മക്കളിൽ നിന്ന് സംരക്ഷണം തേടി ഡിവൈ.എസ്‌പി. ഓഫീസിനു മുന്നിൽ അമ്മയുടെ കുത്തിയിരിപ്പ് സമരം; സ്വത്തും വീടും കൈക്കലാക്കിയ ശേഷം അമ്മയെ വീട്ടിൽ നിന്നും പുറത്താക്കി; മകനും മരുമകളും ചേർന്നുള്ള ശാരീരികവും മാനസികവുമായുള്ള പീഡനവും രൂക്ഷം…

ഇരിട്ടി: മക്കളുടെ പീഡനത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് 67-കാരിഇരിട്ടി ഡിവൈ.എസ്‌പി. ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വെളിമാനത്തെ കുറ്റിക്കാട്ടിൽ ലക്ഷ്മിയാണ് മക്കളുടെയും മരുമക്കളുടെയും പീഡനത്തിൽ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യമായി സമരം നടത്തിയത്. ലക്ഷ്മിക്ക് മൂന്ന് ആൺമക്കളും 20 സെന്റ് സ്ഥലവും വീടുമുണ്ടെങ്കിലും വീട്ടിൽ താമസിക്കാൻ മക്കൾ അനുവദിക്കാറില്ല. ഇതിനെത്തുടർന്ന് മാസങ്ങൾക്കു മുമ്പ് ഇരിട്ടി ഡിവൈ.എസ്‌പി.ക്ക് നൽകിയ പരാതി നൽകിയിരുന്നു, എന്നാൽ ഇതിൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല, ഇതിനെത്തുടർന്നായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് കേരള വിധവാ സംരക്ഷണസമിതി പ്രവർത്തകർക്കൊപ്പം ലക്ഷ്മി പൊലീസ് സ്റ്റേഷനിൽ എത്തി നടപടിയാവശ്യപ്പെട്ട് സമരം ആരംഭിച്ചത്. മൂന്നു മക്കളിൽ ഇളയ മകനൊപ്പം താമസിച്ചിരുന്ന ലക്ഷ്മി ഭർത്താവ് മരിച്ചതിനെത്തുടർന്ന് വീട്ടുവേല ചെയ്തായിരുന്നു ജീവിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ ഓണത്തിന് ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയപ്പോൾ മകനും മരുമകളും മരുമകളുടെ അമ്മയും ചേർന്ന് വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഇതിനോട് കൂടെ വീടിന്റെ ആധാരം കൈക്കലാക്കിയതായും ലക്ഷ്മി ആറളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് മക്കളെ വിളിച്ചുവരുത്തി നടത്തിയ ചർച്ചയിൽ മൂന്നുമാസത്തിനുള്ളിൽ മകനോട് വീട്ടിൽനിന്ന് ഒഴിഞ്ഞുകൊടുക്കാൻ നിർദേശിച്ചെങ്കിലും അവർ മാറിയിരുന്നില്ല, പിന്നീട് മൂന്നുമാസക്കാലം ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും വീട്ടിൽ കഴിഞ്ഞ ലക്ഷ്മി തിരിച്ച് വീട്ടിലെത്തിയപ്പോഴും മക്കളുടേയും മരുമക്കളുടേയും മർദനം തുടരുകയായിരുന്നു. ഡിവൈ.എസ്‌പി. സ്ഥലത്തില്ലാഞ്ഞതിനാൽ ഇരിട്ടി സിഐ. രാജീവൻ വലിയവളപ്പിലും എസ്‌ഐ. പി.സി.സഞ്ജയ്കുമാറും ലക്ഷ്മിയുമായി സംസാരിച്ചു. ഡിവൈ.എസ്‌പി.യുടെ നിർദേശപ്രകാരം ആറളം എസ്‌ഐ.യെ വിളിച്ചുവരുത്തി സംസാരിച്ചു. പ്രശ്നം ആർ.ഡി.ഒ.യുടെ പരിഗണനയ്ക്കുവിട്ട്, മക്കൾക്ക് നൽകിയ സ്വത്ത് തിരിച്ചുപിടിക്കുന്നതുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ കുത്തിയിരിപ്പുസമരം അവസാനിച്ചിച്ചു.

 

Top