വരുമോ തൂക്കു കയറിലും സംവരണം?
കഴിഞ്ഞ ആഴ്ച നമ്മുടെ മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിച്ച ടെലിവിഷന്‍ പ്രോഗ്രാം എത് എന്ന് ചോദിച്ചാല്‍ ഉത്തരം വളരെ ലളിതമായിരിക്കും. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ന്യൂസ് ചാനല്‍ ചര്‍ച്ചകളിലാണ് അടുത്തകാലത്ത് നാം കണ്ട ഏറ്റവും വലിയ തമാശകള്‍ അരങ്ങേറിയത്. ഈ വധശിക്ഷ നടപ്പാക്കുന്നതിലൂടെ ഭാരതത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആകെ അരക്ഷിതാവസ്ഥയില്‍ ആകുമെന്നാണ്’ പ്രമുഖനായ ഒരു നിരീക്ഷകന്റെ ‘നിരീക്ഷണം’. മേമന്റെ വിധവയെ മന്ത്രിയാക്കണം എന്നുപോലും ചിലര്‍ പുലമ്പുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്നതുകൊണ്ട് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ആളുകളെ മാത്രം തൂക്കിലേറ്റുന്നു എന്നാണു മിക്ക പുരോഗമനവാദികളുടെയും പരാതി.
യാക്കൂബ് മേമന്റെ മതം, ഒരു ജനാധിപത്യ മതേതര രാജ്യമായ ഭാരതത്തില്‍, പരസ്യമായി വിളിച്ചു പറയാന്‍ പാടില്ലാത്തതുകൊണ്ടാണത്രേ അവതാരകര്‍ ഇങ്ങനെ മധുരം പുരട്ടി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. പിന്നെ മേമന്റെ ജന്മദിനത്തില്‍ ശിക്ഷ നടപ്പിലാക്കി, ബഹുമാന്യനായ അബ്ദുള്‍ കലാമിനെ ഖബറടക്കിയ അതേ ദിവസം തന്നെ വിധി നടപ്പിലാക്കി (തനി ഭാരതീയനായി ജീവിച്ചു മരിച്ച ആ മഹാത്മാവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്ന് അപേക്ഷ) എന്ന ദുര്‍ബല വാദങ്ങള്‍ ഉന്നയിക്കുന്നവരും, പതിവുപോലെ മോദിയുടെ വിദേശയാത്ര, ഗുജറാത്ത്, മാലേഗാവ് സ്‌ഫോടനം എന്നൊക്കെ പറയുന്നവരും കൂട്ടത്തില്‍ ഉണ്ട്. ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ എന്തെങ്കിലും ഒക്കെ പറയാതിരിക്കാന്‍ പറ്റുമോ? ലോകത്തിലെ ഇതര രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥപോലെ, വളരെ ദൃഢവും സുസ്ഥിരവുമാണ് നമ്മുടെ നീതി ന്യായവ്യവസ്ഥയും. വധശിക്ഷ മനുഷ്യ സമൂഹത്തോട് കാണിക്കുന്ന കാടത്തമാണെന്നും ഭാരതത്തില്‍ ഇന്നും അത് നിലനില്‍ക്കുന്നു എന്നൊക്കെ പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. അപൂര്‍വത്തില്‍ അത്യപൂര്‍വ്വമായ കേസുകളില്‍ മാത്രമേ ഇവിടെ വധശിക്ഷ വിധിക്കാറുള്ളൂ. തെളിവുകളുടെ തലനാരിഴ കീറിയുള്ള പരിശോധനയ്ക്ക് ശേഷം ഒരു കോടതി അങ്ങനെ വിധിച്ചാലും, അത് നീതിയാണോ എന്ന് പരിശോധിക്കുവാന്‍ അതിനു മുകളില്‍ദയാ ഹര്‍ജികള്‍ പോലെവളരെ പക്വമായ ഒട്ടേറെ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ലോകത്തിലെ മറ്റൊരു രാജ്യത്തിലെയും നീതിവ്യവസ്ഥയില്‍ കാണാത്ത, സമാനതകളില്ലാത്ത ഒന്നാണിത്.
