
ഒരു സാധാരണ ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ താരമായി രജനീകാന്ത് മാറിയതിന് പിന്നില്‍ ത്യാഗ നിര്‍ഭരമായ ഒരു പ്രേമത്തിന്റെ കണ്ണീര്‍ കഥയുണ്ടെന്ന വെളിപ്പെടുത്തലുമായി നടന്‍ ശ്രീനിവാസന്‍. രജനീകാന്തിന്റെ കണ്ടക്ടര്‍ ജീവിതം അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന കണ്ടക്ടര്‍ ഇന്നത്തെ രജനീകാന്താകുന്നതിന് പിന്നില്‍ ആരും അറിയാത്ത ഒരു കഥയുണ്ട്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠിയുടെ കഥ ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നത്.
കണ്ടക്ടറായിരുന്ന കാലഘട്ടത്തില്‍ സ്ഥിരമായി തന്റെ ബസില്‍ യാത്ര ചെയ്യാറുള്ള ഒരു പെണ്‍കുട്ടിയുമായി രജനി പ്രണയത്തിലായി. ഒരിക്കല്‍ ബസിന്റെ പിന്നിലൂടെ കയറാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മുന്നിലൂടെ കയറണമെന്ന് വഴക്കു പറഞ്ഞെങ്കിലും, പിന്നീട് പലതവണ കണ്ടു പരിചയിച്ച അവര്‍ക്കിടയില്‍ പ്രണയം മൊട്ടിടുകയായിരുന്നു. അന്ന് സിനിമാ മോഹം ഉള്ളില്‍ കൊണ്ടു നടന്ന രജനി ഇടയ്ക്കിടെ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. അത്തരത്തിലൊരു നാടകം കണ്ട പെണ്‍കുട്ടി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരണമെന്ന് രജനിയെ നിര്‍ബന്ധിച്ചു. തന്റെ അന്നത്തെ കഷ്ടപ്പാടുകള്‍ രജനി പെണ്‍കുട്ടിയെ അറിയിച്ചെങ്കിലും, കാശിന്റെ കാര്യമൊക്കെ താന്‍ നോക്കി കൊള്ളാമെന്ന മറുപടിയാണ് അവള്‍ നല്‍കിയത്.
തുടര്‍ന്ന് പ്രണയിനിയുടെ സഹായത്താല്‍ രജനി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം അവളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതാവുകയായിരുന്നു. തന്നെപ്പോലൊരു ദരിദ്രനെ വിവാഹം കഴിക്കാതിരിക്കാന്‍ അന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളെ തന്നില്‍ നിന്നും അകറ്റിയതാകാം എന്ന് സൂപ്പര്‍ താരം ഇന്നും വിശ്വസിക്കുന്നു. ജീവിതത്തില്‍ അവളെ ഒരു നോക്കു കൂടി കാണാനാണ് താന്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് രജനി ഒരിക്കല്‍ നടന്‍ ദേവനോട് പറഞ്ഞതായും അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്.
ഒരു നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹിയാണ് രജനി എന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ശ്രീനി പറഞ്ഞു. തന്നോടൊപ്പം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച, സിനിമയില്‍ ഒന്നും ആകാന്‍ കഴിയാതെ പോയ പലര്‍ക്കും തന്റെ സ്ഥാപനങ്ങളില്‍ രജനി ജോലി നല്‍കിയിട്ടുണ്ടെന്ന കാര്യം അഭിമുഖത്തില്‍ ശ്രീനി ഓര്‍ത്തു.