തിരക്കിനിടയില്‍ ദീപികയുടെ സംരക്ഷണം ഏറ്റെടുത്ത് രണ്‍വീര്‍

മുബൈ: ബോളിവുഡിന്റെ പുതിയ താരദമ്പതികളായ ദീപ്‌വീര്‍ ആണ് കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇറ്റലിയിലെ വിവാഹാഘോഷങ്ങള്‍ക്ക് ശേഷം ഇന്നലെയാണവര്‍ മുബൈയിലെത്തിയത്. മുബൈ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി കാറിനടുത്തേക്ക് നടക്കുന്നതിനിടെ ദീപികയെ ചേര്‍ത്തുപിടിക്കുന്ന രണ്‍വീറിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിമാനത്താവളത്തിലെ തിരിക്കിനിടയിലാണ് ദീപികയ്ക്കു സംരക്ഷണമേകുന്ന ഭര്‍ത്താവായി രണ്‍വീര്‍ മാറിയത്. ദൃശ്യങ്ങള്‍ കാമറകള്‍ ഒപ്പിയെടുത്തു.മുംബൈ വിമാനത്താവളത്തിലെത്തിയ ഇരുവരും ആരാധകരെ കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ഖാറിലുള്ള രണ്‍വീറിന്റെ വീട്ടിലേക്കാണ് ഇവര്‍ യാത്രയായത്. തിരക്കിനിടയില്‍ ദീപികയുടെ സംരക്ഷണം രണ്‍വീര്‍ ഏറ്റെടുത്ത കാഴ്ച ആരാധകര്‍ക്ക് ഇരട്ടി മധുരമായി. നവദമ്പതികളായി തിരച്ചെത്തുന്ന താരങ്ങളെ സ്വീകരിക്കാന്‍ നിരവധി ആരാധകരും മാധ്യമങ്ങളുമാണ് മുംബൈ വിമാനത്താവളത്തില്‍ കാത്തുനിന്നത്.

സബ്യസാചി ഡിസൈന്‍ ചെയ്ത ഓഫ് വൈറ്റ് സില്‍ക് സ്യൂട്ടായിരുന്നു ദീപികയുടെ വേഷം. ചുവപ്പും സ്വര്‍ണ നിറവും കലര്‍ന്ന ദുപ്പട്ടയും ദീപിക ധരിച്ചിരുന്നു. സന്തോഷവാനായി കാണപ്പെട്ട രണ്‍വീര്‍ തന്റെ പതിവ് ചിരി തുടര്‍ന്നു. ഓഫ് വൈറ്റിലുള്ള ചുരിദാര്‍ കുര്‍ത്തയായിരുന്നു രണ്‍വീറിന്റെ വേഷം. ഇതിനൊപ്പം പിങ്ക് നിറത്തിലുള്ള ജാക്കറ്റും ധരിച്ചിരുന്നു. വീട്ടിലെത്തിയ ഇവരുടെ ചിത്രങ്ങള്‍ ഡിസൈനര്‍ സബ്യസാചി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

നവംബര്‍ 14, 15 തീയതികളില്‍ ഇറ്റലിയിലെ ലേക് കോമോയില്‍ സിന്ധ്, കൊങ്ങിണി ആചാരപ്രകാരം നടന്ന ഇവരുടെ വിവാഹത്തിനും വസ്ത്രങ്ങളൊരുക്കിയത് സബ്യസാചിയായിരുന്നു. രണ്ട് സത്കാരപരിപാടികളാണ് ദീപികയും രണ്‍വീറും ഒരുക്കുന്നത്. ദീപികയുടെ സ്വദേശമായ ബെംഗളൂരുവിലാണ് ആദ്യത്തേത്. ഇതിനുശേഷം ഡിസംബര്‍ 1ന് മുംബൈയില്‍ സത്കാരം സംഘടിപ്പിക്കും. സിനിമാ മേഖലയിലെ സുഹൃത്തുക്കളും പ്രമുഖ വ്യക്തികളും ഈ സത്കാരത്തില്‍ പങ്കെടുക്കും.

Latest
Widgets Magazine