കണ്ണൂര്‍: ലോക്കപ്പിൽ പ്രതിക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായപ്പോൾ വരാപ്പുഴ കസ്‌റ്റഡിമരണത്തിന്റെ ഓര്‍മയില്‍ പൊലീസിന് ആധികയറി. 17കാരിയെ പീഡിപ്പിച്ച സ്വന്തം അറസ്‌റ്റ് വാര്‍ത്ത പത്രത്തില്‍ വായിച്ച പോക്‌സോക്കേസ് പ്രതിയായ സിനിമാനടന് അഴിക്കുള്ളില്‍ ദേഹാസ്വാസ്‌ഥ്യം. പരിഭ്രാന്തരായ പോലീസുകാര്‍ സമയമൊട്ടും പാഴാക്കാതെ പ്രതിയുമായി ആശുപത്രിയിലേക്ക്.വിശദപരിശോധനയില്‍ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്ന ഡോക്‌ടര്‍മാരുടെ വിശദീകരണത്തില്‍ ആശ്വസിച്ചു മടങ്ങിയെത്തിയപ്പോള്‍ സ്‌റ്റേഷനില്‍ പ്രതിയുടെ മാതാപിതാക്കളുടെ വക ബഹളവും അലമുറയിടലും!
ഇന്നലെ രാവിലെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലാണു നാടകീയ സംഭവങ്ങള്‍. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ചെറുപുഴ വയക്കര മഞ്ഞക്കാട്ടെ പി.എം. അഖിലേഷ് മോന്‍(19) എന്ന വൈശാഖിനെ കഴിഞ്ഞദിവസമാണ് പയ്യന്നൂര്‍ സി.ഐ: എം.പി. ആസാദ് അറസ്‌റ്റ് ചെയ്‌തത്. നിരവധി സിനിമകളില്‍ ചെറുവേഷമിട്ടിട്ടുണ്ടിയാള്‍. തൃശൂരിലേക്കുള്ള ട്രെയിന്‍ യാത്രയിലും ലോഡ്‌ജിലും വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്. ലോക്കപ്പിലായിരുന്ന പ്രതിക്ക് ഇന്നലെ രാവിലെ പത്രം നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. സ്വന്തം അറസ്‌റ്റ് വാര്‍ത്ത വായിച്ച് അഖിലേഷ് മോന്‍ കുഴഞ്ഞുവീണു. പരിഭ്രാന്തരായ പോലീസുകാര്‍ ഇയാളെ താങ്ങിയെടുത്തു വാഹനത്തില്‍ പയ്യന്നൂര്‍ ഗവ: താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു.
കുഴപ്പമൊന്നുമില്ലെന്നു ഡോക്‌ടര്‍ വിധിച്ചതോടെയാണു പോലീസുകാര്‍ക്കു ശ്വാസം നേരേവീണത്. ഇതിനിടെ മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നു പറഞ്ഞ് പ്രതിയുടെ മാതാപിതാക്കള്‍ സ്‌റ്റേഷനിലെത്തി ബഹളം തുടങ്ങിയിരുന്നു. ഇവര്‍ക്കിടയിലേക്ക് അഖിലേഷിനെക്കൂടി എത്തിച്ചതോടെ രംഗം കൊഴുത്തു. സി.ഐ. എത്തിയതോടെ രക്ഷിതാക്കളുടെ രോഷപ്രകടനം അലമുറയായി. യഥാര്‍ഥ പ്രതിയുടേതെന്നു പറഞ്ഞ് മറ്റൊരു യുവാവിന്റെ ഫോട്ടോ ഉയര്‍ത്തിക്കാട്ടിയായിരുന്നു ബഹളമത്രയും.