തിരുവനന്തപുരം: എന്തുണ്ടായാലും മല ചവിട്ടി അയ്യപ്പനെ കണ്ടിട്ടേ പോകുകയുള്ളൂയെന്ന് മനിതി എന്ന സംഘടനയുടെ നേതാവ് സെല്‍വി. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന സ്ത്രീകളുമായെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഞാനടക്കം 40 പേര്‍ എത്തുമെന്നും സംഘത്തില്‍ ഒരാള്‍ ഒഴികെ എല്ലാവരും 50 വയസിന് താഴെയുള്ളവരാണെന്നും സെല്‍വി പറഞ്ഞു.
ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെ വാര്‍ത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം.മുന്‍പ് വന്നവരില്‍ മതത്തിന്റെയും ആക്ടിവിസത്തിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ വിശ്വാസികളാണ്. അതുതന്നെയാണ് ഞങ്ങള്‍ക്കുള്ള ആത്മവിശ്വാസവും. 23ന് ഞങ്ങള്‍ പത്തനംതിട്ടയിലെത്തുമെന്നും സെല്‍വി പറയുന്നു.
സന്ദര്‍ശനം നടത്തുന്ന കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്കും കത്ത് അയച്ചിരുന്നു. സുരക്ഷ ഒരുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. കത്ത് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി വന്നിട്ടുണ്ട്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് എത്തുന്ന ഞങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ കേരള സര്‍ക്കാര്‍ ഒരുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും സെല്‍വി പറഞ്ഞു.