സെൻകുമാർ ഡിജിപി; ബെഹ്‌റയ്ക്കു വിജിലൻസ്: പൊലീസിൽ വൻ അഴിച്ചുപണിയ്‌ക്കൊരുങ്ങി സർക്കാർ; സെൻകുമാർ ഗവർണറെ കണ്ടേക്കും

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: സുപ്രീം കോടതിയിൽ നിന്നും അനൂകൂല വിധിയുമായി എത്തി ഡിജിപി സ്ഥാനം ലക്ഷ്യമിടുന്ന ടിപി സെൻകുമാറിനു ഉടൻ ഡിജിപി സ്ഥാനം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. ഇന്ന് ഉച്ചയോടെതന്നെ ഇതു സംബന്ധിച്ചു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഇതിനിടെ വെള്ളാപ്പള്ളി നടേശന്റെ പിൻതുണയോടെ ബിജെപി കേന്ദ്ര നേതൃത്വവുമായി അടുപ്പം സ്ഥാപിച്ച സെൻകുമാർ,ഇന്ന് രാവിലെ ഗവർണറെ കണ്ടേക്കുമെന്നു സൂചനയുണ്ട്. സുപ്രീം കോടതി മുൻചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർക്കു സെൻകുമാറിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താനാവുമെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇദ്ദേഹം ഗവർണറെ കാണുന്നതെന്നാണ് സൂചന ലഭിക്കുന്നത്.
ഇതിനിടെ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നതിനൊപ്പം പൊലീസിൽ സമ്പൂർണ്ണ അഴിച്ചു പിണയും വരും. സെൻകുമാർ കേസിൽ വിധി നടപ്പാക്കണമെന്നും വൈകിപ്പിക്കരുതെന്നുമുള്ള നിയമോപദേശം സർക്കാരിനു ലഭിച്ചു. ഇതോടെ വിധിക്കെതിരെ റിവിഷൻ ഹർജി നൽകേണ്ടതില്ലെന്ന നിലപാടിൽ സർക്കാർ എത്തി. താമസിയാതെ തന്നെ പൊലീസ് മേധാവിയായി സെൻകുമാറിനെ നിയമിക്കുന്ന ഉത്തരവ് ഇറങ്ങും. സെൻകുമാറിന്റെ നിയമനം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയുമായും പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനുമായും ചർച്ച നടത്തുകയും ചെയ്തു. സെൻകുമാറിന്റെ നിയമനത്തോടെ പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചേക്കുമെന്നാണ് സൂചന.
എന്നാൽ അവധിയിലുള്ള ജേക്കബ് തോമസ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയാൽ വിജിലൻസ് ഡയറക്ടറായി അദ്ദേഹത്തിന് ചുമതല നൽകേണ്ടി വരും. ഈ സാഹചര്യമാണ് സർക്കാരിനെ അലോസരപ്പെടുത്തുന്നത്. ജേക്കബ് തോമസ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്റലിജൻസ് മേധാവിയായി ബെഹ്റയെ നിയമിക്കണമെന്ന നിർദ്ദേശവും ഉണ്ട്. ഡിജിപി റാങ്കിലുള്ള ബി.എസ്.മുഹമ്മദ് യാസിനാണ് ഇപ്പോൾ ഇന്റലിജൻസ് മേധാവി. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയാൽ പകരം നിയമനം കൊടുക്കുന്നതിനെ കുറിച്ച് സർവ്വത്ര ആശയക്കുഴപ്പമാണ്. സെൻകുമാറിന്റെ നിയമന ഉത്തരവു വൈകിപ്പിക്കേണ്ടതില്ലെന്ന നിർദ്ദേശമാണു സിപിഎമ്മും മുഖ്യമന്ത്രിക്കു നൽകിയത്. മിക്കവാറും നിയമന ഉത്തരവ് ഇന്നിറങ്ങും. ഈ സാഹചര്യത്തിലാണ് ബെഹ്റയുടേയും ജേക്കബ് തോമസിന്റേയും സ്ഥാനങ്ങൾ ചർച്ചയാകുന്നത്.
