ലഭിക്കുന്നത് പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ അരവണ; പരാതിയുമായി അയ്യപ്പ ഭക്തര്‍

സന്നിധാനത്തെ കൗണ്ടര്‍ വഴി വില്‍പ്പന നടത്തുന്നത് പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ അരവണയെന്ന് ആക്ഷേപം. ടിന്നുകളില്‍ 8-12-2017 നിര്‍മ്മിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന അരവണയാണ് ഇന്ന് രാവിലെ സന്നിധാനം പതിനെട്ടാം പടിക്ക് സമീപമുള്ള രണ്ടാം നമ്പര്‍ കൗണ്ടറില്‍ നിന്ന് വിതരണം ചെയ്തത്. നിലമ്പൂര്‍ സ്വദേശി രാജേഷിന് ലഭിച്ച അരവണ പ്രസാദത്തിന്റെ നിര്‍മാണ തീയതി 2017 ഡിസംബര്‍ 12 ആണ്. അരവണ തീയതി തിരുത്തി വില്‍പ്പന നടത്തിയില്ലെന്നാണ് അന്ന് ബന്ധപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കഴിഞ്ഞ മാസം അരവണ ടിന്‍ പാക്ക് ചെയ്യുന്ന സമയത്ത് വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഉണ്ടായ ടെക്‌നിക്കല്‍ പ്രശ്‌നമാണ് ഇത്തരത്തില്‍ തീയതി മാറാന്‍ കാരണമെന്നാണ് പറഞ്ഞത്.

ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡിനു വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയെന്നും ഭക്തര്‍ പറഞ്ഞു. അരവണ കരുതല്‍ ശേഖരം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം സന്നിധാനത്ത് തിരക്ക് കൂടുകയാണ്. ഇന്നലെ മാത്രം എഴുപതിനായിരം തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്.

Latest
Widgets Magazine