ജനപ്രതിനിധികൾ യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വരുന്നതിനെ എതിർത്ത ഹൈബി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി മത്സരിക്കുമോ ?

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യത ഉള്ളവരുടെ പത്തംഗ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. എംപിമാരായ ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെഎസ് ശബരിനാഥ് എന്നിവരുടെ പേരാണ് പട്ടികയില്‍ ഉള്ളത്. എന്നാല്‍ പട്ടികയില്‍ തന്‍റെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈബി ഈഡന്‍. ഫേസ്ബുക്കിലൂടെയാണ് ഹൈബിയുടെ പ്രതികരണം. ജനപ്രതിനിധികൾ യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വരുന്നതിനെ നേരത്തെ ഏറ്റവും കൂടുതൽ എതിർത്ത വ്യക്തിയാണ് ഹൈബി ഈഡൻ .

ഹൈബിയുടെ പോസ്റ്റ് വായിക്കാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യത പട്ടികയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുള്ളത് സംഘടനയുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരമുള്ള ഒരു പ്രക്രിയ മാത്രമാണ്. തിരഞ്ഞെടുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള പ്രായപരിധിക്കുള്ളിലായതിനാലും സംഘടനയിൽ നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത് കണക്കിലെടുത്തുമാണ് മാനദണ്ഡപ്രകാരമുള്ള ലിസ്റ്റ്. ആ പെർഫോർമേഴ്സ് ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമേ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ കഴിയുകയുള്ളു എന്ന് മാത്രമാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ എന്റെ നിലപാട് കഴിഞ്ഞ വർഷം ഈ പ്രക്രിയ തുടങ്ങിയപ്പോൾ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. അന്ന് എം.എൽ.എ.യായിരുന്നെങ്കിൽ ഇന്ന് കൂടുതൽ ഉത്തരവാദിത്വമുള്ള എം.പി.യാണ്. സംഘടനയുടെ തലപ്പത്ത് പുതിയ നേതൃത്വത്തിന് അവസരം ഉണ്ടാക്കാൻ സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന എന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഈ പ്രസ്ഥാനം ചെറുപ്രായത്തിൽ തന്നെ എനിക്ക് ഏറെ അവസരങ്ങൾ നൽകിയിട്ടുണ്ട്. കെ.എസ്.യു. ജില്ലാ ഘടകത്തിന്റെയും സംസ്ഥാന ഘടകത്തിന്റെയും പ്രസിഡന്റ്, എൻ.എസ്.യു. ദേശീയ അധ്യക്ഷൻ, രണ്ടു വട്ടം എം.എൽ.എ., എം.പി. തുടങ്ങി ലഭിച്ച അംഗീകാരങ്ങൾ മുഴുവൻ പാർട്ടിയിൽ ലഭിച്ച അവസരങ്ങൾ കൊണ്ടായിരുന്നു. പുതിയ യുവാക്കൾക്ക് ഈ അവസരങ്ങൾ ലഭിച്ചെങ്കിൽ മാത്രമെ പുതിയ നേതൃത്വം ഉയർന്നു വരികയുള്ളു. കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംഘടനാ തലത്തിൽ കഴിവ് തെളിയിച്ച നിരവധി ചെറുപ്പക്കാർക്ക് കൂടി ഈ പട്ടികയിൽ ഇടം നൽകി അവസരങ്ങൾ നൽകേണ്ടതായിരുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്.

അതിനാൽ ഈ സംഘടനാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ല എന്ന നിലപാട് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പല്ലാതെ സമവായം ആണെങ്കിലും എന്റെ പേര് പരിഗണിക്കേണ്ടതില്ല.

Top