ദില്ലി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞതിനു പിന്നാലെ ശനി ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണോ വേണ്ടെയോ എന്ന തര്‍ക്കങ്ങള്‍ കാലങ്ങളായി നടക്കുന്നതാണ്. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കഴിഞ്ഞ വെള്ളിയാഴ്ച പരിഹാരം കാണുകയായിരുന്നു.
ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് അഭിഷേക പൂജകള്‍ നടത്തി. ഇതിനെതിരെ പലരും രംഗത്തുവന്നു. ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ ബലാത്സംഗം വര്‍ദ്ധിക്കുമെന്നാണ് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി മഹാരാജ് പറയുന്നത്. പരമ്പരാഗത വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അത്ര നല്ലതല്ല.
സ്ത്രീകള്‍ ശനിയെ ആരാധിക്കുന്നതും ബലാത്സംഗം വര്‍ദ്ധിക്കുന്നതിന് കാരണമായി ശങ്കരാചാര്യ സ്വാമി ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്ര പ്രവേശനത്തില്‍ ലിംഗവിവേചനം പാടില്ലെന്ന് കാണിച്ച് ബോംബെ ഹൈക്കോടതി ആഴ്ചകള്‍ക്ക് മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്ക് തുടരുകയായിരുന്നു. പിന്നീട് വെള്ളിയാഴ്ച ചേര്‍ന്ന ക്ഷേത്ര ട്രസ്റ്റി യോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുയായിരുന്നു.