ബന്ധുക്കള്‍ക്ക് മുന്നില്‍ ആളാകാന്‍ കാറും മോഷ്ടിച്ച് കല്യാണം കൂടാനെത്തി; യുവതി പോലീസ് പിടിയില്‍

ഡല്‍ഹി: തന്നോട് നീരസമുള്ള ബന്ധുക്കള്‍ക്ക് മുന്നില്‍ ആളാകുന്നതിനായി മോഷ്ടിച്ച കാറുമായി കല്യാണം കൂടാനെത്തിയ യുവതിയെ പിടികൂടി പോലീസ്. ഡെറാഡൂണില്‍ ടാക്സി ഡ്രൈവറായ സുബാം ശര്‍മ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി എടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശര്‍മ പോലീസില്‍ പരാതി നല്‍കിയത്.

രണ്ടു യുവതികളും യുവാവുമടങ്ങുന്ന സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കാര്‍ തട്ടിയെടുത്തതെന്ന് ശര്‍മ്മ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗസാല എന്ന സപ്നയും വംശ് വര്‍മയും പോലീസ് പിടിയിലായത്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും ടാക്സി ബുക്ക് ചെയ്ത ശേഷം യാത്രക്കിടെ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറുമായി കടന്നു കളയുകയായിരുന്നു. 2009 ല്‍ വിവാഹിതയായ സപ്ന ഭര്‍ത്താവുമായി പിണങ്ങി വംശിനൊപ്പം ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. ബന്ധുക്കളുമായി അത്ര രസത്തിലല്ലാതിരുന്നതിനാല്‍ അവരില്‍ മതിപ്പുളവാക്കാന്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് സപ്ന മോഷണത്തിനൊരുങ്ങിയത്. സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കാറുമായി പോയി മടങ്ങിയെത്തിയ ശേഷം രഘുബീര്‍ നഗറിനു സമീപം കാര്‍ ഉപേക്ഷിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാറില്‍ ഘടിപ്പിച്ച ജിപിഎസ് ഉപകരണമാണ് പോലീസിനെ കാര്‍ കണ്ടെത്താന്‍ സഹായിച്ചത്. നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് കാര്‍ ഉപയോഗിച്ചത്. രഘുബീര്‍ നഗറിലെ ഒരാളുടെ പക്കല്‍ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്നും സപ്നയും വംശും പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ സഹായിച്ച മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.

Top