‘ഞാന്‍ വിവാഹം കഴിച്ചിട്ടില്ല, അത്‌കൊണ്ട് ഞാന്‍ സന്തോഷവാനാണ്’- ബാബാ രാംദേവ്  

പനജി: വിവാഹം കഴിക്കാതെ ജീവിക്കുന്നതാണ് തന്റെ സന്തോഷത്തിന്റെയും ജീവിതവിജയത്തിന്റെയും രഹസ്യമെന്ന് ബാബാ രാദേവ്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഗോവ ഫെസ്റ്റ് 2018 നെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ജീവിതത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള പ്രഭാഷണത്തില്‍ അദ്ദേഹം കൈകുത്തി നടക്കുന്നതുള്‍പ്പടെയുള്ള യോഗാഭ്യാസങ്ങള്‍ വേദിയില്‍ ചെയ്തു കാണിച്ചു. ‘ആളുകള്‍ ജീവിക്കുന്നതും ജോലിചെയ്യുന്നതും അവരുടെ കുടുംബത്തിന് വേണ്ടിയാണ്, എനിക്ക് ഭാര്യയും മക്കളുമില്ല, ഞാന്‍ എത്ര സുഖമായിട്ടാണ് ജീവിക്കുന്നത്.’- ബാബാരാദേവ് പറയുന്നു. ‘വിവാഹം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലരും വിവാഹം കഴിക്കാനിരിക്കുകയാണ്, മറ്റ് ചിലര്‍ വിവാഹിതരും. നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ അത് വഹിക്കേണ്ടി വരും. ഞാനങ്ങനെ ചെയ്തില്ല. പകരം ബ്രാന്‍ഡുകളാണ് സൃഷ്ടിച്ചത്. 2050ല്‍ ഇന്ത്യ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറാന്‍ 1000ലധികം ബ്രാന്‍ഡുകള്‍ ഉത്പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് കുട്ടികളുണ്ടായിരുന്നുവെങ്കില്‍ അവര്‍ പതഞ്ജലിയുടെ അവകാശം ചോദിക്കുമായിരുന്നു. അപ്പോള്‍ ഇത് നിങ്ങളുടെ പിതാവിന്റെയല്ല, രാജ്യത്തിന്റെയാണെന്ന് എനിക്ക് പറയേണ്ടി വരുമായിരുന്നു. ദൈവം എന്നെ രക്ഷിച്ചതാണെന്ന വിശ്വാസമാണെനിക്കുള്ളത്. തെറ്റുകളൊന്നും ചെയ്തിട്ടില്ല. എന്‍ഡി തീവാരിക്ക് സംഭവിച്ചത് പോലെ തന്റെ മകനാണെന്ന് പറഞ്ഞ് ആരും വരില്ല. നിങ്ങള്‍ക്ക് സന്തോഷമായിരിക്കാന്‍ ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല. ഞാനെപ്പോഴും സന്തോഷവാനാണ്.’- അദ്ദേഹം വ്യക്തമാക്കി. ആചാര്യ ബാലകൃഷ്ണയോടൊപ്പം സ്ഥാപിച്ച പതഞ്ജലി ഗ്രൂപ്പ് ലാഭമുണ്ടാക്കുന്നതിനു വേണ്ടി സ്ഥാപിച്ചതല്ലെന്നും നോണ്‍-പ്രോഫിറ്റബിള്‍ ചാരിറ്റബിള്‍ ട്രസ്റ്റായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ബാബാ രാംദേവ് പറഞ്ഞു. ‘ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ളവ നമ്മുടെ രാജ്യത്തെ കൊള്ളയടിച്ച് കൊണ്ട് പോയി, അവരെ ചില കാര്യങ്ങള്‍ പഠിപ്പിക്കണമെന്ന് ചെറുപ്പകാലം മുതലുള്ള എന്റെ ആഗ്രഹമാണ്. അതുകൊണ്ടാണ് ഈ കമ്പനി സ്ഥാപിച്ചത്. പല മള്‍ട്ടിനാഷ്ണല്‍ കമ്പനികളുടെയും ചൂഷണത്തിനിരയായി കൊണ്ടിരിക്കുന്ന രാജ്യത്തെ എനിക്ക് രക്ഷിക്കണമായിരുന്നു. ഞാനെന്താണോ നേടിയത് അതെല്ലാം ഈ രാജ്യത്തിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും വേണ്ടിയാണ് നിക്ഷേപിക്കുന്നത്. എനിക്ക് വേണമെങ്കില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെയാകാം, പക്ഷെ ഞാനത് ആഗ്രഹിക്കുന്നില്ല.’- ബാബാ രാദേവ് പറയുന്നു.

Top