നേപ്പാളിയില്‍ യാത്രാവിമാനം തകര്‍ന്നു വീണു. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 72 സീറ്റുള്ള വിമാനം തകര്‍ന്നുവീണത്. ആകെ 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. പഴയ എയര്‍പോര്‍ട്ടിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേയാണ് യതി എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.വിമാനം പൂര്‍ണമായും കത്തിനശിച്ചു.
റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എടിആര്‍ 72 ഇനത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്. 13 മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തതായി നേപ്പാള്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതുല അപകട വിവരം സ്ഥിരീകരിച്ചു. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങൾക്കിടയിലെ റൺവേയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാൾ സർക്കാരിൽ നിന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.
വിമാന സുരക്ഷയുടെ കാര്യത്തിൽ വളരെ മോശം ചരിത്രമുള്ള രാജ്യമാണ് നേപ്പാൾ. ഭൂപ്രകൃതിയാണ് ഇവിടെ വിമാനയാത്ര ദുഷ്കരമാക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലാണ് വിമാനത്താവളം. റൺവേകൾ ചെറുതാണെന്നതും വെല്ലുവിളിയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. നാല് ഇന്ത്യാക്കാർ അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്.