ആലങ്കാരിക ഭാഷയില്‍ സുഹൃത്തിന് മെസ്സേജ് അയച്ചു; വിമാനം റാഞ്ചാന്‍ ശ്രമിച്ചതിന് പിടിയിലായി; ഇന്നലെ ജറ്റ് എയര്‍വേസില്‍ മലയാളിക്ക് സംഭവിച്ചത്

ജറ്റ് എയര്‍വേസിന്റെ വിമാനം റാഞ്ചാന്‍ ശ്രമിച്ചതിന് പോലീസ് പിടിയിലായ ക്ലിന്‍സ് ഇനി വിമാനത്തില്‍ സൂക്ഷിച്ച് മാത്രമേ ചാറ്റ് ചെയ്യൂ. ഒരിക്കലും ഹാപ്പി ബോംബെന്ന് പറയില്ല! നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. തൃശ്ശൂര്‍ സ്വദേശിയായ ക്ലിന്‍സ് വര്‍ഗീസ് യാത്ര ആരംഭിക്കാന്‍ തുടങ്ങിയപ്പോള്‍ മുംബൈയിലുള്ള സുഹൃത്തിനോട് ഫേസ്ബുക്ക് ചാറ്റിനിടയില്‍ സന്തോഷം സൂചിപ്പിക്കുന്നതിന്റെ ഭാഗമായി ഹാപ്പി ബോംബ് എന്ന് പറഞ്ഞു. പ്രശ്‌നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു.

വാക്കുകള്‍ കേട്ട ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ ‘ശരിക്കും ബോംബെന്നു’ വിചാരിച്ചു എല്ലാവരേയും അറിയിച്ചു. പിന്നെ വിമാനത്തിനുള്ളിലെ ജീവനക്കാര്‍ ഗ്രൗണ്ട് സ്റ്റാഫിനെ വിവരം അറിയിച്ചു. അവര്‍ സി ഐ എസ് എഫിനെയും ആഭ്യന്തര ടെര്‍മിനല്‍ മാനേജരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലിന്‍സിനെ വിമാനത്തില്‍നിന്ന് പുറത്തിറക്കുകയും ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു.

മുംബൈയില്‍ സ്ഥിര താമസക്കാരനായ ക്ലിന്‍സ് വര്‍ഗീസ് വീഡിയോ ജോക്കിയും അവതാരകനുമാണ്. തൃശ്ശൂരിലെ ഒരു കല്യാണച്ചടങ്ങില്‍ അവതാരകനായി സുഹൃത്തിനൊപ്പം എത്തിയതാണ് ക്ലിന്‍സ്. ആലങ്കാരിക ഭാഷയില്‍ വാചകങ്ങള്‍ കുറിച്ച് വീഡിയോ ഷൂട്ട് ചെയ്ത് സുഹൃത്തിന് അയക്കാന്‍ ആണ് ക്ലിന്‍സ് ശ്രമിച്ചത്.’സ്‌നേഹം കൊണ്ട് കീഴടക്കാം’ എന്ന അര്‍ത്ഥത്തില്‍ എഴുതിയ വാക്യത്തില്‍ ‘ഹൈജാക്’ എന്ന പ്രയോഗമാണ് ക്ലിന്‍സിന് വിനയായത്.

പിന്നീട് ക്ലിന്‍സിനെ പൊലീസിന് കൈമാറി.എന്‍.ഐ.എ. അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ എല്ലാം വ്യക്തമായത്. വിമാന സര്‍വീസിനെ ബാധിക്കുംവിധം അപകടകരമായ സൂചന നല്‍കിയതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.ഒടുവില്‍ സംഭവത്തിനു പിന്നാലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. 12.05 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒടുവില്‍ 2.02നാണ് പുറപ്പെട്ടത്

Latest