കണ്ണൂര്‍ ഡി.സി.സി ദയനീയം; തിരുവനന്തപുരത്ത് തരൂര്‍ തോല്‍ക്കും; അടിത്തറ തകര്‍ന്നെന്ന് AICC പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ എ.ഐ.സി.സിക്ക് കടുത്ത നിരാശ. എട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനം അതി ദയനീയമെന്ന് പഠന റിപ്പോര്‍ട്ട്. കാസര്‍കോടും തിരുവനന്തപുരവുമാണ് പരമദയനീയമെന്നും എ.ഐ.സി.സി ഏര്‍പ്പെടുത്തിയ പ്രത്യേക ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നു.

2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരീക്ഷിക്കാനും പഠിക്കാനുമായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഒരു സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിരുന്നു. എ.ഐ.സി.സിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെ മൂന്നായി തരംതിരിച്ചിരിച്ചിരുന്നു. ശരാശരി, ശരാശരിക്ക് മുകളില്‍, ദയനീയം എന്നീ വിഭാഗങ്ങളിലായിരുന്നു ഡി.സി.സികളെ വിലയിരുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേവലം മൂന്ന് ജില്ലാകമ്മിറ്റികള്‍ മാത്രമാണ് ശരാശരിക്ക് മുകളില്‍ എത്തിയത്. എട്ട് ജില്ലകളില്‍ അതിദയനീയമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നെണ്ണം ശരാശരി നിലവാരത്തിലും. എ.ഐ.സി.സിയുടെ നിര്‍ദ്ദേശപ്രകാരം ഇത്തരമൊരു പഠനം നടത്തിയത് കെ.പി.സി.സിയിലെ ഒരുന്നതന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടിയുടെ അവസ്ഥയില്‍ ഞെട്ടിയിരിക്കുകയാണ് അദ്ദേഹം.

തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ഡി.സി.സികളാണ് ശരാശരിക്കും മുകളില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എറണാകുളം, മലപ്പുറം, കൊല്ലം എന്നീ ഡി.സി.സികള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ഡി.സി.സികളാണ് ദയനീയം എന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരവും കാസര്‍കോടും പരമദയനീയമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ശശി തരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിന്റെ സ്ഥിതി പരമദയനീയം എന്നറിഞ്ഞ് എ.ഐ.സി.സി ഞെട്ടലിലാണ്. ഇപ്പോഴത്തെ പാര്‍ട്ടിയുടെ സ്ഥിതി അനുസരിച്ച് ശശി തരൂര്‍ മത്സരിച്ചാല്‍ പോലും കടന്നുകൂടാന്‍ പ്രയാസമാണെന്നാണ് ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നത്. ബി.ജെ.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവനന്തപുരവും കാസര്‍കോടും അവര്‍ എ പ്ലസ് ലിസ്റ്റിലാണ് ബി.ജെ.പി പെടുത്തിയിരിക്കുന്നത്. അതായത് ബി.ജെ.പിക്ക് ജയിക്കാന്‍ ഏറെ സാധ്യതയുള്ള രണ്ട് പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളിലാണ് ഇവ.

കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെയും തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റെയും പ്രവര്‍ത്തനങ്ങള്‍ പരമദയനീയമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ രണ്ടുപേരുടെയും പേരെടുത്ത് തന്നെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുമുണ്ട്. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ എല്ലാംതന്നെ മൃതാവസ്ഥയിലാണ്. പാര്‍ട്ടിയെ ചലിപ്പിക്കാനുള്ള യാതൊരു വിധ പ്രവര്‍ത്തനങ്ങളും നടത്താന്‍ ഈ രണ്ട് ഡി.സി.സി പ്രസിഡന്റുമാര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡി.സി.സി പ്രസിഡന്റുമാരില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്ന കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധീഖും പാലക്കാട് ഡി.സി.സി വി.കെ. ശ്രീകണ്ഠനുമാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. രണ്ടുപേരുടെയും പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും പറയുന്നുണ്ട്.

തൃശൂര്‍ ഡി.സി.സി ശരാശരിക്ക് മുകളിലാണെങ്കിലും തൃശൂരെ പ്രവര്‍ത്തനങ്ങളില്‍ ചില പോരായ്മകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിന് കാരണമായി അവര്‍ പറയുന്നത് ഡി.സി.സി പ്രസിഡന്റായ ടി.എന്‍. പ്രതാപന്‍ എ.ഐ.സി.സിയുടെ കീഴിലുള്ള മത്സ്യത്തൊഴിലാളി സംഘടനയുടെ ദേശീയ കണ്‍വീനറാണ്. മിക്കപ്പോഴും ദേശീയതലത്തില്‍ കൂടി പ്രവര്‍ത്തിക്കേണ്ടിവരുന്നതുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കാര്യത്തില്‍ മതിയായ സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധീഖിന്റെ പ്രവര്‍ത്തനം വളരെ മാതൃകാപരമാണെന്നും പാര്‍ട്ടിയെ ജില്ലയില്‍ ചലനാത്മകമാക്കാന്‍ കഴിഞ്ഞുവെന്നുമാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എ.ഐ.സി.സി വിലയിരുത്തുന്നത്. അതുപോലെതന്നെ, കോഴിക്കോട്ടെ സിറ്റിംഗ് എം.പിയായ എം.കെ. രാഘവന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും പാര്‍ട്ടിക്ക് തികഞ്ഞ മതിപ്പാണുള്ളത്.

പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനെക്കുറിച്ചും വലിയ മതിപ്പാണ് റിപ്പോര്‍ട്ടില്‍ പുലര്‍ത്തിരിക്കുന്നത്. പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top