ദില്ലി: യമുനാ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടി സംഘടിപ്പിച്ച് വിവാദത്തിലായ ശ്രീ ശ്രീ രവിശങ്കറിനെതിരെ വീണ്ടും റിപ്പോര്‍ട്ട്. രവിശങ്കര്‍ യമുനാ നദീതീരത്തെ ജൈവ വൈവിധ്യം പൂര്‍ണമായും തകര്‍ത്തെന്നാണ് പറയുന്നത്.
നഷ്ടപ്പെട്ട ജൈവവൈവിധ്യം ഇനി വീണ്ടെടുക്കുക അസാധ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീരം നികത്തിയത് ജൈവവ്യവസ്ഥയെ ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ഹരിത ട്രിബ്യുണല്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തല്‍. യമുനാ തീരത്തെ ജൈവവൈവിധ്യം പുനഃസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി ശശി ശേഖറിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി കണ്ടെത്തി. റിപ്പോര്‍ട്ട് ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ചു.
സമ്മേളനം നടന്ന ഡിഎന്‍ഡി ഫ് ളൈ ഓവറിനും ബാരാപുല്ല കനാലിനും ഇടയിലുള്ള യമുനാ നദീതീരം പൂര്‍ണമായും നശിച്ചതായാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. ഇവിടത്തെ ജൈവവ്യവസ്ഥ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഇതുമൂലം നഷ്ടപ്പെട്ട ജൈവവൈവിധ്യം വീണ്ടെടുക്കുക അസാധ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതിയുടെ പഠനം ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍ തടഞ്ഞതായും സമിതി ദേശീയ ഹരിത ട്രിബ്യൂണലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, കണ്ടെത്തലുകള്‍ വാസ്തവമല്ലെന്നു ആര്‍ട്ട് ഓഫ് ലിവിംഗ് പറയുന്നു.
ലോകസാംസ്‌കാരിക സമ്മേളനത്തിന് ശേഷം യമുനാതീരം പൂര്‍വസ്ഥിതിയില്‍ ആക്കിയിട്ടുണ്ടെന്നും ഇത് വിദഗ്ധ സമിതിയക്കൊണ്ട് പരിശോധിപ്പിച്ച് പിഴയില്‍ ഇളവ് വേണമെന്നും നേരത്തെ ആര്‍ട്ട് ഓഫ് ലിവിംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ നേരത്തെ ഈ ആവശ്യം തള്ളുകയും ബാക്കി 4.75 കോടിരൂപ കൂടി പിഴയടയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ തുക ജൂണ്‍ മാസത്തില്‍ അടച്ചു.
ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ സമ്മേളനം മൂലം യമുനാ തീരത്തിനുണ്ടായ പരിസ്ഥിതിയാഘാതത്തെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. മാര്‍ച്ച് 11 മുതല്‍ 14 വരെയായിരുന്നു യമുനാ നദീതീരത്ത് ലോകസാംസ്‌കാരിക സമ്മേളനം അരങ്ങേറിയത്. ഇതിനായി വേദിയൊരുക്കുന്നതിനും മറ്റുമായി യമുനാതീരത്തെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് രൂപമാറ്റം വരുത്തിയത്. ഇതിന്റെ പേരില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് ഹരിത ട്രിബ്യൂണല്‍ 120 കോടി രൂപ പിഴ വിധിച്ചിരുന്നു.