മ്യൂസിക് ഫെസ്റ്റില്‍ മാസ്‌കും സാമൂഹിക അകലവുമില്ലാതെ പങ്കെടുത്തത് ആയിരങ്ങള്‍..

ബീജിംഗ്: കൊറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാന്‍ വീണ്ടും ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം വുഹാനില്‍ നടന്ന മ്യൂസിക് ഫെസ്റ്റില്‍ മാസ്‌കും സാമൂഹിക അകലവുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രണ്ട് ദിവസങ്ങളിലായാണ് വന്‍ ജനപങ്കാളിത്തത്തോടെ പരിപാടി നടന്നത്. ലോകത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഇടം ചൈനയിലെ വുഹാനായിരുന്നു. ചൈനീസ് വൈറസ് എന്നും മറ്റും ഇരട്ടപ്പേരുകളില്‍ അന്ന് അറിയപ്പെട്ട കൊറോണ ഇന്ന് മഹാമാരിയായി കേരളത്തെയുള്‍പ്പെടെ നിശ്ചലമാക്കിയിരിക്കുകയാണ്. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ ഇന്നത്തെ സാഹചര്യമാണ് ഇതിനിടയില്‍ പുതുപ്രതീക്ഷ നല്‍കുന്നത്.

2019-20 ല്‍ ലോകം ഭീതിയോടെ കണ്ട് വുഹാനില്‍ കഴിഞ്ഞ ദിവസമാണ് വമ്പന്‍ മ്യൂസിക് ഫെസ്റ്റിവല്‍ നടന്നത്. വുഹാന്‍ സ്‌ട്രോബറി മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പേരില്‍ നടന്ന പരിപാടിയില്‍ മാസ്‌കുകള്‍ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആടിത്തിമര്‍ക്കുന്ന ജനങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. 11000 പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. കൊവിഡ് വ്യാപനത്തില്‍ നിന്നും വലിയൊരു ശതമാനം വരെ മോചനം നേടിയതോടെയാണ് വുഹാന്‍ ജനത സാധാരണ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. ചൈനയില്‍ കൊവിഡ് അങ്ങിങ്ങായി ചെറിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും രാജ്യം ഇന്ന് കൊവിഡ് മുക്തമാണെന്ന് പറയാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളുടെ ജീവിതവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുമെല്ലാം സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. അതേസമയം അതിര്‍ത്തികളില്‍ കര്‍ശനനിയന്ത്രണങ്ങളുള്‍പ്പെടെ നിലനിര്‍ത്തി രാജ്യം രോഗവ്യാപനം ഇനിയുണ്ടാകാതിരിക്കാന്‍ ജാഗരൂകരാണ്. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ രോഗികളുടെ എണ്ണം പ്രതിദിനം ഉയരുകയും തുടരെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ കടുത്ത മാധ്യമ നിയന്ത്രണം മൂലം ലോകം കണ്ടതിനേക്കാള്‍ രൂക്ഷ സ്ഥിതിയായിരുന്നു വുഹാനില്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ രോഗവ്യാപനം തടയാനുള്ള പദ്ധതികളും ചൈനീസ് സര്‍ക്കാര്‍ കൃത്യമായി നടത്തി. രോഗവ്യാപനം കൂടിയ വേളയില്‍ തന്നെ ചൈനീസ് സര്‍ക്കാര്‍ പുതിയ കൊവിഡ് കെയര്‍ ആശുപത്രികള്‍ സ്ഥാപിച്ചു. രോഗികളുടെ എണ്ണം ഉയരുന്നതനുസരിച്ച് ഇവര്‍ക്ക് മതിയായ ചികിത്സ നല്‍കാനുള്ള സൗകര്യം രാജ്യത്തൊരുക്കി. ഒരു കോടിയിലേറെയാണ് വുഹാനിലെ മാത്രം ജനസംഖ്യ. രോഗവ്യാപനം ഉണ്ടായാല്‍ ആശുപത്രികള്‍ തികയില്ലെന്ന് സര്‍ക്കാരിന് മുന്‍കൂട്ടി കാണാനായി.

അടുത്തിടെ ഇന്ത്യയിലെ ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധിയെ പറ്റി സംസാരിക്കവെ അമേരിക്കയിലെ ചീഫ് മെഡിക്കല്‍ അഡൈ്വസറായ ആന്റണി ഫൗസി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ‘ ഒരു പ്രതിസന്ധി വന്നപ്പോള്‍ ചൈന ചെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ എമര്‍ജന്‍സി യൂണിറ്റുകള്‍ സ്ഥാപിക്കുകയും ജനങ്ങള്‍ക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുകയും ചെയ്തു. എല്ലാവരെയും അത്ഭുതപ്പെടുത്തിയ നേട്ടമായിരുന്നു അത്. ഇവിടെ ഞാന്‍ ടെലിവിഷനില്‍ കാണുന്നതനുസരിച്ച് ആശുപത്രിക്കും ചികിത്സയ്ക്കുമാണ് ആളുകള്‍ നെട്ടോട്ടമോടുന്നത്. (ഇന്ത്യയില്‍) അത് പ്രഥമപരിഗണനയാണ്,’ ഫൗസി ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആശുപത്രികള്‍ക്കൊപ്പം തന്നെ കൂട്ട പരിശോധനയായിരുന്നു ചൈനയുടെ മറ്റൊരു പ്രതിരോധം. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞാലും വലിയ രീതിയില്‍ ചൈന പരിശോധനയുടെ എണ്ണം കുറച്ചില്ല. രാജ്യത്തെ ജില്ലകള്‍ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്തി. ഇതിനിടയില്‍ വാക്‌സിന്‍ വികസന പ്രവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. പിന്നാലെ വാക്‌സിനേഷന് വലിയ പ്രാധാന്യം കൊടുത്തു. പ്രായമായവരില്‍ ഭൂരിഭാഗം പേരും രാജ്യത്തിന്ന് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. ഇന്ന് രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 50 ല്‍ താഴെയാണ്. ഏപ്രില്‍ 30 ന് വെറും 16 കൊവിഡ് കേസുകള്‍ മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

Top