വിരട്ടി നിലയ്ക്കു നിര്‍ത്താമെന്നു കരുതണ്ട; വലിപ്പം കൂടിയവര്‍ക്കുള്ള അയഞ്ഞ കുപ്പായമല്ല വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവനകള്‍ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍. വനിതാ കമ്മീഷനെ വിരട്ടി നിലക്കു നിര്‍ത്താമെന്ന് കരുതേണ്ടെന്ന് ജോസഫൈന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ജനപ്രിതിനിധിയുടെ പരാമര്‍ശം കേരളത്തിലെ ജനങ്ങളുടെ അന്തസിനെ ഹനിക്കുന്നതാണ്. പരാമര്‍ശം അങ്ങേയറ്റം ഖേദകരമാണ്. വലിപ്പം കൂടിയവര്‍ക്കുള്ള അയഞ്ഞ കുപ്പായമല്ല വനിതാ കമ്മീഷനെന്നും ജോസഫൈന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, നടിക്കെതിരെ പി.സി ജോര്‍ജ് എം.എല്‍.എയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അതൃപ്തി അറിയിച്ചിരുന്നു.

 പി.സി യുടെ മൊഴിയെടുക്കാന് അനുമതി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. വനിതാ കമ്മീഷന്‍ നാളെ ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിക്കുന്നുമുണ്ട്.

ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം പ്രസ്താവന ഇറക്കിയിരുന്ന പി.സി ജോര്‍ജിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വനിതാ കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി രംഗത്തെത്തുകയായിരുന്നു.

യോഗ്യതയുള്ളവര്‍ വേണം വനിതാകമ്മീഷന്റെ തലപ്പത്തിരിക്കാനെന്നും വനിതാ കമ്മീഷനെന്ന് കേള്‍ക്കുമ്പോള്‍ തന്നെ തനിക്ക് പേടിയാകുന്നു. എന്നുമായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. നടിക്കെതിരായ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

പി.സി ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജിന്റെ വിടുവായത്തം എല്ലാ പരിധികളും ലംഘിച്ചതായി സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആക്രമിക്കപ്പെട്ട നടിയെക്കൊണ്ട് താന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ എന്ന് ചോദിപ്പിച്ച അവസ്ഥയില്‍ വരെയെത്തി ജോര്‍ജ്ജിന്റെ വാക്കുകള്‍. സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് ഇപ്പോള്‍ പി.സി ജോര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കുന്നത്. മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‌വഴക്കമുണ്ട്. ആരും അത് മറക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടിയും സ്പീക്കര്‍ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു.

Top