തൃപ്പൂണിത്തുറ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കഴിയാത്ത വിഷമം പങ്കുവെച്ച് യേശുദാസ്. പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ ഗുരുവായൂരമ്പലത്തില്‍ കയറാന്‍ കഴിയുമായിരുന്നുവെന്ന് ഗാനഗന്ധര്‍വ്വന്‍ പറഞ്ഞു. തന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ പേരില്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംഗീതസഭ ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കവെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പങ്കുവച്ചത്. സംഗീതംകൊണ്ട് ഒന്നും നേടാന്‍ കഴിയാതിരുന്ന കാലത്ത് നീ സംഗീതം പഠിക്കണം എന്നു പറഞ്ഞ അച്ഛന്റെ മകനായി പിറന്നതില്‍ അഭിമാനിക്കുന്നതായും യേശുദാസ് പറഞ്ഞു. സംഗീതപഠനവും പ്രയോഗവുമെല്ലാം സോഷ്യല്‍ മീഡിയയിലെ കോപ്രാണ്ടിത്തരമായി അധഃപതിക്കുന്നതു കാണുമ്പോള്‍ പ്രയാസമുണ്ട്. അവാര്‍ഡോ മറ്റെന്തെങ്കിലും പ്രശംസയോ കിട്ടുമ്പോള്‍ തനിക്കെല്ലാമായി എന്നു കരുതുന്നവരോട് ഇത്രയുംകാലം സംഗീതം ഉപാസിച്ചിട്ടും ഞാന്‍ ഒന്നുമായില്ലല്ലോ എന്ന ചിന്തയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും യേശുദാസ് പറഞ്ഞു. അഖില കേരള കര്‍ണാടക സംഗീത മത്സരത്തില്‍ ജേതാക്കളായ ജയന്ത് രാമവര്‍മ, ആര്യ വൃന്ദ വി നായര്‍ എന്നിവര്‍ക്ക് ഡോ.കെ ജെ യേശുദാസ് തംബുരു സമ്മാനിച്ചു. സംഗീതസഭ പ്രസിഡന്റ് പി എസ് രാമന്‍ അധ്യക്ഷനായി. മാവേലിക്കര എസ് ആര്‍ നടേശന്‍, രാജ് മോഹന്‍വര്‍മ, രാജശ്രീമേനോന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗായിക സിസ്റ്റേഴ്സ്സ് ശാന്തള, ശര്‍മിളമാര്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു.
പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ ഗുരുവായൂരമ്പലത്തില്‍ കയറാന്‍ കഴിയുമായിരുന്നു; യേശുദാസ്
Tags: kj yesudas