ആരോടും പ്രതികാരം ചെയ്യലല്ല ഒരു രാഷ്ട്രത്തിന്റെ ചുമതലയെന്ന്, ഭാരത ഭരണഘടനയുടെ ശില്പികള്‍ക്ക് നന്നായി അറിയാമായിരുന്നു. ലഭ്യമായ വിവരങ്ങള്‍ വച്ചുകൊണ്ട് മറ്റു രാജ്യങ്ങളെ ഒന്ന് താരതമ്യം ചെയ്യാം. തങ്ങള്‍ക്കു ആരെയെങ്കിലും വകവരുത്തണം എന്നുണ്ടെങ്കില്‍, നീതിന്യായ വ്യവസ്ഥയിലൂടെ അവരെ കൊണ്ടുവന്നു, പുറം ലോകം അറിയുന്ന രീതിയില്‍ ഒന്നുമല്ല, മിക്ക രാജ്യങ്ങളിലും ഇതൊക്കെ നടക്കുന്നത്. അതുകൊണ്ടുതന്നെ പുറംലോകം അറിയുന്ന കണക്കുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ്, ഭരണകൂടം നടത്തുന്ന മനുഷ്യക്കശാപ്പ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ ആറു വര്‍ഷക്കാലത്തില്‍, ചൈനയില്‍ 2000, ഇറാനില്‍ 1600, അമേരിക്കയില്‍ 250, പാക്കിസ്ഥാനില്‍ 200 അങ്ങനെ പോകുന്നു ആ കണക്കുകള്‍. വളരെ ചെറിയ കുറ്റങ്ങള്‍ക്കു പോലും വധശിക്ഷ നല്കുന്നു എന്നതും, ശിക്ഷ വിധിക്കപ്പെട്ടാല്‍, പുന:പരിശോധനയ്ക്ക് അവസരങ്ങള്‍ തുലോം കുറവ് ആണെന്നുള്ളതും എടുത്തു പറയേണ്ട കാര്യങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ ശിക്ഷ നടപ്പിലാക്കാന്‍ പത്തും ഇരുപതും വര്‍ഷം എടുക്കാറുമില്ല. അമേരിക്കയും ചൈനയും പോലെ മറ്റു രാജ്യങ്ങളില്‍ നടക്കുന്ന അതിക്രൂരവും മനുഷ്യത്വരഹിതവുമായ ചോദ്യം ചെയ്യല്‍ പ്രക്രിയയും നാം ഓര്‍ക്കണം.
തങ്ങളുടെ രാജ്യത്തിന്റെ സ്വസ്ഥതയും, പരമാധികാരവും ചോദ്യം ചെയ്യുന്ന ഭീകരവാദികളെ എന്ത് വിലകൊടുത്തും ഇല്ലായ്മ ചെയ്യുക എന്നത് അതതു രാജ്യങ്ങളുടെ അവകാശമാണ്. ഇത്തരത്തില്‍ ഏതുരീതിയില്‍ നോക്കിയാലും മാനുഷിക പരിഗണനകള്‍ക്ക് മുന്തിയ സ്ഥാനം കല്പ്പിക്കുന്ന അന്തസുറ്റ ഒരു സംവിധാനമാണ് നമുക്കുള്ളത്. കഴിഞ്ഞ പത്ത് കൊല്ലത്തിനിടയില്‍ കേവലം മൂന്ന് പേരെ മാത്രമാണ് ഭാരതം വധശിക്ഷയ്ക്ക് വിധേയരാക്കിയത്. അത് മൂന്നുമാകട്ടെ, യാതൊരു സംശയവും കൂടാതെ തെളിയിക്കപ്പെട്ട, കൊടും ഭീകര ആക്രമണങ്ങളുടെ സൂത്രധാരന്മാരും ആയിരുന്നു. ഇപ്പോള്‍ ചര്‍ച്ചാവിഷയം ആയിരിക്കുന്ന കേസിനെ പറ്റി അല്പം കൂടി വിശദമായി ചിന്തിക്കാം. 