ഹനുമാന് മാത്രമല്ല യോഗി ആദിത്യനാഥിന് വാത്മീകിയും ദളിതനാണ്. വാത്മീകി ദളിതനായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ സാന്ത് സമാജ് പ്രസംഗമധ്യേയാണ് വാത്മീകി മഹര്‍ഷി ദളിതനായിരുന്നു എന്ന് യോഗി പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹനുമാന്‍ ദളിതനാണെന്ന് യോഗി ആദിത്യനാഥ് രാജസ്ഥാനില്‍ പറഞ്ഞത്.
ശ്രീരാമനെ രാമായണത്തിലൂടെ നമുക്ക് പരിചയപ്പെടുത്തിയത് വാതമീകിയാണ്. എന്നാല്‍, വാത്മീകിയുടെ സമുദായം തൊട്ടുകൂടാത്തവരായിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനുള്‍പ്പെടെയുള്ളവര്‍ യോഗിയുടെ പരാമര്‍ശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സാന്ത് സമാജ് സംഘടനയ്ക്കും ശ്രീരാമനും അപമാനകരമായ വാക്കുകളാണ് യോഗി പറഞ്ഞതെന്നായിരുന്നു രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ വാക്കുകള്‍. മഹര്‍ഷി വാത്മീകി രാമായണത്തിന്റെ കര്‍ത്താവാണെന്നും അദ്ദേഹത്തിന് ദളിത് വാത്മീകി സമുദായവുമായി ബന്ധമില്ലെന്നും പുരോഹിതര്‍ വ്യക്തമാക്കി.
ആള്‍വാറിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയിനില്‍ ഹനുമാന്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളാണെന്ന് യോഗി നടത്തിയ പരാമര്‍ശം വിവാദത്തിന് കാരണമായിരുന്നു.