ട്രോളന്മാര്‍ക്ക് തിരക്കോട് തിരക്കാണ്. സോഷ്യല്‍മീഡിയ ട്രോളന്മാര്‍ കയ്യേറി എന്നും വേണമെങ്കില്‍ പറയാം. അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ അര്‍ജന്റീന തോല്‍ക്കുമെന്ന് പ്രവചിച്ച അക്കില്ലെസ് നിമിഷങ്ങള്‍കൊണ്ടാണ് ട്രോളന്മാരുടെ ശ്രദ്ധയില്‍ പെട്ടത്. അക്കില്ലെസ് എന്ന കുഞ്ഞന്‍ പൂച്ചയ്ക്ക് ട്രോളുകളുടെ അഭിഷേകമാണ്. കേല്‍വിശക്തിയില്ലാത്ത അക്കില്ലെസിനെ ഒരു വശത്ത് താഴിത്തുമ്പോള്‍ മറുവശത്ത് സുലൈമാന്‍ കോഴി താരമായിരിക്കുകയാണ്.
ഫുട്‌ബോള്‍ പ്രവചനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന സമയമാണ് ലോകകപ്പ് പോലുള്ള കാല്‍പന്ത് മത്സരങ്ങള്‍. ഇവിടെ മനുഷ്യര്‍ക്കും പൂച്ചകള്‍ക്കും മാത്രമല്ല ഏതൊരു ജീവജാലത്തിനും പ്രവാചകര്‍ എന്ന നിലയിലേയ്ക്ക് എത്താം. എന്നാല്‍, പ്രവചനം സത്യമായിരിക്കണമെന്ന് മാത്രം. അങ്ങനെ പ്രവചനം നടത്തിയാണ് സുലൈമാന്‍ കോഴി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.
അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ അര്‍ജന്റീനിയന്‍ വിജയം പ്രവചിച്ച കോഴിയുടെ വാക്ക് സത്യമായിരിക്കുകയാണ്. ഇതിന്റെ വീഡിയോ നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. നൈജിരിയയുടെ ഒരു ഗോളിനെതിരെ രണ്ട് ഗോളിന്റെ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. കൃത്യമായി പ്രവചനം നടത്തിയ കോഴി അങ്ങനെ ആരാധകരിലും സോഷ്യല്‍മീഡിയയിലും താരമായി.
അര്‍ജന്റീന, നൈജീരിയ എന്നിങ്ങനെ എഴുതിയ രണ്ട് പേപ്പറുകളില്‍ കോഴിക്കുള്ള ഭക്ഷണം വെച്ചു. ഇതില്‍ സുലൈമാന്‍ കോഴി തിരഞ്ഞെടുത്തത് അര്‍ജന്റീന എന്നെഴുതിയ പേപ്പറിലെ ഗോതമ്പ്. അതേസമയം, കോഴിയുടെ ഉടമസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അക്കില്ലെസിനുള്ള പൊങ്കാല തുടരുമ്പോള്‍ താരമാകുന്നത് സുലൈമാന്‍ കോഴിയാണ്.
അതേസമയം, മത്സരത്തില്‍ 14ാം മിനിറ്റിലാണ് മെസ്സി അര്‍ജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 51ാം മിനിറ്റില്‍ പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിക്ടര്‍ മോസസ് സൂപ്പര്‍ ഈഗിള്‍സിനെ ഒപ്പമെത്തിച്ചു. 86ാം മിനിറ്റിലായിരുന്നു റോഹോയുടെ വിജയഗോള്‍. 30ന് വൈകിട്ട് 7.30നാണ് അര്‍ജന്റീന ഫ്രാന്‍സിനെ നേരിടുന്നത്.
റോസ്റ്റോവില്‍ നടന്ന ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍, ക്രൊയേഷ്യ 2-1ന് ഐസ്‌ലന്‍ഡിനെ തോല്‍പിച്ചു. 53ാം മിനിറ്റില്‍ മിലന്‍ ബാഹേല്‍ജും 90ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചുമാണു ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. 76ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയില്‍നിന്നു സിഗുര്‍ദസന്‍ ഐസ്‌ലന്‍ഡിനായി ഗോള്‍ നേടി. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍ ജൂലൈ ഒന്നിനു രാത്രി 11.30ന് ഡെന്മാര്‍ക്കിനെ നേരിടും.
ആദ്യപകുതിയില്‍ അര്‍ജന്റീനയുടെ സമഗ്രാധിപത്യം. രണ്ടാം പകുതിയില്‍ മിന്നുന്ന പോരാട്ടം. അര്‍ജന്റീനയ്ക്ക് എല്ലാം ഭദ്രമെന്നു തോന്നിച്ച ഘട്ടത്തില്‍ ഹവിയര്‍ മഷരാനോയുടെ വലിയ പിഴവാണ് കളി നാടകീയമാക്കിയത്. കോര്‍ണര്‍ കിക്കിനിടെ അനാവശ്യമായ ഫൗളിലൂടെ മഷരാനോ വഴങ്ങിയ പെനല്‍റ്റി നൈജീരിയയ്ക്കു പിടിവള്ളിയായി. വിക്ടര്‍ മോസസിന്റെ ഗോളില്‍ സ്‌കോര്‍ 1-1.
വിജയികളുടെ ശരീരഭാഷയോടെ ആഞ്ഞടിച്ച അര്‍ജന്റീന, ആദ്യ രണ്ടു മല്‍സരങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒത്തിണക്കത്തോടെ മുന്നേറ്റങ്ങള്‍ കോര്‍ത്തിണക്കി. വലതു വിങ്ങില്‍നിന്ന് ഗബ്രിയേല്‍ മെര്‍ക്കാദോയുടെ ക്രോസില്‍ നിന്നു റോഹോ വിജയഗോള്‍ നേടിയതോടെ ഗാലറിയില്‍ ആരവവും തുടങ്ങി.