മഡ്രിഡ്∙ ഇന്ത്യൻ താരം കിഡംബി ശ്രീകാന്തിന് ലോക ബാഡ്മിന്റൻ പുരുഷ സിംഗിൾസ് വെള്ളി.ഫൈനലിൽ സിംഗപ്പൂർ താരം ലോ കീൻ യുവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ശ്രീകാന്തിന്റെ തോൽവി. സ്‌കോര്‍: 21-15, 22-20. ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകളിലും ലീഡ് ചെയ്ത ശേഷമായിരുന്നു ശ്രീകാന്ത് മത്സരം കൈവിട്ടത്.
ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ വെള്ളി മെഡൽ നേട്ടമാണ് ശ്രീകാന്ത് നേടിയത്. നേരത്തെ സെമിയിൽ സ്വന്തം നാട്ടുകാരൻ തന്നെയായ ലക്ഷ്യ സെന്നിനെ മറികടന്ന് ഫൈനലിൽ എത്തിയതോടെ ടൂർണമെന്റ് ചരിത്രത്തിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം കൂടി ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു.
വെള്ളി മെഡൽ നേട്ടത്തോടെ പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത് (2019), ലക്ഷ്യ സെന്‍ (2021) എന്നിവര്‍ക്ക് ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യൻ പുരുഷ താരം കൂടിയാണ് ശ്രീകാന്ത്.
12-ാം സീഡായി ചാമ്പ്യൻഷിപ്പിനെത്തിയ ശ്രീകാന്ത് ആദ്യറണ്ടില്‍ സ്‌പെയിനിന്റെ പാബ്ലോ അബിയാനെയും (21-12, 21-16) രണ്ടാം റൗണ്ടില്‍ ചൈനയുടെ ലി ഷിഫെങ്ങിനെയും (15-21, 21-18, 21-17) തോല്‍പ്പിച്ചു. മൂന്നാംറൗണ്ടില്‍ ചൈനയുടെ ലു ഗുവാങ്ഷു (21-10, 21-15)വിനെ കീഴടക്കി. ക്വാര്‍ട്ടറില്‍ കല്‍ജോവിനെ (21-8, 21-7) 26 മിനിറ്റില്‍ കീഴടക്കി സെമിയിലേക്ക് പ്രവേശിച്ച താരം ലക്ഷ്യ സെന്നിനെ മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ മറികടന്നാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.
ഇത്തവണത്തെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടാൻ കഴിഞ്ഞതും ഇന്ത്യക്ക് നേട്ടമായി. ടൂർണമെന്റിൽ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്. സെമിയിൽ ശ്രീകാന്തിനോട് പരാജയപ്പെട്ട ലക്ഷ്യ സെൻ വെങ്കലം നേടിയിരുന്നു.