പത്തനംതിട്ടയില്‍ നടക്കുന്ന ബിജെപി പൊതു സമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുകയാണ് യോഗി. ഫെബ്രുവരി 12നാണ് സമ്മേളനം. രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ മോദി കേരളം സന്ദര്‍ശിച്ചിട്ടും കേരള ബിജെപിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന ഘടകത്തെയും അണികളെയും ചൂടുപിടിക്കാന്‍ യോഗിയുടെ രംഗപ്രവേശം. ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച മോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ശബരിമല തന്നെയെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശബരിമല എന്ന സുവര്‍ണാവസരം മുന്നിലുണ്ടായിട്ടും സംസ്ഥാന ബിജെപിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തണുത്ത് തന്നെയാണ്. അതേസമയം, പ്രധാനഘടകകക്ഷി ബിഡിജെഎസ്സുമായുള്ള സീറ്റ് വിഭജന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ആറ് ചോദിച്ചെങ്കിലും പരമാവധി നാല് സീറ്റേ കൊടുക്കാന്‍ കഴിയൂ എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്.