ആമിര്‍ ഖാന്‍ പോയാല്‍ ജനസംഖ്യ കുറയുമെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: രാജ്യത്തെ അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് രംഗത്തെത്തി. ആമിറിന് രാജ്യം വിട്ടുപോകണമെങ്കില്‍ പോകാം, ആരും അദ്ദേഹത്തെ തടയില്ല, ഒരാള്‍ പോയാല്‍ രാജ്യത്തെ ജനസംഖ്യ അത്രയും കുറയും-ആദിത്യനാഥ് പ്രതികരിച്ചു. ഇന്ത്യവിട്ടു പോകുന്നതില്‍ നിന്നും ആമിര്‍ ഖാനെ ആരും തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വിട്ടുപോകുന്നതിനെക്കുറിച്ച് തന്റെ ഭാര്യ കിരണ്‍ ആദ്യമായി പറഞ്ഞതായി ആമിര്‍ പറഞ്ഞതിനൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറയുന്ന ആമിറിനെ പോലുള്ളവര്‍ ലോകത്ത് എവിടെയാണ് സഹിഷ്ണുതയുള്ളതെന്നു വ്യക്തമാക്കണമെന്നും ഐഎസിനെ പോലുള്ളവരാണോ സഹിഷ്ണുതയുണ്ടാക്കുന്നതെന്നും ആദിത്യനാഥ് ചോദിച്ചു.ആമിറിന്റെ പ്രതികരണം രാഷ്ട്രീയപ്രരിതമാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഡല്‍ഹിയില്‍ അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്ത രാമനാഥ് ഗോയങ്കെ അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് ആമിര്‍ ഖാന്‍ രാജ്യത്തെ അരക്ഷിതാവസ്ഥയെക്കുറിച്ചു പ്രതികരിച്ചത്.amir

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ രാംനാഥ് ഗോയങ്ക ജേണലിസം അവാര്‍ഡ് ദാനചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സാക്ഷിയാക്കിയാണ് ആമിര്‍ അസഹിഷ്ണുതയെക്കുറിച്ചും വര്‍ഗീയ അതിക്രമങ്ങളെക്കുറിച്ചും വാചാലനായത്. ഭീകരവാദത്തിനു മതവുമായി ബന്ധമില്ലെന്നും ഇസ്ലാം വിശ്വാസിയായ ഒരാള്‍ ഭീകരനായാല്‍ അയാളെ ഇസ്ലാമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസഹിഷ്ണുതയെക്കുറിച്ച് ആമിര്‍ പ്രഭാഷണം തുടങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഇറങ്ങിപ്പോയി.

ആമിര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. ഭീഷണിയെ തുടര്‍ന്ന് ആമിറിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായി ഡിസിപി ധനഞ്ജയ് കുല്‍ക്കര്‍ണി അറിയിച്ചു. പട്ന, അലഹാബാദ് എന്നിവിടങ്ങളിലും സംഘപരിവാര്‍ സംഘടനകള്‍ ആമിറിനെതിരെ പ്രകടനം നടത്തി. ഇന്ത്യ വിട്ട് മറ്റെവിടെ പോയാലും ആമിറിന് കൂടുതല്‍ അസഹിഷ്ണുത നേരിടേണ്ടിവരുമെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു.

അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്യുകയാണ് ആമിര്‍ ചെയ്തതെന്നും അധികാരികളോട് സത്യം തുറന്നുപറയാന്‍ ആര്‍ജവം കാണിച്ച അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയല്ല, മനസ്സിലാക്കുകയാണ് വേണ്ടതെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാരിനെയും മോഡിയെയും വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തുന്നതിനു പകരം അസ്വസ്ഥതയുണ്ടാക്കുന്ന വിഷയങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനസ്സിലാക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതികരിച്ചു. അതേസമയം, ആമിര്‍ ഖാന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഡല്‍ഹി അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ചിലര്‍ പരാതി നല്‍കി. ആമിര്‍ ബ്രാന്‍ഡ് അംബാസഡറായ ഫ്ളിപ്കാര്‍ട്ടിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങി.

ബിജെപിയെ പിന്താങ്ങുന്ന അനുപം ഖേര്‍ ഉള്‍പ്പെടെയുള്ള നടന്‍മാരും ആമിറിനെതിരെ രംഗത്തെത്തി. അസഹിഷ്ണുത ശക്തമാണെന്ന് അഭിപ്രായപ്പെട്ട ബോളിവുഡ്താരം ഷാരൂഖ് ഖാനെതിരെയും സംഘപരിവാറും ബിജെപിയും രംഗത്തെത്തിയിരുന്നു.

 

Top