1993 ല്‍ 257 പേരുടെ കൊലയ്ക്കും 713 പേരുടെ അംഗവൈകല്യത്തിനും കാരണമായ മുംബൈ സ്‌ഫോടന കേസിലെ പ്രതിയാണ് യാക്കൂബ് മേമന്‍. കൂര്‍മ്മബുദ്ധിക്കാരനായ ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ് പാക്കിസ്ഥാനില്‍ നിന്നുള്ള പണം സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച്, അതി വിദഗ്ദ്ധമായി ഇന്ത്യയില്‍ എത്തിച്ചു, ആക്രമണം ആസൂത്രണം ചെയ്തത്. ബോംബുകള്‍ ശരിയാക്കി വച്ചതിന് ശേഷം സ്‌ഫോടനം നടക്കുന്നതിനു മുന്നേ കുടുംബത്തോടൊപ്പം സുരക്ഷിതമായി പാക്കിസ്ഥാനിലെത്തി. വിമാനത്താവളത്തില്‍ നിന്ന് സുരക്ഷാ പരിശോധനകള്‍ പോലുമില്ലാതെ ഐ.എസ്.ഐ ഉദ്യോഗസ്ഥരോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് മേമന്‍ തന്നെ പറഞ്ഞിരിയ്ക്കുന്നത്. ചെയ്ത ജോലിക്ക് പ്രതിഫലം എന്ന രീതിയില്‍, പണവും മറ്റു ബിസിനസുകളും കൈപ്പറ്റുകയും ചെയ്തു.
ടൈഗര്‍ മേമന്‍ ആകട്ടെ സ്‌ഫോടനം കണ്ട് ആസ്വദിക്കുവാന്‍ കുറച്ചുദിവസങ്ങള്‍ കൂടി മുംബൈയില്‍ നിന്നു. അതിനുശേഷം സുരക്ഷിതമായി പാക്കിസ്ഥാനില്‍ എത്തുകയും ചെയ്തു. ഇവിടെ യാക്കൂബ് മേമന്‍ വഹിച്ച പങ്ക്, സംശയാതീതമായി തെളിയിക്കുവാന്‍ ഉതകുന്ന തെളിവുകള്‍ ശേഖരിക്കുവാനും അവ നിയമ സംവിധാനത്തെ ബോധ്യപ്പെടുത്തുവാനും നമ്മുടെ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിഞ്ഞു. മേമന്റെ വധശിക്ഷയെ എതിര്‍ക്കുന്നവരുടെ വാദം കേട്ടാല്‍, വെളിച്ചം കാണാത്ത കല്‍ത്തുറുങ്കില്‍ വച്ച്, പ്രതിക്ക് പറയുവാന്‍ ഉള്ളതൊന്നും കേള്‍ക്കാതെ തിടുക്കത്തില്‍ തൂക്കുകയര്‍ മുറുക്കിയെന്ന് തോന്നും. മേമന് വേണ്ടി രാജ്യത്തെ വിലയ്‌ക്കെടുക്കാവുന്ന സകല വക്കീലന്മാരും ഹാജരായി, പല കോടതികളില്‍ വിചാരണ നടന്നു. എന്നിട്ടും കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെയും രാഷ്ട്രപതിയും ഇന്ത്യയില്‍ നിയമം അനുശാസിയ്ക്കുന്ന പരമാവധി ശിക്ഷ തന്നെ വേണമെന്ന് ശരിവച്ചു. അതുപോലെ തന്നെ, പത്തോളം വരുന്ന മറ്റു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി മാറ്റി എന്നും നാം ഓര്‍ക്കണം. മേമനെ എന്തുകൊണ്ട് മാപ്പുസാക്ഷി ആക്കിയില്ല എന്നാണ് ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന മറ്റൊരുവാദം. നമ്മുടെ ക്രിമിനല്‍ വ്യവസ്ഥയെ കുറിച്ച് യാതൊന്നും അറിയാത്തവരാണ് ഇത് ഉന്നയിക്കുന്നത്. കുറ്റം ചെയ്ത ഒരാള്‍ പിടിക്കപ്പെടുമ്പോള്‍, ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുവാനോ, രക്ഷപ്പെടുത്തുവാനോ ഉള്ള ഒരു സംവിധാനമല്ല അത്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ എത്തിച്ചേരുന്ന ഒരു നിഗമനം ആണത്. ഈ കേസില്‍ പണം വാങ്ങി കൂട്ടക്കുരുതി നടത്തുന്ന ഒരു പാവം ബിസിനസ്സ് കാരനാണ് മേമന്‍ എന്നും, ഒരു ഭീകരവാദി അല്ല എന്നുമായിരുന്നു അയാളുടെ വക്കീലന്മാരുടെ വാദം. ഇതിനെയെല്ലാം ശക്തമായ തെളിവുകള്‍ കൊണ്ട് എതിര്‍ത്താണ്, മേമനെ തൂക്കിക്കൊല്ലാന്‍ അവസാനമായി സമ്മതിയ്ക്കുന്നത്. ഇതിനായി ഇരുപത്തിരണ്ട് കൊല്ലം എടുത്തു എന്നതു നമ്മുടെ നീതിന്യായവ്യവസ്ഥ ഇത്തരം കാര്യങ്ങളില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയെയാണ് കാണിക്കുന്നത്. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ടു തടവില്‍ കഴിഞ്ഞ മേമന് അര്‍ഹമായ എല്ലാ പരിഗണനയും നല്കിയിട്ടുമുണ്ട്. റോ തലവനായിരുന്ന ബി.രാമന്‍, മേമന് വധശിക്ഷ നല്‍കുന്നത് നല്ലതല്ല എന്ന് ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിട്ടുണ്ടത്രേ! ചില മാധ്യമങ്ങള്‍ എന്തോ രഹസ്യം പോലെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചും കണ്ടു. യാക്കൂബിനെ ആദ്യം ചോദ്യം ചെയ്തവരിലൊരാളായിരുന്നു രാമന്‍ എന്നത് സത്യം.
ഇയാള്‍ക്ക് വധശിക്ഷ നല്‍കാതിരുന്നാല്‍ വിദേശങ്ങളില്‍ താമസിയ്ക്കുന്ന പല കുറ്റവാളികളും ഭാരതത്തില്‍ വന്ന് കീഴടങ്ങാന്‍ സാധ്യതയുണ്ട് എന്നത് മാത്രമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന വാദം. അല്ലാതെ മേമന്‍ കുറ്റവാളി അല്ല എന്നൊന്നും രാമന്‍ പറഞ്ഞിട്ടില്ല. മേമനെ അറസ്റ്റു ചെയ്ത രീതിയെ കുറിച്ചും പരാതികള്‍ ഉന്നയിക്കുന്നവരുണ്ട്. ഒരു കുറ്റവാളിയെ രഹസ്യമായി അറസ്റ്റ് ചെയ്യുമ്പോള്‍, അത് എല്ലാവരുടെയും സമ്മതത്തോടെ വേണം എന്ന് വാശി പടിക്കുന്നത് ബാലിശമല്ലേ. അങ്ങനെ ഏതെങ്കിലും ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ. അറസ്റ്റിലോ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലോ ഒരപാകതയും ഒരു ഘട്ടത്തിലും പ്രതിഭാഗം ഉന്നയിച്ചിട്ടുമില്ല. മേമനോടു ഇത്രയും സ്‌നേഹവും വിധേയത്വവും പുലര്‍ത്തുന്നവര്‍ക്ക് കേസില്‍ കക്ഷി ചേരുന്നതിനെ പറ്റി ആലോചിക്കാമായിരുന്നു. ഭാരതാംബയുടെ മക്കളെ നിര്‍ദ്ദാക്ഷണ്യം കൊന്നൊടുക്കിയ ഒരുവന് വേണ്ടി ഇത്രയേറെ വാദിക്കുന്നവര്‍ മരിച്ചവരുടെ കുടുംബത്തെപ്പറ്റിയും ജീവച്ഛവമായി ജീവിക്കുന്നവരെ പറ്റിയും ഒരക്ഷരം പറയുന്നില്ലല്ലോ? വധശിക്ഷയിലും സംവരണതത്വങ്ങള്‍ പാലിക്കണമെന്നമട്ടില്‍ ആണ് ചിലര്‍ പ്രതികരിക്കുന്നത്.