അവനെയിങ്ങനെ ആക്രമിക്കുന്നത് അസംബന്ധമാണ്: നെയ്മറിന് പിന്തുണയുമായി ഇതിഹാസ താരം റൊണാള്‍ഡോ

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിനിത് സമ്മിശ്ര വികാരങ്ങളുടെ ലോകകപ്പാണ്. ഗോളടിക്കുമ്പോഴും ടീം വിജയിക്കുമ്പോഴും നെയ്മറിനെതിരെ വിമര്‍ശനങ്ങളും കടുക്കുന്നു. കളിക്കിടെ പരുക്ക് അഭിനയിക്കുന്നുവെന്നാണ് നെയ്മറിനെതിരെ ഉയരുന്ന ആരോപണം. ഫൗള്‍ ചെയ്യപ്പെടുമ്പോള്‍ നിലത്ത് കിടന്നു കരയുന്നത് നെയ്മറിന്റെ അഭിനയമാണെന്നാണ് സോഷ്യല്‍ മീഡിയ അടക്കം പറയുന്നത്.

താരത്തെ വിമര്‍ശിച്ച് പ്രമുഖ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ നെയ്മറിന് അഭിനന്ദനവുമായി മുന്‍ ബ്രസീല്‍ താരവും ഫുട്ബോള്‍ ഇതിഹാസവുമായ റൊണാള്‍ഡോ രംഗത്തെത്തിയിരിക്കുകയാണ്. നെയ്മറിനെതിരെയുള്ള വിമര്‍ശനങ്ങളെ അസംബന്ധമെന്നാണ് റോണോ വിശേഷിപ്പിച്ചത്.

ഫുട്‌ബോള്‍ കണ്ടിട്ട് വേറെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. ഇത് പക്ഷെ തീര്‍ത്തും അസംബന്ധമാണ്. ഈ വിമര്‍ശനങ്ങള്‍ക്കൊക്കെ എതിരാണ് ഞാന്‍. അതിസമര്‍ത്ഥനായ കളിക്കാരനാണ് നെയ്മര്‍. അദ്ദേഹത്തെ എതിരാളികള്‍ മനഃപൂര്‍വം ഫൗള്‍ ചെയ്യുകയാണ്. റഫറി നെയ്മര്‍ക്കനുകൂലമായി നടപടികള്‍ കൈക്കൊള്ളുന്നില്ല എന്നും ഇതിഹാസ താരം പറയുന്നു.

നെയ്മറെ ഫൗള്‍ ചെയ്യുമ്പോള്‍ പലപ്പോഴും റഫറി വെറും നോക്കുകുത്തിയാണ്. അദ്ദേഹത്തിനെതിരെ ഇങ്ങനെ ആക്ഷേപമുന്നയിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ല. മാധ്യമങ്ങള്‍ കോളം നിറയ്ക്കാന്‍ വായില്‍ തോന്നിയത് പടച്ചുവിടുകയാണ്, റൊണാള്‍ഡോ പറഞ്ഞു.

അതേസമയം, നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റുകളുമായി ലോകകപ്പില്‍ തന്റെ സാന്നിധ്യം നെയ്മര്‍ അറിയിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച ബെല്‍ജിയത്തിനെതിരെയുള്ള മത്സരം ജയിക്കുകയാണ് ഇപ്പോള്‍ നെയ്മറിനും സംഘത്തിനും മുന്നിലുള്ള വെല്ലുവിളി. ഇരു ടീമുകളും കരുത്തരായതിനാല്‍ തീപാറും പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest
Widgets Magazine