ദയാവധം ആകാമെന്ന് സുപ്രീംകോടതി; മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവാദം നല്‍കില്ല

ന്യൂഡല്‍ഹി: ഉപാധികളോടെയുള്ള  ദയാവധത്തിന് സുപ്രീംകോടതിയുടെ അനുമതി.  ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികള്‍ക്ക് ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് കോമണ്‍ കോഴ്സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്ന് വെക്കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു. ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുവദിക്കില്ല എന്ന സാഹചര്യത്തില്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച്‌ ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സംഘടന ഹര്‍ജിയില്‍ ചോദിച്ചിരുന്നു. കൃത്യമായ മാര്‍ഗ നിര്‍ദേശത്തോടെയാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. അതായത് ഒരു മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. മാത്രമല്ല ജില്ലാ മജിസ്ട്രേറ്റിന്റെയും സ്ഥലത്തെ ഹൈക്കോടതിയുടേയും അനുമതി വേണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരിച്ചുവരാനാവാത്തവിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ബോധപൂര്‍വം മരിക്കാന്‍ വിടുന്നതാണ് നിഷ്ക്രിയ ദയാവധം (പാസിവ് യുത്തനേസിയ) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. തന്റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടന ഹര്‍ജിയില്‍ ചോദിച്ചു. മരണ താത്പര്യ പത്രം ഉപാധികളോടെ അനുവദിക്കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. മാത്രമല്ല ജീവിതത്തിലേക്ക് തിരിച്ച്‌ വരാന്‍ കഴിയില്ലെന്ന മജിസ്ട്രേറ്റിന്റെ സാക്ഷ്യപത്രം ഉണ്ടായാല്‍ മാത്രമേ മരിക്കാന്‍ അനുവദിക്കാന്‍ പാടുള്ളൂവെന്നും കോടതി നിരീക്ഷിച്ചിരുന്നു. നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ ദയാവധം നിലനില്‍ക്കുന്നത്.

Top