ബൗളിങ്ങിലെ സച്ചിന്‍ ഇനി ക്രീസിലേയ്ക്കില്ല

സഹീര്‍ ഖാനെ ഇന്ത്യന്‍ ബൗളിംഗിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന് ഒരിക്കല്‍ വിശേഷിപ്പിച്ചത് മറ്റാരുമല്ല, സാക്ഷാല്‍ ധോണിയാണ്. ഇന്ത്യന്‍ ബാറ്റിംഗ് സച്ചിനെന്ന സൂര്യന് ചുറ്റും കറങ്ങിയതുപോലെയായിരുന്നു ഒരു ദശാബ്ദത്തോളം ഇന്ത്യന്‍ പേസാക്രമണത്തെ സഹീര്‍ ചുമലിലേറ്റിയത്. അതുകൊണ്ടുതന്നെ ധോണിയുടെ പരാമര്‍ശം സഹീറിനെ സംബന്ധിച്ചിടത്തോളം ഒരു ഭംഗിവാക്കോ പുകഴ്ത്തലോ ആയിരുന്നില്ല. സഹീര്‍ ഖാനെന്ന ബൗളര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സേവനത്തെ ഇതിലും നന്നായി വിശേഷിപ്പിക്കാനുമാവില്ല. സി.ഗോപാലകൃഷ്ണന്‍ എഴുതുന്നു

മീഡിയം പേസര്‍മാരുടെ കാലഘട്ടത്തില്‍ നിന്ന് 1980കളില്‍ കപില്‍ ദേവിന്റെ കാലഘട്ടമെത്തിയപ്പോഴാണ് ഇന്ത്യയില്‍ സ്പിന്നര്‍മാര്‍ മാത്രമല്ല ഫാസ്റ്റ് ബൗളര്‍മാരുമുണ്ടെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന ചരിത്ര നേട്ടവുമായി കപില്‍ വിടവാങ്ങിയശേഷം ജവഗല്‍ ശ്രീനാഥ് മാത്രമായിരുന്നു ലോക ക്രിക്കറ്റില്‍ ബഹുമാനം ലഭിച്ച ഏക ഇന്ത്യന്‍ പേസ് ബൗളര്‍. ചിരവൈരികളും അയല്‍ക്കാരുമായ പാക്കിസ്ഥാന് വസീം അക്രവും വഖാര്‍ യൂനിസും അക്വിബ് ജാവേദുമെല്ലാം ഉണ്ടായിരുന്നു എടുത്തുകാട്ടാനും കളി ജയിപ്പിക്കാനും. അതുകൊണ്ടുതന്നെ വലിയവീട്ടിലെ കല്യാണത്തിന് വിളിക്കാതെപോയ ദരിദ്രനാരായാണന്റെ അപകര്‍ഷതബോധത്തോടെയാണ് അക്കാലത്ത് ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ ക്രിക്കറ്റ് ലോകത്ത് നിന്ന് പിഴച്ചത്. അപ്പോഴും ശ്രീനാഥിന്റെ കൂട്ടാളികളായി പലരും വന്നുപോയുമിരുന്നു. വെങ്കിടേഷ് പ്രസാദ് മാത്രമാണ് അല്‍പമെങ്കിലും മികവു കാട്ടിയതും പിടിച്ചുനിന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതിമാറ്റിയ രണ്ട് അരങ്ങേറ്റക്കാര്‍

എന്നാല്‍ 2000ല്‍ കെനിയയിലെ നെയ്‌റോബിയില്‍ നടന്ന ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റ് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം രണ്ട് താരോദയങ്ങള്‍കൊണ്ടാണ് ശ്രദ്ധേയമായത്. ഒന്നാമത്തെയാള്‍ യുവരാജ് സിംഗ്. രണ്ടാമന്‍ സഹീര്‍ ഖാന്‍. ഇടംകൈയന്‍ പേസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ടീമിലെ അപൂര്‍സാന്നിധ്യമായിരുന്ന കാലത്താണ് സഹീര്‍ രാജ്യത്തിനായി അരങ്ങേറിയത്. അരങ്ങേറ്റ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ സഹീര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി കൂട്ടിന് ആശിഷ് നെഹ്‌റ കൂടിയെത്തിയതോടെ ശ്രീനാഥ്‌നെഹ്‌റസഹീര്‍ ത്രയം ലോക ക്രിക്കറ്റില്‍ സാന്നിധ്യമറിയിക്കുന്ന ഇന്ത്യന്‍ പേസ് ത്രയമായി.

ഇന്ത്യയും സഹീറും മറക്കാന്‍ ആഗ്രഹിക്കുന്ന ലോകകപ്പ് ഫൈനല്‍

2003ലെ ലോകകപ്പ് ഫൈനല്‍ ഇന്ത്യന്‍ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്നുവെങ്കില്‍ അതിന് പ്രധാന കാരണക്കാരിലൊരാള്‍ ഇതേ സഹീര്‍ ഖാനായിരുന്നുവെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം. തുടക്കത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന വാറണ്ടേഴ്‌സിലെ പിച്ചില്‍ ടോസ് നേടിയപ്പോള്‍ എതിരാളികളെ ബാറ്റിംഗിനയച്ച ക്യാപ്റ്റന്‍ ഗാംഗുലിയെ പേസര്‍മാര്‍ തന്നെ ചതിക്കുകയായിരുന്നു. അതിന് തുടക്കമിട്ടതാകട്ടെ സഹീറിന്റെ ആദ്യ ഓവറും. അമിതാവേശത്തില്‍ പന്തെറിഞ്ഞ സഹീറിന്റെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ വഴങ്ങിയത് 15 റണ്‍സ്. ആ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ പിന്നീട് ഒരിക്കല്‍പോലും ഇന്ത്യക്ക് കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത ഓസീസ് അടിച്ചുകൂട്ടിയത് 359 റണ്‍സ്. ഇന്ത്യന്‍ മറുപടി 234 റണ്‍സിലൊതുങ്ങി. കപ്പ് ഓസീസിന് സ്വന്തം.

