സൗരയൂഥത്തിന് ഒരു കൂട്ടുണ്ട്; ഭൂമിയിൽ നിന്ന് 2500 പ്രകാശവർഷം അകലെ പുതിയ നക്ഷത്രസമൂഹം. ഇനി അറിയണം, അവിടെ ജീവനുണ്ടോ?

ലണ്ടൻ :ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ട് എന്ന സൂചന .ഒടുവിൽ നാസ ആ രഹസ്യം പുറത്തുവിട്ടു. നമ്മുടെ സൗരയൂഥത്തെപ്പോലെ വിദൂരതയിൽ മറ്റൊന്നു കൂടിയുണ്ട്. സൗരയൂഥത്തിന്റെ ഒരു മിനിയേച്ചർ മോഡൽ. അവിടെ ജീവനുണ്ടോ? അക്കാര്യം കണ്ടെത്താൻ ഇനി വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും നാസ പറയുന്നു. കാരണവുമുണ്ട്. ഗൂഗിളിന്റെ ആർടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ചുള്ള ബഹിരാകാശ ഗവേഷണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ ആയിരുന്നു ഇപ്പോൾ കഴിഞ്ഞത്. ഭൂമിക്കു പുറത്ത് ജീവനുണ്ടോയെന്നറിയാൻ വർഷങ്ങൾക്കു മുൻപ് അയച്ച കെപ്ലർ സ്പെയ്സ് ടെലസ്കോപ്പ് ഉപയോഗിച്ചു ശേഖരിച്ച ഡേറ്റയിൽ ഒരു ചെറിയ ഭാഗം വിശകലനം ചെയ്തപ്പോഴേക്കും ലഭിച്ചത് ഇത്രയും മികച്ച വിവരമാണെങ്കിൽ ഇനിയും എത്രയോ ഡേറ്റ ബാക്കി കിടക്കുന്നു. അതിനിടയിൽ എവിടെയെങ്കിലും ഭൂമിക്കു സമാനമായ ഗ്രഹമോ, അല്ലെങ്കിൽ ജീവൻ നിലനിൽക്കാനുള്ള സൗകര്യങ്ങളുള്ള ഉള്ള ഗ്രഹമോ ഉണ്ടെങ്കിൽ വളരെ എളുപ്പം കണ്ടെത്താം. അതിന്റെ ആദ്യപടി വിജയിച്ചതിന്റെ ആവേശമായിരുന്നു നാസയുടെ വാർത്താസമ്മേളനത്തിലും കണ്ടത്.

കെപ്ലർ–90 എന്ന നക്ഷത്രത്തെ ചുറ്റി ഒരു ഗ്രഹം കൂടിയുണ്ടെന്നാണ് ടെലസ്കോപ്പ് ഡേറ്റ പരിശോധിച്ചതിൽ നിന്നു കിട്ടിയ നിർണായക വിവരം–ആ നക്ഷത്രസമൂഹത്തിലെ എട്ടാമത്തെ ഗ്രഹം. പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടപ്പെട്ടതോടെ സൂര്യനു ചുറ്റും ഇപ്പോൾ എട്ടു ഗ്രഹങ്ങളാണ്. സമാനമായ സംവിധാനമാണ് കെപ്ലർ–90യെ ചുറ്റിയുള്ളതെന്നുമാണ് നാസയുടെ കണ്ടെത്തൽ. ഗൂഗിളിന്റെ എഐ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കൂടുതൽ കണ്ടെത്തലുകളിൽ സമാനമായ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഇനിയും നമുക്ക് മുന്നിലേക്കെത്താം എന്നും ഗവേഷകർ പറയുന്നു. ‘കെപ്ലർ 90 ഐ’ എന്നാണു പുതിയ ഗ്രഹത്തിന്റെ പേര്. സൗരയൂഥത്തെപ്പോലെത്തന്നെ ചെറുഗ്രഹങ്ങൾ നക്ഷത്രത്തിനു തൊട്ടടുത്തും വലിയ ഗ്രഹങ്ങൾ ദൂരെയുമാണ്. എന്നാൽ സൂര്യനും മറ്റു ഗ്രഹങ്ങളും തമ്മിലുള്ള ദൂരത്തേക്കാൾ കുറവാണ് കെപ്ലർ 90യും മറ്റു ഗ്രഹങ്ങളും തമ്മിൽ. ഇതാണ് സൗരയൂഥത്തിന്റെ ‘മിനിയേച്ചർ’ എന്നു വിശേഷിപ്പിക്കാനുള്ള കാരണം. എഐയുടെ ഭാഗമായ മെഷീൻ ലേണിങ്ങിൽ, ന്യൂറൽ നെറ്റ്‌വർക്കുകളാണ്, ഇവിടെ ഉപയോഗപ്പെടുത്തിയത്.kepler HERALD

