അഹമ്മദാബാദ്∙ 12 സിംഹങ്ങളുടെ കാവലിൽ യുവതി കുട്ടിക്ക് ജന്മം കൊടുത്തു .അതും കൊടും കാട്ടിൽ , ഗുജറാത്തിലെ ഗിർ വനത്തിൽ ജൂൺ 29നാണ് അവിശ്വനീയമായ പ്രസവം നടന്നത്.പ്രസവ വേദനയെത്തുടർന്ന് ‘108’ ആംബുലൻസിൽ ആശുപത്രിയിലേക്കു പോവുകയായിരുന്നു ലുനാസ്പുർ സ്വദേശിയായ മങ്കുബെൻ മക്‌വാന. കാടിനു നടുവിലൂടെ ജാഫർബാദിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര. പുലർച്ചെ രണ്ടരയോടെ പ്രസവവേദന കൂടി. ഈ സമയമാണ് ആംബുലൻസിന് അരികിലേക്കു സിംഹങ്ങൾ കൂട്ടമായെത്തിയത്. പാതിരാത്രിയിൽ മകനെ പ്രസവിച്ചതിന്റെ നിർവൃതിയിലാണ് 32കാരിയായ മങ്കുബെൻ മക്‌വാന.
എമർജൻസി മാനേജ്മെന്റ് ടെകിനീഷ്യൻ (ഇഎംടി) അശോക് മക്‌വാനയാണ് ആംബുലൻസിൽ ഒപ്പമുണ്ടായിരുന്നത്. യുവതിക്ക് ഉടനെ പ്രസവം നടക്കുമെന്നു മനസിലാക്കിയ അശോക്, മനസാന്നിധ്യം വീണ്ടെടുത്ത് സാഹചര്യത്തിനൊത്തു പ്രവർത്തിച്ചു. ഡ്രൈവറോടു വാഹനം നിറുത്താൻ ആവശ്യപ്പെട്ടു. കൊടുങ്കാട്ടിൽ മനുഷ്യമണം തുടർച്ചയായി കിട്ടിയതോടെ സിംഹങ്ങൾ ആംബുലൻസിന് അടുത്തേക്കു വരികയായിരുന്നു. ഇതിനിടെ, അശോക് ഡോക്ടറെ ഫോണിൽ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചു.
ഡോക്ടറുടെ നിർദേശമനുസരിച്ചാണു ധൈര്യത്തോടെ പ്രസവം കൈകാര്യം ചെയ്തതെന്നു അശോക് പറഞ്ഞു. പ്രദേശവാസിയായ ഡ്രൈവർ രാജു ജാദവിനു സിംഹങ്ങളുടെ പെരുമാറ്റങ്ങൾ മനസിലാവും. സിംഹങ്ങളെ പ്രകോപിപ്പിക്കാതിരിക്കാൻ ജാദവ് ശ്രദ്ധിച്ചു. 20 മിനിറ്റോളമാണ് വാഹനം നിറുത്തിയിട്ടത്. ആംബുലൻസിനു സമീപത്തും ചുറ്റുവട്ടത്തെ കാട്ടിലുമായി 12 സിംഹങ്ങൾ ഈ സമയം ഞങ്ങളെ വീക്ഷിച്ചുകൊണ്ടു നിന്നു. പ്രസവശേഷം ആംബുലൻസ് സ്റ്റാർട്ട് ആക്കിയപ്പോൾ സിംഹങ്ങൾ വഴിമാറി തന്നുവെന്നും പ്രകാശ് പറയുന്നു. അമ്മയെയും കുഞ്ഞിനെയും ജാഫർബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.