കണ്ണൂർ വിമാനത്താവള ഉദ്ഘാടനം: വെളിവാകുന്നത് ഭരണനേതൃത്വത്തിൻ്റെ ഇടുങ്ങിയ മനസ്- വി.എം.സുധീരൻ

കൊച്ചി:കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ കോൺഗ്രസ് നേതാക്കളെ ഷണിക്കാതിരുന്നത്തിൽ നിന്നും വെളിവാകുന്നത് ഭരണനേതൃത്വത്തിൻ്റെ ഇടുങ്ങിയ മനസാണ് എന്ന് വി എം സുധീരൻ .നിർണായകമായ ഇടപെടലുകളും ഫലപ്രദമായ പ്രവർത്തനങ്ങളും നടത്തിയിട്ടുള്ള മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെയും കേന്ദ്രമന്ത്രിയായിരുന്ന എ.കെ.ആൻ്റണിയെയും ക്ഷണിക്കുകയും അവരുടെ സാന്നിധ്യം ഉദ്ഘാടന വേളയിൽ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതായിരുന്നു എന്നും സുധീരൻ ഫെയിസ് ബുക്കിൽ കുറിച്ചു

പോസ്റ്റ് പൂർണ്ണമായി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമസ്ത കേരളീയർക്കും ആഹ്ലാദം പകർന്നുകൊണ്ട് കണ്ണൂർ വിമാനത്താവളത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നാളെ നിർവ്വഹിക്കപ്പെടുകയാണല്ലോ. നമുക്കെല്ലാം അഭിമാനകരമായ സന്ദർഭമാണിത്. കേരളത്തിൻ്റെ വികസനരംഗത്ത് പുത്തൻ ഉണർവ് നൽകാൻ ഈ മഹത്തായ സംരംഭത്തിനാകട്ടെ.പ്രളയാനന്തര കേരളത്തിൻ്റെ പുനർ നിർമ്മിതി പ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുനീക്കേണ്ട ഈ അവസരത്തിൽ കണ്ണൂർ വിമാനത്താവള ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പിൽ വന്ന പാകപ്പിഴകൾ നിർഭാഗ്യകരമായിപ്പോയി.

വികസന പ്രവർത്തനങ്ങളിൽ അനിവാര്യമായി ഉണ്ടാകേണ്ട ഐക്യത്തെ കുറിച്ച് നല്ലൊരു സന്ദേശം നൽകാൻ കഴിയുന്ന നല്ലൊരു സന്ദർഭമായിരുന്നു ഈ ഉദ്ഘാടന വേള. എന്നാൽ സംസ്ഥാന ഭരണനേതൃത്വം തെറ്റായ രീതിയിൽ കൈകാര്യം ചെയ്ത് അതിൻ്റെയെല്ലാം ശോഭ കെടുത്തുന്ന സാഹചര്യമാണുണ്ടാക്കിയത്.

കണ്ണൂർ വിമാനത്താവളത്തിൻ്റെ കാര്യത്തിൽ നിർണായകമായ ഇടപെടലുകളും ഫലപ്രദമായ പ്രവർത്തനങ്ങളും നടത്തിയിട്ടുള്ള മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെയും കേന്ദ്രമന്ത്രിയായിരുന്ന എ.കെ.ആൻ്റണിയെയും ക്ഷണിക്കുകയും അവരുടെ സാന്നിധ്യം ഉദ്ഘാടന വേളയിൽ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതായിരുന്നു.

എന്നാൽ, ഭരണനേതൃത്വത്തിൻ്റെ ഇടുങ്ങിയ മനസ് അതിനിടയാക്കിയില്ല എന്നത് അതീവ ദുഃഖകരമാണ്, പ്രതിഷേധാർഹവുമാണ്.ബന്ധപ്പെട്ട എല്ലാവരുടേയും പങ്കാളിത്തത്തോടെയാകണം ഇത്തരം മംഗളകാര്യങ്ങൾ നടത്തേണ്ടത്. അപ്രകാരം ചെയ്തിരുന്നെങ്കിൽ അത് എത്രയോ ഭംഗിയായേനെ.വികസനം എന്നത് ഒരു തുടർ പ്രക്രിയയാണ്. ഒരു മന്ത്രിസഭയുടെ കാലത്ത് തുടങ്ങുന്ന പദ്ധതികൾ പൂർത്തിയാകുന്നത് മറ്റൊരു മന്ത്രിസഭയുടെ കാലത്തായിരിക്കും. ഇടവേളകളിൽ വരുന്ന മന്ത്രിസഭകളുടെ പ്രവർത്തനങ്ങളും നിർണായകമായിരിക്കും.

കണ്ണൂർ വിമാനത്താവള നിർമ്മാണം സംബന്ധിച്ച് അതാത് കാലത്തെ മന്ത്രിസഭകളുടെ പ്രവർത്തനങ്ങൾ തമസ്കരിച്ച് എല്ലാം തങ്ങളുടേത് മാത്രമാണെന്ന് വരുത്തിത്തീർക്കാനുള്ള ഈ അമിത വ്യഗ്രത ഇതെല്ലാം കൈകാര്യം ചെയ്യുന്നവരുടെ അല്പത്തരമാണ് കാണിക്കുന്നത്. തികഞ്ഞ അനൗചിത്യപരവുമാണിത്.സംസ്ഥാന ഭരണ നേതൃത്വത്തിനു സംഭവിച്ച ഈ ഗുരുതരമായ വീഴ്ചയിൽ പരസ്യമായി തന്നെ മുഖ്യമന്ത്രി ഖേദം രേഖപ്പെടുത്തുന്നത് ഉചിതമായിരിക്കും. ഈ തെറ്റ് തിരുത്തപ്പെടണം.ഏകപക്ഷീയ തീരുമാനങ്ങളും ജനഹിതം മാനിക്കാത്ത നടപടികളുമാണ് വികസന മുന്നേറ്റത്തിന് വിഘാതമുണ്ടാക്കുന്നത്. ആ തിരിച്ചറിവ് ഇനിയെങ്കിൽ ഭരണകർത്താക്കൾക്ക് ഉണ്ടാകട്ടെ.

Top