തൃശൂര്‍:തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മുരന്‍ഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് നോട്ട കൂട്ടായ്മ രംഗത്തെത്തി. ഇനി പാര്‍ട്ടികള്‍ സ്ത്രീകളുടെ വോട്ടുകള്‍ അധികമൊന്നും പ്രതീക്ഷിക്കണ്ട. സ്ത്രീകളുടെ വോട്ട് മുഴുവന്‍ നോട്ട കൊണ്ടു പോകുമെന്ന് ഉറപ്പായി. സ്ഥാനാര്‍ത്ഥി പരിഗണനയില്‍ സ്ത്രീകളെ അവഗണിക്കുന്നതിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് നോട്ടയ്ക്ക് വോട്ടിടാനുള്ള ആഹ്വാനം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകൂട്ടായ്മയായ വിങ്സിന്റേതാണ് സമ്മതിദാനാവകാശം സമരമാക്കാനുള്ള ആഹ്വാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീകളെ അവഗണിക്കുന്ന മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളോടുള്ള അമര്‍ഷം പ്രകടിപ്പിക്കാനാണ് നോട്ടക്ക് വോട്ട് ചെയ്ത് പ്രതിഷേധമറിയിക്കാന്‍ വിങ്സ് ആഹ്വാനം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയും ആര്‍ജ്ജവവുമുണ്ടായിട്ടും സ്ത്രീകളെ വോട്ടുകുത്തി യന്ത്രങ്ങളാക്കി അവഗണിക്കുകയാണെന്നാണ് ആരോപണം. സോഷ്യല്‍മീഡിയയെ അടക്കം ഉപയോഗിച്ച് സംസ്ഥാനത്തുടനീളം പ്രചാരണം സംഘടിപ്പിക്കാനാണ് വിങ്സിന്റെ നീക്കം.
സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നിടത്ത് സമ്മതിദാനാവകാശം അവര്‍ക്കായി വിനിയോഗിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടെ സമാന ചിന്തയുള്ള സ്ത്രീകൂട്ടായ്മകളെ ഏകോപിപ്പിച്ച് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനും വിങ്സ് ആലോചിക്കുന്നുണ്ട്.