പിന്നീട് പലപ്പോഴും പരിക്കും ഫോമില്ലായ്മയ്ക്കുമൊപ്പം യുവതാരങ്ങളായ ഇര്‍ഫാന്‍ പത്താന്റെയും ആര്‍ പി സിംഗിന്റെയുമെല്ലാം മികവുറ്റ പ്രകടനങ്ങളും സഹീറിനെ ടീമിന് പുറത്താക്കി. 2005ല്‍ ടീമീന് പുറത്തായ സഹീര്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. ഭാരം കുറച്ചും ശാരീരികക്ഷമത വീണ്ടെടുത്തും റണ്ണപ്പ് കുറച്ചും 2006ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. അതിന് സഹീറിനെ സഹായിച്ചത് കൗണ്ടിയില്‍ വോഴ്സ്റ്റര്‍ഷെയറിനായി നടത്തിയ പ്രകടനങ്ങളായിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യന്‍ പേസാക്രമണത്തിന്റെ ഭാരിച്ച ചുമതല സഹീറിന്റെ ചുമലിലായിരുന്നു. റണ്ണപ്പും പേസും കുറച്ച് പന്ത് ഇരുവശത്തേക്കും ഒരുപോലെ സ്വിഗ് ചെയ്യിച്ച സഹീര്‍ പഴയ പന്തുകളില്‍ തന്റെ റിവേഴ്‌സ് സ്വിംഗ് കൊണ്ടും ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചുനിര്‍ത്തി.

വിദേശത്തും ഇന്ത്യ ടെസ്റ്റ് ജയിച്ച് തുടങ്ങിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് സച്ചിന്‍ദ്രാവിഡ്‌സൗരവ്‌ലക്ഷണ്‍ തുടങ്ങിയ ഫാബ് ഫോറിന് എല്ലാവരും പകുത്തുകൊടുത്തു. അപ്പോഴും സഹീറിന്റെ മികവ് പലരും കണ്ടില്ലെന്ന് നടിച്ചു. 2007ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ച് ദ്രാവിഡും സംഘവും ചരിത്രനേട്ടം കുറിച്ചപ്പോള്‍ 18 വിക്കറ്റുമായി സഹീര്‍ ഇന്ത്യന്‍ പേസാക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചു. പിന്നീട് സഹീറിന്റെ കൂടി മികവിലായിരുന്നു ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 2011ല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ചയെ നേടിരുമ്പോള്‍ സഹീര്‍ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചു. സഹീറില്ലാതെ കളിച്ച ആ പരമ്പരയില്‍ ഇന്ത്യ തോറ്റത് 40നായിരുന്നു. സഹീറിന്റെ വില ഇന്ത്യ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

പ്രായശ്ചിത്തമായി 2011ലെ ലോകകപ്പ് ഫൈനല്‍

2003ലെ ലോകകപ്പ് ഫൈനലിലെ മോശം പ്രകടനത്തിന് സഹീര്‍ പ്രായശ്ചിത്തം ചെയ്തത് നാട്ടില്‍ നടന്ന 2011ലെ ലോകകപ്പിലായിരുന്നു. 21 വിക്കറ്റുമായി ഷഹീദ് അഫ്രീദിക്കൊപ്പം ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായതിനൊപ്പം ഫൈനലില്‍ സഹീറിന്റെ ഓപ്പണിംഗ് സ്‌പെല്‍ ആരാധകര്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. അഞ്ചോവര്‍ എറിഞ്ഞ സഹീര്‍ മൂന്ന് മെയ്ഡന്‍ അടക്കം ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലങ്ക വിറച്ചു നിന്നു.

പിന്നീട് ഐപിഎല്ലിലും സജീവമായ സഹീറിനെ പരിക്ക് വീണ്ടും വേട്ടയാടി. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ സഹീര്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ കമന്ററി ബോക്‌സിലുണ്ടായിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത് ഇന്ത്യ പേടിച്ചത് സംഭവിച്ചിരിക്കുന്നുവെന്നായിരുന്നു. ആ വാക്കുകള്‍ മാത്രം മതി സഹീര്‍ ഇന്ത്യക്ക് എത്രമാത്രം വിലപ്പെട്ടവനായിരുന്നുവെന്ന് തെളിയിക്കാന്‍. കരിയറിന്റെ അവസാനകാലത്ത് ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് തുടങ്ങിയ യുവപേസര്‍മാരുടെ കരിയറിനെ ശരിയായി ദിശയിലേക്ക് നയിക്കാനും സഹീറിനായി. കണക്കുകളില്‍ സഹീര്‍ നേടിയത് 92 ടെസ്റ്റില്‍ 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ 282 വിക്കറ്റുകളുമാണെങ്കിലും അതിലുമപ്പുറമായിരുന്നു ഇന്ത്യന്‍ ബൗളിംഗിന് സഹീര്‍ ഖാന്‍ എന്ന പേര്.

Top