കൊച്ചി: അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് തിരിച്ചടി നല്‍കി വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാന്‍ നടുറോഡില്‍വെച്ചാണ് തന്നെ കടന്നു പിടിച്ചതെന്ന് യുവതി പറയുന്നു. കേസ് ഇല്ലാതാക്കാന്‍ ധനേഷും കുടുംബവും സുഹൃത്തുക്കളും ഇതിനോടകം തന്നെ സ്വാധീനിച്ചെന്നും യുവതി പറയുന്നു.
മൊഴിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. ധനേഷ് തന്നെയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് താന്‍ പൊലീസിനോടും പറഞ്ഞിട്ടുണ്ട്. ഇതില്‍ താന്‍ മാറ്റമൊന്നും വരുത്തില്ല. മൊഴിയില്‍ ഉറച്ചു നില്‍ക്കും. കേസായപ്പോള്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനാണ് ധനേഷ് ശ്രമിച്ചത്. ഒരു കൂട്ടം അഭിഭാഷകരും തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ്.
സംഭവം നടന്ന അന്നു തന്നെ താന്‍ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. ഡിസിപി ഇയാള്‍ തന്നെയാണോ ആള്‍ എന്നു ചോദിച്ചു. അതേ എന്നു താന്‍ പറഞ്ഞു. അന്നു രാത്രി രണ്ടു സ്ത്രീകള്‍ തന്നെ വീട്ടില്‍ വന്നു കണ്ടിരുന്നു. അതില്‍ ഒരാള്‍ പറഞ്ഞത് കൂടെയുള്ള യുവതി ധനേഷിന്റെ ഭാര്യയാണെന്നും അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുമാണ്. ഇത്രയും നാള്‍ താന്‍ മിണ്ടാതെ ഇരിക്കുകയായിരുന്നു. എന്നാല്‍, അത് അവര്‍ മുതലെടുത്തു തനിക്കെതിരെ കള്ളപ്രചാരണം നടത്തി. ഇനി കേസുമായി മുന്നോട്ടു പോകുകയാണെന്നും വീട്ടമ്മ പറഞ്ഞു.
ധനേഷിനു തെറ്റുപറ്റിയെന്നും കുടുംബജീവിതം തകര്‍ക്കരുതെന്നും ധനേഷിന്റെ അമ്മയടക്കം തന്നോട് കരഞ്ഞ് അഭ്യര്‍ത്ഥിച്ചിരുന്നു. പല അവസരത്തിലും കേസില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായെന്നും യുവതി വെളിപ്പെടുത്തി. താന്‍ കേസില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് .യുവതിക്ക് പരാതിയില്ലെന്നായിരുന്നു ധനേഷ് കഴിഞ്ഞ ദിവസവും കോടതിയില്‍ പറഞ്ഞിരുന്നത്.
ധനേഷിനെ നാട്ടുകാര്‍ തന്നെയാണ് പിടികൂടിയത്. ആ സമയം അയാള്‍ മാപ്പു പറഞ്ഞു. കാന്‍സര്‍ ബാധിതയായ കുട്ടിയടക്കം രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും കുടുംബം തകര്‍ക്കരുതെന്നും പറഞ്ഞതായി യുവതി വെളിപ്പെടുത്തി. മാല പൊട്ടിച്ചു കടന്നു കളഞ്ഞുവെന്ന ധാരണയിലാണ് നാട്ടുകാര്‍ പിടികൂടിയെങ്കിലും പീഡനശ്രമമാണെന്ന് യുവതി തുറന്നു പറയുകയായിരുന്നു. ധനേഷ് മാത്യുവിന്റെ ഭാര്യയും അമ്മയും കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ അവരോട്് നീതി കാണിച്ചതെന്നും എന്നാല്‍ ആ നീതി തനിക്കു ലഭിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി. ധനേഷ് മാത്യുവും അയാളുടെ അഭിഭാഷക സുഹൃത്തുക്കളും നിരന്തരമായി തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നും യുവതി പറഞ്ഞു. നാട്ടുകാര്‍ ആവശ്യപെട്ടത് അനുസരിച്ച് താന്‍ തന്നെയാണ് പൊലീസിനെ മൊബൈലില്‍ വിളിച്ചതെന്നും യുവതി പറഞ്ഞു. താന്‍ ആദ്യമായാണ് ധനേഷിനെ കാണുന്നതെന്നും യുവതി പറഞ്ഞു.
ധനേഷ് തന്നെയാണ് യുവതിയെ കടന്നു പിടിച്ചതെന്ന് എംജി റോഡില്‍ ചായക്കട നടത്തുന്ന ഷാജി എന്ന ദൃക്സാക്ഷിയും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഇയാള്‍ പൊലീസിനും മൊഴി നല്‍കിയിട്ടുണ്ട്. ഹോട്ടലിലേക്ക് പച്ചക്കറി വാങ്ങാന്‍ പോകുന്ന വഴിയാണ് സംഭവം നേരില്‍ കണ്ടതെന്നും ഇത്തരമൊരു സംഭവം ധനേഷ് മാത്യു മാഞ്ഞൂരാന്‍ നിഷേധിച്ച സാഹചര്യത്തിലാണ് മൊഴി നല്‍കാന്‍ മുന്നോട്ടു വന്നതെന്നും ഷാജി അന്നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 14നാണ് ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ചത്. രാത്രി ഏഴു മണിക്കായിരുന്നു സംഭവം. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി ധനേഷിനെ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് പൊലീസില്‍ ഏല്‍പിച്ചതും. രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ധനേഷ് കടന്നു പിടിച്ചെന്നു വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നായിരുന്നു അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംഘര്‍ഷം അഴിച്ചുവിട്ടത്.