ഭര്‍ത്താവിനെ പിരിച്ചുവിട്ടതിന് റിസോര്‍ട്ട് മാനേജരെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയുടെ കഥ; ഗുണ്ടകളെ ഏല്‍പ്പിച്ച പൊന്നു ഹരിലാല്‍ പോലീസ് പിടിയിലായി

തിരുവനന്തപുരം: ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു പ്രതികാരം ചെയ്ത ഭാര്യ പോലീസ് അറസ്റ്റ് ചെയ്തു. കുമിളിയിലെ റിസോര്‍ട്ട് ഉടമകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകാര്യം ശബരീനഗറില്‍ ശരത്തിന്റെ ഭാര്യ പൊന്നു ഹരിലാല്‍ ആണ് അറസ്റ്റിലായത്. കുമളിയില്‍ സ്വകാര്യ റിസോര്‍ട്ട് ഗ്രൂപ്പിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലായത്.

പൊന്നു അടക്കം എട്ട് പേരെ പൊലീസ് ക്വട്ടേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. കുറുവിലങ്ങാട് കോടനാട് ആലടിച്ചിറ കണിയാരംകുടിയില്‍ വീട്ടില്‍ അജയ്, കട്ടപ്പന സ്വദേശികളായ വള്ളക്കടവ് പറുവക്കുന്നേല്‍ വീട്ടില്‍ ലിജോ ജോസഫ്, പേഴുംകവല കുഞ്ഞുവീട്ടില്‍ രഞ്ജിത്, പുത്തന്‍പുരയ്ക്കല്‍ സുഭാഷ്, കുന്നുപുരയിടത്തില്‍ മിഥുന്‍ കെ വിജയന്‍, കൊച്ചറ നെറ്റിത്തൊഴുപട്ടംപറമ്പില്‍ എല്‍ദോ എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ ഒളിവിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് ശരത്, അജയ് എന്നീ ജീവനക്കാരെ ഈ റിസോര്‍ട്ടില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ക്വട്ടേഷന്‍ ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വേദാന്ത വേക്ക്അപ്പ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് റിസോര്‍ട്ട് ഗ്രൂപ്പിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പൂണെ സ്വദേശി വരുണ്‍ ജോര്‍ജ്ജ് തോമസിനെ കുമളിയിലുള്ള റിസോര്‍ട്ടിന്റെ മുറിയില്‍ വച്ച് കൈകാലുകളും കണ്ണും വായും ബന്ധിച്ചതിനു ശേഷം ആക്രമിക്കുകയായിരുന്നു.

കൂടാതെ വരുണിന്റെ മൊബൈല്‍ ഫോണുകളും, 5000 രൂപയും ക്രഡിറ്റ് കാര്‍ഡുകളും, തിരിച്ചറിയല്‍ രേഖകളും ഇവര്‍ അപഹരിച്ചിരുന്നു. വരുണിന്റെ ചെക്ക്‌ലീഫ് ഉപയോഗിച്ച് തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ നിന്നും ഇവര്‍ എഴുപതിനായിരം രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ പതിനയ്യായിരത്തോളം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആറംഗ സംഘം ഈ റിസോര്‍ട്ടില്‍ രാത്രിയില്‍ മുറിയെടുത്തിരുന്നതായി ജീവനക്കാര്‍ മൊഴിനല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിനായി ഇരുപതിനായിരം രൂപ നല്‍കി പൊന്നുവാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. ഇവര്‍ ക്വട്ടേഷന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടോയെന്ന് കണ്ടെത്താനും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പീരുമേട് സിഐ മനോജ്കുമാര്‍ പറഞ്ഞു.

Top