ഗാലറിയില്‍ സുന്ദരികളെ കാണുമ്പോഴുള്ള കോഴി സ്വഭാവം നിര്‍ത്തണം: ക്യാമറാമാന്മാര്‍ക്ക് ഫിഫയുടെ വിലക്ക്

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനിടെ മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് ഫിഫയുടെ കര്‍ശന താക്കീത്. ക്യാമറാമാന്മാരോട് കാണികള്‍ക്കിടയില്‍ നിന്നും സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണമെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം. ലോകകപ്പിനിടയില്‍ ലൈംഗിക അതിക്രമങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

റഷ്യന്‍ ലോകകപ്പില്‍ ലൈംഗിക അതിക്രമങ്ങളാണ് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ചതെന്നാണ് ഫിഫയുടെ വിവേചന വിരുദ്ധ സമിതിയുടെ വിലയിരുത്തല്‍. ഇതുവരെ ഇത്തരത്തില്‍ 30 ഓളം കേസുകളാണ് ഫിഫ സമിതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലോകകപ്പിന് മുന്‍പ് സ്വവര്‍ഗാനുരാഗവും വംശീയതയും കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നാണ് ഫിഫ കരുതിയത്. എന്നാല്‍ റഷ്യയില്‍ ചിത്രം മറ്റൊന്നായിരുന്നു. റഷ്യയില്‍ പൊതുനിരത്തില്‍ പോലും റഷ്യക്കാരായ സ്ത്രീകളെ കണി കാണാനെത്തിയ വിദേശികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശാരീരികമായി ആക്രമിക്കുക കൂടി ചെയ്തതായാണ് ഫിഫ കണ്ടെത്തിയിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത കേസുകളേക്കാള്‍ പത്ത് മടങ്ങ് അധികമാണ് റഷ്യയില്‍ ലോകകപ്പിന്റെ മറവില്‍ നടന്ന ലൈംഗിക അതിക്രമങ്ങളെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിത റിപ്പോര്‍ട്ടര്‍മാരെ ശാരീരികമായി ശല്യം ചെയ്യുകയും ഉമ്മ വയ്ക്കുകയും ചെയ്ത നിരവധി കേസുകളുണ്ടെന്നും ഫിഫ സമിതി കണ്ടെത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടാണ് റഷ്യയില്‍ നിന്നും മത്സരം പ്രദര്‍ശിപ്പിക്കുന്ന ചാനലുകള്‍ക്കും ഫിഫ നിര്‍ദ്ദേശം നല്‍കിയത്. സത്രീകളെ തിരഞ്ഞ് പിടിച്ച്, അവരെ സൂം ചെയ്ത് മത്സരത്തിനിടെ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റഷ്യന്‍ പൊലീസുമായും പ്രാദേശിക ഏജന്‍സികളുമായും സഹകരിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ ഫിഫ ശ്രമിച്ചു. ഇവരില്‍ പലര്‍ക്കും ലോകകപ്പിനെത്തുന്ന കാണികള്‍ കരുതേണ്ട ഫാന്‍ ഐഡികള്‍ ഇല്ലായിരുന്നു. ഇവരെയെല്ലാം സ്വന്തം നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.

ഫിഫ ലോകകപ്പിനിടെ ഗെറ്റി ഇമേജസ് തങ്ങളുടെ വെബ്‌സൈറ്റില്‍ കാണികള്‍ക്കിടയില്‍ നിന്ന് പകര്‍ത്തിയ സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ചിത്രശേഖരം പ്രസിദ്ധീകരിച്ചിരുന്നു. ഫിഫയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇത് പിന്നീട് പിന്‍വലിച്ചു.

Latest