തിരുവനന്തപുരം: ആഗോള ഫാസ്റ്റ് ഫാഷന്‍, ലീഷര്‍ ബ്രാന്‍ഡായ യൊയോസോയുടെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തിരുവനന്തപുരം ലുലു മാളില്‍ തുറന്നു. യൊയോസോയുടെ ഇന്ത്യയിലെ 7-ാമത്തെ ഔട്ട്‌ലെറ്റാണ് ഇത്. അബുദാബി ആസ്ഥാനമായ പ്രമുഖ ഫുഡ് ആന്‍ഡ് ബെവറേജസ് ഗ്രൂപ്പായ ടേബിള്‍സാണ് യൊയോസോ അവതരിപ്പിച്ചത്.
2019-ലായിരുന്നു 2.5 ട്രില്യണ്‍ ഡോളര്‍ ലോക ഫാസ്റ്റ് ഫാഷന്‍ വ്യവസായത്തിലേക്കുള്ള യൊയോസോയുടെ കടന്നുവരവ്. ഉപഭോക്താക്കളില്‍ സന്തോഷവും സംതൃപ്തിയും പകരുന്ന ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന കേന്ദ്രമാകുക എന്നതാണ് കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തുറക്കുന്നതിലൂടെ യൊയോസോ ലക്ഷ്യമിടുന്നത്.
സവിശേഷ ഡിസൈനുകളും ഏറെ ഉപകാരപ്രദവുമായ ഉത്പന്നങ്ങളാണ് യോ ഹാപ്പി പ്ലേസ് എന്ന ഹാഷ്ടാഗോടെയുള്ള ഔട്ട്‌ലെറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗൃഹാലങ്കാര വസ്തുക്കള്‍, ഡിജിറ്റല്‍ ആക്‌സസറികള്‍, സ്റ്റേഷണറി, ഗിഫ്റ്റ്, ഫാഷന്‍ ആക്‌സസറികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള ഉത്പന്നങ്ങളുടെ കലവറ തന്നെയാണ് യൊയോസോ ഇവിടെ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം ലുലു മാളില്‍ കേരളത്തിലെ ആദ്യ ഔട്ടലെറ്റ് തുറന്നതിലൂടെ രാജ്യത്ത് പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കാനും പുത്തന്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനുമാണ് യൊയോസോ ലക്ഷ്യമിടുന്നത്. കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടേബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.
ഗുണനിലവാരം, ഡിസൈന്‍, ഉപയോഗ്യത എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമ്പോഴും സുസ്ഥിര വികസനത്തിന്റെ മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന ബ്രാന്‍ഡാണ് യൊയോസോ എന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഔട്ട്‌ലെറ്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചിട്ടുള്ള സന്തോഷവും സംതൃപ്തിയും കേരളത്തിലെ ഔട്ട്‌ലെറ്റിലൂടെയും യൊയോസോയ്ക്ക് സാക്ഷാത്കരിക്കാനാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദീബ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.