
സഹോദരങ്ങളെ ശല്യപ്പെടുത്തുന്നവരെ ഗുണ്ടകളെ അയച്ച് തല്ലിക്കുന്നത് സിനിമകളില്‍ പതിവു കാഴ്ചയാണെങ്കിലും ഒരു നടിയുടെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ അവതാരകയായ റിമിടോമിയോടായിരുന്നു ഈ വെളിപ്പെടുത്തല്‍.
അനുജത്തിയും സിനിമാ താരവുമായ ഇനിയയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ടെന്ന് ഇനിയയുടെ സഹോദരിയും സീരിയല്‍ താരവുമായ സ്വാതിയാണ് വെളിപ്പെുടുത്തിയത്. താരത്തിന്റെ വാക്കുകള്‍ കേട്ട് അമ്പരന്ന റിമി, അതിനെപ്പറ്റി കൂടുതല്‍ ചോദിച്ചപ്പോള്‍ സ്വാതിയുടെ മറുപടി ഇങ്ങനെയായിരുന്നു… ‘സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ചിലര്‍ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു.
ആ സമയത്തൊക്കെ ഞാന്‍ ഇടപെട്ടു പ്രശ്നം തീര്‍ത്തു. കുറച്ചു കൂടി വലുതായ ശേഷം അവള് ഒരാളെ പ്രണയിച്ചു. അവളുടെ ഫോണില്‍നിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാന്‍ വീട്ടില്‍ കാണിച്ചു. കുറച്ച് ആണുങ്ങളെ അവന്റെ വീട്ടിലേക്കു പറഞ്ഞയച്ച് ഭീഷണിപ്പെടുത്തി.
അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ ചെയ്തത്. സ്വാതി പറഞ്ഞു. ഇതുപോലൊരു ചേച്ചിയുണ്ടെങ്കില്‍ ആങ്ങളമാരുടെ ആവശ്യമില്ലെന്നായിരുന്നു റിമിയുടെ പ്രതികരണം. അനുജത്തി ഇനിയ സിനിമകളില്‍ സജീവമാണെങ്കില്‍ സീരിയലാണ് സ്വാതിയുടെ തട്ടകം.