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളിൽ നിന്നുള്ള ‘സിഗ്നലുകൾ’ പരിശോധിക്കുകയാണു കെപ്ലർ ടെലസ്കോപ്പിന്റെ പ്രധാന ജോലി. ആ ഡേറ്റ ഭൂമിയിലേക്കയയ്ക്കും. കഴിഞ്ഞ നാലു വർഷം കൊണ്ട് 35,000ത്തിലേറെ വ്യത്യസ്ത സിഗ്നലുകൾ കെപ്ലർ ടെലസ്കോപ്പ് ഭൂമിയിലേക്കയച്ചിട്ടുണ്ട്. ആർടിഫിഷ്യൽ ഇന്റലിജന്റ്സ് സോഫ്റ്റ്‌വെയറുകൾക്ക് നായയും പൂച്ചയും തമ്മിലുള്ള വ്യത്യാസം മനുഷ്യനാണു പ്രോഗ്രാം ചെയ്തു പഠിപ്പിക്കുക. സമാനമായ രീതിയിൽ ഗ്രഹങ്ങളിലെ പ്രകാശത്തിന്റെ ‘പാറ്റേണി’ലെ വ്യത്യാസം നോക്കിയായിരുന്നു കെപ്ലർ ഡേറ്റയും എഐ വിശകലനം ചെയ്തത്. ഇതിനു വേണ്ട മസ്തിഷ്കം, ന്യൂറൽ നെറ്റ്‌വർക്, ഗൂഗിളിലെ രണ്ടു ഗവേഷകർ തയാറാക്കിയെടുത്തു. 15,000ത്തിലേറെ സിഗ്നലുകൾ ഇത് പരിശോധിച്ചു. ഗ്രഹങ്ങളിൽ നിന്നു രൂപപ്പെടുന്ന പ്രകാശ പാറ്റേണുകളും മറ്റ് വസ്തുക്കളിൽ നിന്നുണ്ടാകുന്നവയും തിരിച്ചറിയാനുള്ള ശേഷി അങ്ങനെയാണ് എഐ ന്യൂറൽ നെറ്റ്‌വർക്കിനു ലഭിച്ചത്.

മനുഷ്യനെക്കൊണ്ട് അപഗ്രഥിച്ചെടുക്കാൻ പറ്റാത്ത വിവരങ്ങളാണ് എഐ എളുപ്പത്തിൽ നേടിയെടുത്തത്. വരുംകാലതലമുറയ്ക്ക് ഗൂഗിൾ എഐ ഉപയോഗിച്ച് കണ്ടെത്താൽ വൻ ‘നിധി’യാണ് കെപ്ലറിൽ നിന്നുള്ള ഡേറ്റയെന്നും നാസ ഗവേഷകരുടെ വാക്കുകൾ. ഭ്രമണത്തിനിടെ ഒരു നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹം കടന്നു പോകുമ്പോൾ അതിന്മേലുണ്ടാകുന്ന പ്രകാശവിന്യാസത്തിലെ വ്യത്യാസമാണ് കെപ്ലര്‍ പിടിച്ചെടുത്തത്. എഐ വഴി വിദൃദൂരഗ്രഹങ്ങളിലെ ഏറ്റവും സൂക്ഷ്മമായ ‘സിഗ്നലുകൾ’ പോലും വിശകലനം ചെയ്തെടുക്കാനായി. ഒപ്പം പ്രകാശ വിന്യാസത്തിന്റെ പാറ്റേണും പഠിച്ചെടുത്തതോടെ പുതിയ ഗ്രഹം ശാസ്ത്രത്തിന്റെ കണ്മുന്നിൽ തെളിഞ്ഞു വരികയായിരുന്നു.

670 നക്ഷത്രങ്ങളെ പരിശോധിച്ചതിനിടയിലാണ് രണ്ടു നക്ഷത്രങ്ങൾ നെറ്റ്‌വർക്കിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിലൊന്ന് കെപ്ലർ 90 ഐ, പിന്നൊന്ന് കെപ്ലർ 80 ജി. ഇതിൽ 90ഐയുടെ വിവരങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ പുതിയ ഗ്രഹത്തിൽ ‘അവസ്ഥ’ അൽപം പരിതാപകരമാണ്. മൊത്തം പാറക്കെട്ടുകളാണ്. ഒപ്പം അന്തരീക്ഷവും മോശം. ചൂടാണെങ്കിൽ പൊള്ളിക്കരിഞ്ഞു പോകും!! ഗ്രഹത്തിലെ ശരാശരി ഉപരിതല താപനില 800 ഡിഗ്രി ഫാരൻഹീറ്റെങ്കിലുമുണ്ടാകുമെന്നാണു നിഗമനം. ഭൂമിയിൽ നിന്ന് ഏകദേശം 2500 പ്രകാശവർഷം അകലെയാണ് പുതിയ നക്ഷത്രസമൂഹം. ഗ്രഹങ്ങളിൽ ഏറ്റവും കുഞ്ഞനും 90ഐ ആണ്. 14.4 ദിവസത്തിൽ ഒരിക്കലെന്ന കണക്കിനാണ് ഇത് തന്റെ ‘മാതൃനക്ഷത്ര’ത്തെ വലംവയ്ക്കുന്നത്.

Latest