പിരിവുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഏറെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവാണ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. സി.പി.എം സംസ്ഥാന സമിതിയുടെ യോഗത്തിലാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇന്നലെ വൈകുന്നേരം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
പിരിവ് അതിര് കടക്കുന്നുണ്ടെന്നും പാര്‍ട്ടിയും ബഹുജനസംഘടനകളും ഒരേസമയം പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പിരിവ് നല്‍കാത്തവരെ വെറുപ്പിക്കുന്ന സമീപനം പാര്‍ട്ടി ഘടകങ്ങളില്‍ നിന്നുണ്ടാവരുതെന്ന് ശക്തമായ നിര്‍ദേശം കീഴ്ഘടകങ്ങളിലേക്കു നല്‍കണം. പിരിവുകള്‍ക്ക് വീടുകളിലെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വിനയത്തോടെ പെരുമാറണം. ഏതെങ്കിലും കാരണത്താല്‍ പിരിവ് നല്‍കാതിരിക്കുകയോ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയോ ചെയ്താല്‍ അവരോട് കയര്‍ക്കുന്ന പ്രവണത പാര്‍ട്ടിയില്‍ വര്‍ധിച്ചുവരികയാണ്. ഇത് പാര്‍ട്ടിക്കു പൊതുജനമധ്യത്തില്‍ വളരെ ക്ഷീണമുണ്ടാക്കുന്നുണ്ടെന്നും ചര്‍ച്ചയില്‍ വിലയിരുത്തി.
പിരിവിന്‍റെ പേരില്‍ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുത്. ആവശ്യമില്ലെങ്കില്‍ പോലും കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണം. രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്ന സമയങ്ങളില്‍ ശാന്തമായി ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റണമെന്നും ചര്‍ച്ചയില്‍ പറഞ്ഞു.
പാര്‍ട്ടിപ്പിരിവിനെതിരെ രൂക്ഷമായ വിമര്‍ശനം വന്നതിന് പിന്നാലെ മന്ത്രിമാര്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തകരെ കണ്ടാല്‍ ചില മന്ത്രിമാര്‍ ഒഴിഞ്ഞുമാറുന്നുവെന്നായിരുന്നു വിമര്‍ശനം. പ്രവര്‍ത്തകര്‍ക്കു പലപ്പോഴും സി.പി.എം മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല എന്ന പരാതി ഉയര്‍ന്നപ്പോള്‍ മന്ത്രിമാര്‍ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്നായിരുന്നു സമിതിയുടെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച ഭരണം കാഴ്ചവെയ്ക്കുമ്പോള്‍ മാധ്യമവാര്‍ത്തകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും സമിതി നിരീക്ഷിച്ചു. പിണറായി വിജയനെ മാധ്യമങ്ങള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നും ചര്‍ച്ചയില്‍ അവര്‍ ആരോപിച്ചു.
ജില്ലാ കമ്മിറ്റി ശുപാര്‍ശകള്‍ പലപ്പോഴും തഴയപ്പെടുന്നതായും സമിതി വിലയിരുത്തി. തെറ്റുതിരുത്തല്‍ രേഖ സമിതി ഇന്ന് അംഗീകരിക്കും.