ലക്‌നൗവില്‍ ആപ്പിള്‍ സേല്‍സ് മാനേജരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ആപ്പിള്‍ കമ്പനി ജീവനക്കാരനെ  ലക്‌നൗ പൊലീസ് കോണ്‍സ്റ്റബിള്‍ വെടിവെച്ചുകൊന്ന സംഭവം ഏറ്റുമുട്ടലായിരുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആപ്പിള്‍ സേല്‍സ് മാനേജര്‍ വിവേക് തിവാരിയാണ് ലക്‌നൗ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. വിവേകിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.”അതൊരു ഏറ്റുമുട്ടലൊന്നും ആയിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണവും പ്രഖ്യാപിക്കും”, യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംഭവത്തില്‍ വിവേകിനെ വെടിവെച്ച പൊലീസ് കോണ്‍സ്റ്റബിളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി യുപി ഡിജിപി ഒ.പി.സിംഗ് വ്യക്തമാക്കി. പൊലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഒന്നരയ്ക്ക് ലഖ്‌നൗ ഗോതിനഗറിലാണ് സംഭവം നടന്നത്. വിവേക് തിവാരി സഞ്ചരിച്ച മഹീന്ദ്ര എക്‌സ്‌യുവി ലൈറ്റുകള്‍ ഓഫ് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തങ്ങള്‍ അടുത്തെത്തിയപ്പോള്‍ കാറിന്റെ ലൈറ്റ് ഓണ്‍ചെയ്തു, ബൈക്കില്‍ ഇടിച്ചു. ഇതാണ് വെടിവെക്കാനുണ്ടായ കാരണമെന്നാണ് പൊലീസുകാരന്‍ പ്രശാന്ത് കുമാര്‍ പറയുന്നത്. സ്വയം രക്ഷക്കുവേണ്ടിയാണ് വെടിവെച്ചത്. നിര്‍ത്താന്‍ പറഞ്ഞിട്ടും കാര്‍ പിന്നോട്ടെടുത്ത് വീണ്ടുമിടിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കും ഒപ്പമുണ്ടായിരുന്ന പൊലീസുകാരന്‍ സന്ദീപ് കുമാറിനുമെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. എന്നാല്‍ പൊലീസ് കള്ളം പറയുകയാണെന്നാണ് വിവേക് തിവാരിയുടെ ഒപ്പം സഞ്ചരിച്ചയാള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈക്ക് കാറിന് കുറുകെയിട്ട് നിര്‍ബന്ധമായി തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. ആരാണെന്ന് മനസ്സിലാകാത്തതിനാല്‍ വിവേക് കാര്‍ നിര്‍ത്തിയില്ല. ഒരു പൊലീസുകാരന്റെ കൈയില്‍ ലാത്തിയാണ് ഉണ്ടായിരുന്നത്. രണ്ടാമത്തേയാള്‍ പിസ്റ്റള്‍ എടുത്ത് വെടിവെക്കുകയായിരുന്നു. പൊലീസിനെ അപകടപ്പെടുത്തി കടന്നു കളയാന്‍ ശ്രമിച്ച ക്രിമിനലുകളാണ് കാറിലുള്ളത് എന്നു കരുതിയാണ് പ്രശാന്ത് വെടിവെച്ചതെന്ന് പൊലീസ് സീനിയര്‍ സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. കാറിന്റെ മുന്‍ഗ്ലാസിലൂടെയായിരുന്നു പ്രശാന്ത് വിവേകിനെ വെടിവെച്ചത്. അദ്ദേഹത്തിന്റെ കഴുത്തിലാണ് വെടിയേറ്റത്. തുടര്‍ന്ന് വിവേക് ഓടിച്ച മഹീന്ദ്ര എക്‌സ്യുവി കാര്‍ തൊട്ടടുത്ത പാലത്തിന്റെ തൂണില്‍ ഇടിച്ചു നിന്നുവെന്നാണ് പൊലീസ് പറയുന്നത്.

Top