അതിനിടെ സെൻകുമാറിന് ശേഷം ആരെ പൊലീസ് മേധാവിയാക്കണമെന്ന ചർച്ചകളും സജീവമാണ്. ടി.പി.സെൻകുമാർ കഴിഞ്ഞാൽ സംസ്ഥാന പൊലീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ 1984ബാച്ചിലെ അരുൺകുമാർ സിൻഹ കേന്ദ്രഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങിയെത്തുന്നു. റിസർച്ച്ആൻഡ് അനാലിസിസ് വിംഗിൽ (റാ) അമേരിക്കയിലാണ് സിൻഹ ഇപ്പോൾ. സിൻഹയ്ക്ക് 2018 ഒക്ടോബർ വരെ കാലാവധിയുള്ളതിനാൽ ജൂണിൽ സെൻകുമാർ വിരമിക്കുമ്പോൾ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാനാവില്ല. 2001 ജൂലായ് മുതൽ ‘റാ’യിൽ പ്രവർത്തിക്കുകയാണ് സിൻഹ. ലോകനാഥ് ബെഹറയെ ഡി.ജി.പിയാക്കാനുള്ള നീക്കത്തിന് ഇത് തിരിച്ചടിയാവും. 2020മെയ് വരെ കാലാവധിയുള്ള ജേക്കബ്തോമസ്, 2021ജൂലായ് വരെ കാലാവധിയുള്ള ഋഷിരാജ്സിങ്, 2020മെയ് വരെയുള്ള എ.ഹേമചന്ദ്രൻ എന്നിവരും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്.
പൊലീസിൽ ഉടൻ സമ്പൂർണ്ണ അഴിച്ചു പണിയും വരും. സെൻകുമാർ പൊലീസ് മേധാവിയായാലും സർക്കാരിന് നിയന്ത്രണം നഷ്ടമാകാത്ത തരത്തിലാകും ഈ മാറ്റങ്ങൾ. ഇതിനുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട്. ജയിൽ ഡിജിപി, ഫയർഫോഴ്സ് ഡിജിപി, എക്സൈസ് കമ്മീഷണർ എന്നിവരെ പരസ്പരം മാറ്റുന്നതും സർക്കാരിന്റെ ആലോചനയിലുണ്ട്. റേഞ്ച് ഐജിമാർ ഉൾപ്പെടെയുള്ളവരേയും മാറ്റും. ഇതു സംബന്ധിച്ച സി.പി.എം നിലപാട് കൂടി സർക്കാർ മനസ്സിലാക്കി. പാർട്ടി താൽപ്പര്യങ്ങൾ കൂടി നോക്കി വേണം മാറ്റങ്ങളെന്ന നിർദ്ദേശം ഉള്ളതു കൊണ്ടാണ് ഇത്.
സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്നു തിങ്കളാഴ്ചയാണു സുപ്രീംകോടതി വിധിച്ചത്. അടുത്ത ദിവസം തന്നെ വിധിയുടെ പകർപ്പും തന്നെ ഉടൻ നിയമിക്കണമെന്ന കത്തും സെൻകുമാർ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറി. എന്നാൽ സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും ഉപദേശം കൂടി തേടാൻ സർക്കാർ തീരുമാനിച്ചു. അവരും നിയമ സെക്രട്ടറിയും വിധി നടപ്പാക്കണമെന്ന ഉപദേശമാണു സർക്കാരിനു നൽകിയത്. ഒടുവിൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സർക്കാരിനു ലഭിച്ചതായാണു സൂചന. കോടതി വിധി അനുസരിച്ചു സെൻകുമാറിനു പൊലീസ് മേധാവി സ്ഥാനം നൽകാതെ മറ്റു വഴികളില്ലെന്നാണു നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സർക്കാരിനു റിപ്പോർട്ട് നൽകിയത്.
പുനഃപരിശോധനാ ഹർജിക്കു സാധ്യതയില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. അപ്പീൽ പോയാൽ സുപ്രീം കോടതിയിൽ നിന്നു കടുത്ത വിമർശങ്ങൾ ഉണ്ടായേക്കാം. അതു സർക്കാരിനു തിരിച്ചടിയാകുമെന്നും നിയമോപദേശത്തിൽ സൂചിപ്പിച്ചു. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ ഇപ്പോൾ സെൻകുമാറിന് അനുകൂല വിധി പറഞ്ഞ ബെഞ്ച് തന്നെയാവും അതും പരിഗണിക്കുക. അതിനാൽ വിധിയിൽ മാറ്റം വരാനിടയില്ല. വിമർശന സാധ്യത കൂടുതലുമാണ്. വിധി നടപ്പാക്കണമെന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും സർക്കാരിനെ ഉപദേശിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top