കരിമ്പ് കഴിച്ചാൽ പ്രമേഹമുണ്ടാകും; അതുകൊണ്ട് കരിമ്പ് കൃഷി വേണ്ടെന്ന് യോഗി ആദിത്യനാഥ്

ലഖ്‍‍നൗ: കരിമ്പ് കഴിച്ചാൽ പ്രമേഹമുണ്ടാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കരിമ്പ് സമൃദ്ധിയുടെ നാടായ ഉത്തർപ്രദേശിലെ ഭാഗ്‍‍പതിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പ് പ്രമേഹത്തിന് കാരണമാകും. അതുകൊണ്ട് കരിമ്പ് കൃഷി ചെയ്യുന്നതിനു പകരം മറ്റെന്തെങ്കിലും കൃഷി ചെയ്യാനായിരുന്നു സംസ്ഥാനത്തെ കർഷകർക്ക് മുഖ്യമന്ത്രി നൽകിയ സന്ദേശം. “കർഷകർ മറ്റെന്തെങ്കിലും കൃഷി ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധിക്കണം. കരിമ്പ് കൃഷിക്ക് പകരം പച്ചക്കറികൾ കൃഷി ചെയ്യണം. കരിമ്പ് അമിതമായി കൃഷി ചെയ്യുന്നത് അതിന്‍റെ ഉപഭോഗം കൂട്ടുകയും പ്രമേഹത്തിന് കാരണമാകുകയും ചെയ്യും. ഇപ്പോൾ നിങ്ങൾ വളരെയധികം കരിമ്പാണ് കൃഷി ചെയ്യുന്നത്” – യോഗി ആദിത്യനാഥ് പറഞ്ഞു.

കരിമ്പ് കർഷകർക്ക് നൽകാനുള്ള തുക പഞ്ചസാരമില്ലുകൾ ഉടൻ നൽകണം. ഒക്ടോബർ 15നു മുമ്പ് കരിമ്പ് കർഷകർക്ക് നൽകാനുള്ള കുടിശിക തീർക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ അതിന്‍റെ അനന്തരഫലങ്ങൾ അവർ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഖൈറാന ഉപതെരഞ്ഞെടുപ്പിൽ ആർ എൽ ഡി സ്ഥാനാർത്ഥി ബിജെപി സ്ഥാനാർത്ഥിയെ 44, 000 വോട്ടുകൾക്ക് ആയിരുന്നു പരാജയപ്പെടുത്തിയത്. കരിമ്പ് കർഷകരുടെ കുടിശിക കൊടുത്തു തീർക്കുന്നതിൽ വീഴ്ച വരുത്തിയത് ആയിരുന്നു ഇവിടെ പരാജയത്തിന് പ്രധാനകാരണം. ഭാഗ്‍‍പതിൽ കുടിശിക തീർക്കാൻ സർക്കാർ അടിയന്തിരമായി ഇടപെട്ടതും ഇത് മുന്നിൽ കണ്ടാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കർഷകരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top