിൻവലിച്ച പ്രവർത്തിയെ പരിഹസിച്ചത്.
“ജനാധിപത്യ പ്രതിഷേധങ്ങൾ കൊണ്ട് നേടാൻ കഴിയാത്തത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഭയന്ന് നേടാനാകും!” ചിദംബരം ട്വീറ്റ് ചെയ്തു. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നയം മാറ്റത്തിലോ മനംമാറ്റത്തിലോ പ്രചോദനം ഉൾക്കൊണ്ടതല്ല. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഭയമാണ് ഇതിന് പ്രേരണയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും ഇത് കർഷകരുടെയും കാർഷിക നിയമങ്ങളോടുള്ള എതിർപ്പിൽ അചഞ്ചലമായ കോൺഗ്രസ് പാർട്ടിയുടെയും വലിയ വിജയമാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.